ആന്‍ഡ്രോയിഡ് ഫോണുകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് Spotify ഉപയോക്താക്കള്‍. ആപ്പ് ഫ്രീസ് ആകുന്നെന്നും ചില സന്ദര്‍ഭങ്ങളിലും ക്രാഷ് ആകുന്നു എന്നുമാണ് ഉപയോക്താക്കള്‍ പരാതിപ്പെടുന്നത്. വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് ഭൂരിഭാഗവും പറയുന്നു. ആന്‍ഡ്രോയിഡിലെ Spotify ആപ്പിന്റെ മൊത്തത്തിലുള്ള പ്രകടനവും മോശമാണെന്നാണ് പരാതി. ആപ്പ് സ്ഥിരതയില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നാണ് പലരും പറയുന്നത്.

To advertise here,

അതിനിടെ, ആന്‍ഡ്രോയിഡ് ആപ്പില്‍ പ്രശ്നങ്ങളുണ്ടെന്ന് Spotify സമ്മതിച്ചിട്ടുണ്ട്. വൈ-ഫൈ നെറ്റ്‌വര്‍ക്കില്‍ ആപ്പ് പ്രവര്‍ത്തിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും മൊബൈല്‍ ഡാറ്റയില്‍ ഉപയോഗിക്കുമ്പോള്‍ ഇത് സംഭവിക്കുന്നില്ലെന്നും Spotify പറയുന്നു. ചില വൈഫൈ നെറ്റ്‌വര്‍ക്കുകളുമായി കണക്റ്റുചെയ്യുമ്പോള്‍ Spotify ആപ്പ് പ്രതികരണരഹിതമാവുകയോ, ഫ്രീസ് ആവുകയോ, ക്രാഷ് ആവുകയോ ചെയ്യുന്നതായി ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍നിന്നുളള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രധാനമായും സാംസങ്, ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലാണ് ഇത്. മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ലെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ എപ്പോള്‍ പരിഹാരമുണ്ടാക്കുമെന്ന് ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല.

അതിനിടെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അനുകരിക്കുന്ന തരത്തിലാണ് ഈ മ്യൂസിക് സ്ട്രീമിംഗ് ആപ്പ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നത്. സുഹൃത്തുക്കള്‍ അടക്കമുള്ളവര്‍ക്ക് നേരിട്ട് സന്ദേശങ്ങള്‍ അയയ്ക്കാനും സംഗീതമോ പോഡ്കാസ്റ്റുകളോ അവരുമായി പങ്കിടാനും ആപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. സൗജന്യ, പ്രീമിയം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ പരീക്ഷിക്കാന്‍ Spotify അവസരം നല്‍കുന്നു. മറ്റ് ആപ്പുകള്‍ ഉപയോഗിക്കാതെതന്നെ ഉള്ളടക്കം പങ്കിടാനുള്ള സൗകര്യമാണ് അവര്‍ ഒരുക്കുന്നത്.