ഗൂഗിൾ മാപ്‌സിൽ 'Ask Maps' എന്ന പുതിയ AI- ഫീച്ചർ വൈകാതെ എത്തിയേക്കും. ഉപയോക്താക്കൾക്ക് ലൊക്കേഷൻ, വഴികൾ, മാപ്പ് സംബന്ധമായ മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് ടെക്സ്റ്റ് വഴി ആശയവിനിമയം നടത്താൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. Ask Maps ഫീച്ചർ നിലവിൽ വികസിപ്പിക്കുന്ന ഘട്ടത്തിലാണെന്ന് ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് Google Maps ആപ്പിലെ സെർച്ച് ബാറിന് താഴെ Ask Maps ദൃശ്യമാകും. അവിടെ ജെമിനിയുമായി ബന്ധിപ്പെട്ട സ്പാർക്ക് ഐക്കണും 'Ask Maps' എന്ന ലേബലും ഉണ്ടാകും. ഇത് ടാപ്പ് ചെയ്താൽ ജെമിനിക്ക് സമാനമായ ഒരു സ്‌ക്രീനും ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയുന്ന ഒരു ടെക്സ്റ്റ് ബോക്‌സും തുറക്കപ്പെടും. ഇതിലൂടെയാവും ഗൂഗിൾ മാപ്‌സിനോട് ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാനാകുക.

ഈ ഫീച്ചർ എത്തുന്നതോടെ യത്രയ്ക്കിടെ ഉപയോക്താക്കൾക്ക് വളരെ എഴുപ്പത്തിൽ വിവരങ്ങൾ ലഭിക്കും. സ്ഥലങ്ങൾ, വഴികൾ, യാത്രാമാർഗ്ഗങ്ങൾ, മറ്റ് മാപ്പ് സംബന്ധമായ വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യങ്ങൾ ലളിതമായ ടെക്സ്റ്റിലൂടെ ചോദിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. Google Maps ഡാറ്റ ഉപയോഗിച്ചാവും ചോദ്യങ്ങൾക്ക് ചാറ്റ്‌ബോട്ട് ഉത്തരം നൽകുക. യാത്ര ആസൂത്രണം ചെയ്യുന്നതോ സ്ഥലങ്ങൾ കണ്ടെത്തുന്നതോ ഈ ഫീച്ചർ വളരെ അനായാസമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Ask Maps ഒരു പരീക്ഷണ ഓപ്ഷനായാവും ആദ്യം പുറത്തിറക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിന്റെ സെറ്റിങ്‌സിൽ പുതിയ ഫീച്ചറുകൾ പരീക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ആദ്യഘട്ടത്തിൽ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമേ ഈ ഫീച്ചർ പരീക്ഷിക്കാൻ അനുമതി ലഭിക്കൂ എന്നാണ് സൂചന. ഇത്തരം ടെസ്റ്റിങ് സമയങ്ങളിൽ കാണപ്പെടുന്ന ഫീച്ചറുകൾ എല്ലായ്‌പ്പോഴും കമ്പനികൾ പുറത്തിറക്കണമെന്നില്ല. പുറത്തിറങ്ങുന്നതിന് മുമ്പ് മാറ്റങ്ങൾക്ക് വിധേയമായേക്കാം. Ask Maps നെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഗൂഗിൾ ഇതുവരെ നടത്തിയിട്ടില്ല.