
ലോകത്തെ ആകമാനം മാറ്റിമറിച്ചിരിക്കുകയാണ് നിർമിത ബുദ്ധി. പല മേഖലകളിൽ അത് സ്വാധീനമുണ്ടാക്കുന്നതിനൊപ്പം തൊഴിൽ രംഗത്തെ വലിയ രീതിയിൽ അത് ബാധിച്ചുകഴിഞ്ഞു. ആയിരക്കണക്കിനാളുകളെയാണ് വൻകിട കമ്പനികൾ ഓരോ വർഷവും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. നിർമിത ബുദ്ധിയിലേക്കുള്ള കമ്പനികളുടെ പരിവർത്തനമാണ് ഈ പിരിച്ചുവിടലുകൾക്ക് കാരണമെന്നാണ് പറയപ്പെടുന്നത്.
എന്നാൽ, നിർമിത ബുദ്ധിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പേരിൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസ്. എഐ കാരണം തൊഴിൽ നഷ്ടപ്പെടുന്നു എന്ന വാദം കമ്പനികളുടെ 'ഭാവനാശൂന്യതയും' ദീർഘവീക്ഷണമില്ലായ്മയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സങ്കീർണമായ കോഡിങ് ജോലികൾ കൈകാര്യം ചെയ്യാനാകുന്ന ജെമിനി 3.5 ഫ്ളാഷ് എന്ന പുതിയ എഐ മോഡൽ ഗൂഗിൾ ഐഒ കോൺഫറൻസ് വേദിയിൽവെച്ച് ഹസാബിസ് പുറത്തിറക്കിയിരുന്നു. എന്നാൽ ഈ മോഡൽ കോഡർമാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലേക്ക് നയിക്കില്ലെന്ന നിലപാടാണ് ഹസാബിസിന്. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് ഹസാബിസ് വയേർഡിന് നൽകിയ പ്രതികരണം.
ചിലപ്പോൾ കമ്പനികൾ എഐയെ ഒരു കാരണമായി പറയുന്നതായിരിക്കാം, ഒരുപക്ഷേ അത്തരം സന്ദേശങ്ങൾ പുറത്തുവിടുന്നതിനു പിന്നിൽ ഫണ്ട് കണ്ടെത്തുന്നതിനോ മറ്റോ ഉള്ള എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടാകാം.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും മുൻപ് സമാനമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. കമ്പനികൾ എഐയെ പിരിച്ചുവിടലിനുള്ള ഒരു ഒഴിവുകഴിവായി ഉപയോഗിക്കുന്നതിനെ 'എഐ വാഷിംഗ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എഐ കാരണം ആളുകളെ പിരിച്ചുവിടുന്നതിന് പകരം, എഐ ടൂളുകൾ ഉപയോഗിച്ച് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലാണ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എഐ ഉപയോഗിച്ച് എഞ്ചിനീയർമാർക്ക് മൂന്നോ നാലോ ഇരട്ടി കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, കൂടുതൽ പുതിയ പ്രോജക്റ്റുകൾ ചെയ്യാൻ അവരെ ഉപയോഗിക്കണം എന്നതാണ് ഗൂഗിളിന്റെയും ഡീപ്‌മൈൻഡിന്റെയും നിലപാട്.
എഐ മുഴുവൻ തൊഴിലുകളും ഇല്ലാതാക്കില്ല എന്ന് പറയുമ്പോഴും, എൻട്രി ലെവൽ (ജൂനിയർ തലത്തിലുള്ള) ജോലികളെ എഐ ബാധിച്ചേക്കാമെന്ന് ഈ വർഷം ആദ്യം നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഹസ്സാബിസ് സൂചിപ്പിച്ചിരുന്നു.
അടുത്തകാലത്ത് വൻകിടകമ്പനികൾ കൂട്ടപിരിച്ചുവിടലുകൾ നടത്തിയിരുന്നു. ആമസോൺ, ഒറാക്കിൾ, സിസ്കോ പോലുള്ള കമ്പനികൾ അക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ഹസാബിസിന്റെ പ്രസ്താവന പ്രസക്തമാവുന്നത്.
Content Highlights: Google DeepMind CEO Demis Hassabis has strongly criticized tech companies for using Artificial Intelligence as an excuse for mass layoffs, calling it a lack of imagination and foresight.
Published: 22 May 2026, 10:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented