നിര്‍മിതബുദ്ധി (എഐ) രംഗത്തെ മത്സരം ബഹിരാകാശത്തേക്ക്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററുകള്‍ 2027-ഓടെ തുറക്കുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. സൗരോര്‍ജം എഐക്ക് ഇന്ധനമാക്കാനും ഭൂമിയുടെ പാരിസ്ഥിതിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. പ്രോജക്റ്റ് സണ്‍ബാത്തര്‍ എന്ന ഈ പദ്ധതിയിലൂടെ എഐയുടെ വന്‍തോതിലുള്ള ഊര്‍ജ ഉപയോഗം അടക്കമുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും മെഷീന്‍ ലേണിങ് ഭൂമിക്കപ്പുറത്തേക്ക് വികസിപ്പിക്കന്‍ സാധിക്കുമെന്നുമാണ് ഗൂഗിള്‍ വിലയിരുത്തുന്നത്.

To advertise here,

ഡാറ്റാ സെന്ററുകള്‍ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് വെളിപ്പെടുത്തിയത്. ഭൂമിക്ക് പുറത്തേക്കും മെഷീന്‍ ലേണിങ് വ്യാപിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല സംരംഭത്തിന്റെ തുടക്കമാണിതെന്ന് ഗൂഗിള്‍ പറയുന്നു. ബഹിരാകാശത്തെ എഐ മത്സരത്തിന്റെ തുടക്കം എന്നാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

ഉപഗ്രഹങ്ങളുടെ സഹായത്തോടെ ചെറിയ മെഷീന്‍ റാക്കുകള്‍ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് പദ്ധതിയുടെ സാധ്യതാ പഠനം ആരംഭിക്കുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. 2027-ല്‍ ഗൂഗിള്‍ ആദ്യ ചുവടുവെപ്പ് നടത്തുമെന്നും ഒരു ദശകത്തിനുള്ളില്‍ ഭൂമിക്ക് പുറത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത് സാധാരണ സംഭവമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വിമര്‍ശകര്‍ ഉയര്‍ത്തുന്ന സമയത്താണ് ഗൂഗിളിന്റെ ബഹിരാകാശ പദ്ധതി സംബന്ധിച്ച പ്രഖ്യാപനം വരുന്നത്. എഐ ഡാറ്റാ സെന്ററുകള്‍ക്ക് ധാരാളം വൈദ്യുതി, വെള്ളം, അപൂര്‍വ ധാതുക്കള്‍ എന്നിവ ആവശ്യമായി വരും. കൂടാതെ ഗണ്യമായ ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഉണ്ടാകുകയും ഇ-വേസ്റ്റ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും. എന്നാല്‍ എഐയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഭൂമിക്ക് പുറത്തേക്ക് മാറ്റുന്നതിലൂടെ പാരിസ്ഥിതിക പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

2027 ഓടെ തങ്ങളുടെ ടിപിയു ചിപ്പുകള്‍ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പ്രതീക്ഷിക്കുന്നതായും പിച്ചൈ സ്ഥിരീകരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായാണ് കമ്പനി ഇതിനെ കാണുന്നത്.

നിര്‍മിതബുദ്ധിയുടെ രംഗത്ത് ഏറ്റവുംകൂടുതല്‍ പ്രധാന്യം നല്‍കപ്പെടുന്ന ഓപ്പണ്‍എഐയെപ്പോലും ഞെട്ടിച്ചുകൊണ്ട് ഗൂഗിളിന്റെ ജെമിനി 3 വന്‍ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ സംബന്ധിച്ച ഗൂഗിളിന്റെ പ്രഖ്യാപനം. ജെമിനി 3 ന്റെ മുന്നേറ്റം ഓപ്പണ്‍ എഐയുടെ നിലനില്‍പ്പിനുപോലും ഭീഷണിയാണെന്ന തരത്തിലുള്ള മുന്നറിയിപ്പ് സിഇഒ സാം ആള്‍ട്ട്മാന്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. നിര്‍മിതബുദ്ധിയുടെ വരവ് ഗൂഗിളിന്റെ അടിത്തറ ഇളക്കിയേക്കുമെന്ന ആശങ്കകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ജെമിനി 3 വന്‍ മുന്നേറ്റം നടത്തിയത്.

ശക്തമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം എഐയുടെ പാരിസ്ഥിതിക സ്വാധീനം ഗുരുതരമായേക്കാമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാങ്കേതികവിദ്യ വന്‍തോതില്‍ വിന്യസിക്കുന്നതിന് മുമ്പ് ഭൂമിയില്‍ എഐയുടെ മൊത്തത്തിലുള്ള സ്വാധീനം പോസിറ്റീവാണന്ന് ഉറപ്പാക്കണമെന്ന് യുഎന്‍ഇപി ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ സാലി റാഡ്വാന്‍ പറഞ്ഞിരുന്നു.