യുപിഐ പേമെന്റ് സേവനങ്ങൾ ഇന്ത്യയിലാകമാനം സ്വീകാര്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ദൈനംദിന പണമിടപാട് ആവശ്യങ്ങൾക്കായി കറൻസി നോട്ടുകൾ ഉപയോഗിക്കുന്നതിന്റെ തോത് വളരെയധികം കുറഞ്ഞിട്ടുണ്ട്. യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. അടുത്തിടെ ഗൂഗിൾ പേയിൽ പോക്കറ്റ് മണി എന്നൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജസന്ദേശം വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പോക്കറ്റ് മണി സേവനം തട്ടിപ്പാണെന്നും അതിന്റെ ഐക്കണിൽ തൊട്ടാൽ ഉടൻ നഷ്ടമാകുമെന്നും അത് ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന മലയാളത്തിലുള്ള ഒരു ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് ആരാണ് അയച്ചതെന്ന് വ്യക്തമല്ല.
എന്നാൽ, ഈ സന്ദേശത്തിലെ ആരോപണങ്ങളിൽ കഴമ്പുണ്ടോ? എന്താണ് പോക്കറ്റ് മണി സേവനം?
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഐഡി ഇല്ലാത്തവർക്കും യുപിഐ പണമിടപാടുകൾ നടത്തുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പിൽ 'യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ' എന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. ഈ സംവിധാനം അടിസ്ഥാനമാക്കി ഗൂഗിൾ പേ അവതരിപ്പിച്ച ഫീച്ചറാണ് പോക്കറ്റ് മണി.
ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാൾക്ക് ഇടപാട് നടത്താനാവുന്ന ഫീച്ചർ ആണിത്. പ്രധാനമമായും കുട്ടികൾക്ക് അവരുടെ പഠന ചെലവുകൾക്ക് ആവശ്യമായ പണം നൽകാനും ഇടപാടുകൾ നടത്താനും ഇതുവഴി സാധിക്കും. ബന്ധുക്കൾക്കും വിശ്വസ്ഥർക്കും ജീവനക്കാർക്കുമെല്ലാം ഈ രീതിയിൽ ഇടപാട് നടത്താനുള്ള അനുമതി നിങ്ങൾക്ക് നൽകാം. നിങ്ങളോട് ഓരോ തവണയും പണം ചോദിക്കേണ്ടി വരുന്നത് ഒഴിവാക്കാം.
രണ്ട് രീതിയിൽ ഇതിൽ ഇടപാട് നടത്താം
- മുൻകൂട്ടി അനുമതി നൽകുക: നിങ്ങൾ ഒരു നിശ്ചിത തുക പരിധിയായി നിശ്ചയിച്ചു നൽകുന്നു. 15000 രൂപവരെ എത്രതുക വേണമെങ്കിലും നിങ്ങൾക്ക് പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളിൽ നിന്ന് അവർക്ക് ഓരോ തവണയും നിങ്ങളോട് ചോദിക്കാതെ തന്നെ പണം നൽകാം. എന്നാൽ ഒരു തവണ പരമാവധി ₹5,000 വരെ മാത്രമേ ഇങ്ങനെ അയക്കാൻ കഴിയൂ.
- ഓരോ തവണയും അനുമതി ആവശ്യം: സെക്കൻഡറി യൂസർ ഒരു പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വരും. നിങ്ങൾ അത് അംഗീകരിച്ചാൽ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.
ഇത് തട്ടിപ്പാണോ?
ഇത് തട്ടിപ്പാണെന്ന അവകാശവാദം ശരിയല്ല. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ആരോപിക്കുന്നയാൾക്ക് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടാവാം. ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഐക്കണിൽ ആദ്യമായി ടാപ്പ് ചെയ്യുന്നവർക്ക് അതിൽ സെക്കൻഡറി യൂസറെ ചേർക്കുന്നതിനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക. ആ നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ നിങ്ങൾ നിശ്ചയിക്കുന്നയാൾക്ക് ഇടപാടുകൾ നടത്താനാവൂ. അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ സാധ്യത ഒട്ടുമില്ല.
Content Highlights: The viral Malayalam voice message claiming Google Pay's new "Pocket Money" feature is a scam is false; it is actually a secure UPI Circle delegation feature by NPCI allowing users to share payment limits with trusted secondary users.
Published: 09 Apr 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented