ജെമിനി ചാറ്റ്ബോട്ടിന്റെ ജനപ്രീതി വർധിക്കുന്നതിന് വലിയ പങ്കുവഹിച്ച എഐ മോഡലാണ് നാനോ ബനാന. ലളിതമായ നിർദേശങ്ങളിൽ അതിമനോഹരവും യാഥാർഥ്യമെന്ന് തോന്നുന്നതുമായ ചിത്രങ്ങൾ നിർമിക്കുന്ന നാനോ ബനാന സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ നാനോ ബനാനയുടെ രണ്ടാം പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജെമിനി 3.1 ഫ്‌ലാഷ് ഇമേജ് എന്ന പേരിലും ഈ മോഡൽ അറിയപ്പെടും.
നാനോ ബനാനയുടെ ആദ്യ പതിപ്പിന്റെ ഇമേജ് എഡിറ്റിങ് കഴിവുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ, പരിഷ്‌കരിച്ചെത്തിയ നാനോ ബനാന പ്രോ ചിത്രങ്ങളിലെ എഴുത്തുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ കൃത്യമായി ജനറേറ്റ് ചെയ്യുന്നതിലും സ്റ്റുഡിയോ ഗുണമേന്മയിൽ ചിത്രങ്ങൾ നിർമിക്കുന്നതിലും കഴിവുള്ള ഒന്നായിരുന്നു. ഈ രണ്ട് മോഡലുകളുടെയും കഴിവുകൾ സമ്മേളിക്കുന്നതിനൊപ്പം തത്സമയ ലോകവിവരങ്ങളും ബുദ്ധിസാമർഥ്യവുമുള്ളതാണ് നാനോ ബനാന 2.
അതായത് നമ്മൾ നൽകുന്ന നിർദേശം അനുസരിച്ച് ചിത്രങ്ങൾ നിർമിക്കുമ്പോൾ, വെബിൽനിന്നുള്ള തത്സമയ ലോക വിവരങ്ങളും ചിത്രങ്ങളും ഇതിന് ഉപയോഗപ്പെടുത്താനാവും. ഗൂഗിളിന്റെ ഏറ്റവും വേഗമേറിയ ഇമേജ് ജനറേഷൻ ടൂൾ കൂടിയാണിത്.
തത്സമയ ലോകവിവരവും ബുദ്ധിസാമർഥ്യവും അതിവേഗത്തിൽ പ്രവർത്തിക്കാനുള്ള കഴിവും സമ്മേളിക്കുന്നു എന്നതാണ് നാനോ ബനാന 2-നെ വേറിട്ടതാക്കുന്നത്. ഉപയോക്താവ് വിവരിക്കുന്നത് മനസ്സിലാക്കാനും അതിൽ പ്രസക്തമായ ദൃശ്യപശ്ചാത്തലം തിരിച്ചറിയാനും കൂടുതൽ വ്യക്തതയുള്ളതും വായിക്കാനാവുന്ന കൃത്യമായ എഴുത്തുകളോടുകൂടിയുള്ളതുമായ യഥാർഥമെന്ന് തോന്നുന്ന സ്ഥിരതയുള്ള ചിത്രങ്ങൾ നിർമിക്കാനും ഇതിന് സാധിക്കും. ജെമിനി എഐ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
മെച്ചപ്പെട്ട ക്രിയേറ്റീവ് കൺട്രോൾ ആണ് നാനോ ബനാന 2-ൽ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നത്. ഒരൊറ്റ വർക്ക് ഫ്‌ലോയിൽ അഞ്ച് കഥാപാത്രങ്ങളുടെ വരെ രൂപഭാവങ്ങളിൽ സ്ഥിരത നിലനിർത്താനും 14 വസ്തുക്കളുടെ വരെ വിശദാംശങ്ങൾ കൃത്യമായി നിലനിർത്താനും ഈ മോഡലിന് സാധിക്കും.
അതായത് ഒരു ചിത്രകഥയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങൾ നിർമിക്കുകയാണ് എന്നിരിക്കട്ടെ, ഓരോ തവണ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് ചിത്രങ്ങൾ നിർമിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ മുഖവും മറ്റ് വസ്തുക്കളിലും മാറ്റമില്ലാതെ സ്ഥിരത പുലർത്താൻ നാനോ ബനാനയ്ക്ക് സാധിക്കും. ഈ കഴിവ് മറ്റ് പല സാഹചര്യങ്ങളിലും ഉപയോഗപ്പെടും.
ഉപയോക്താവ് വിവരിക്കുന്ന കാര്യങ്ങളുമായി ചിത്രം കൃത്യമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, വിശദമായ നിർദേശങ്ങൾ കൂടുതൽ സൂക്ഷ്മമായി നാനോ ബനാന 2 പിന്തുടരുമെന്നും കമ്പനി അവകാശപ്പെടുന്നു. 512 പിക്‌സൽ മുതൽ 4K വരെയുള്ള വിവിധ ആസ്‌പെക്റ്റ് റേഷ്യോകളും റെസല്യൂഷനുകളും ഇത് പിന്തുണയ്ക്കും.
ജെമിനി ആപ്പ്, ഗൂഗിൾ സെർച്ചിന്റെ എഐ മോഡ്, ഗൂഗിൾ ലെൻസ്, ഗൂഗിൾ ഫ്‌ലോ വീഡിയോ ടൂൾ എന്നിവയിൽ ഈ ടൂൾ ലഭ്യമാണ്. ലളിതമായി പറഞ്ഞാൽ, ഇമേജ് ജനറേഷനും എഡിറ്റിങ്ങും എല്ലാവർക്കും വേഗത്തിലും എളുപ്പത്തിലും സാധ്യമാക്കുന്ന അത്യാധുനിക എഐ ഗ്രാഫിക് ടൂളാണ് നാനോ ബനാന 2.
Content Highlights: Google Launches Nano Banana 2: Create Studio-Quality AI Images Faster Than Ever
Published: 27 Feb 2026, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented