നിർമിത ബുദ്ധി രംഗത്ത് കടുത്ത മത്സരം നിലനിൽക്കെ ഗൂഗിളിന്റെ എഐ വിഭാഗത്തിൽനിന്ന് മുൻനിര ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പുറത്തേക്ക്. ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ്മൈൻഡിന്റെ ചീഫ് ഡെമിസ് ഹസ്സാബിസ് തന്റെ പ്രധാന സിഇഒ ചുമതലകൾ ഒഴിയുന്നതിനൊപ്പം ജെഫ് ഡീൻ, സഞ്ജയ് ഘേമാവത്, ഓറിയോൾ വിന്യാൽസ്, ക്വോക്ക് ലെ തുടങ്ങിയ മുൻനിര എഐ വിദഗ്ധർ കമ്പനി വിട്ടു.

To advertise here,

ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജെമിനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പതിപ്പ് ഇതുവരെ ലഭ്യമാകാത്തത് നിക്ഷേപകർക്കിടയിൽ മുറുമുറുപ്പ് ഉയർത്തിയിരിക്കെയാണ് ഗൂഗിളിന്റെ എഐ വിഭാഗത്തിൽ ഇങ്ങനെ ഒരു കൊഴിഞ്ഞുപോക്ക് എന്നത് ശ്രദ്ധേയമാണ്. ഈ അപ്രതീക്ഷിത നേതൃമാറ്റവും കൊഴിഞ്ഞുപോക്കും പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ നാലു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഡീപ്പ്മൈൻഡ് സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും ഡെമിസ് ഹസ്സാബിസ് കമ്പനിയിൽ തന്നെ തുടരും. ഇനി മുതൽ ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റായി അദ്ദേഹം പ്രവർത്തിക്കും ഒപ്പം ചെയർമാൻ സ്ഥാനത്തേക്ക് മാറുകയും ചെയ്യും. അദ്ദേഹത്തിന് പകരം ഡീപ്പ്മൈൻഡിന്റെ ചീഫ് ടെക്നോളജി ഓഫീസറായ കൊറേ കവുക്ചുവോഗ്ലു ദൈനംദിന ചുമതലകൾ ഏറ്റെടുക്കും. സീനിയർ വൈസ് പ്രസിഡന്റ് എന്ന സ്ഥാനമായിരിക്കും അദ്ദേഹത്തിന്.

വിട്ടുപോകുന്നത് ഗൂഗിളിന്റെ എഐ ശക്തിയുടെ നെടുംതൂണുകൾ

ഗൂഗിളിന്റെ സാങ്കേതിക വളർച്ചയ്ക്കും നിർമിത ബുദ്ധി വിപ്ലവത്തിനും അടിത്തറയിട്ട പ്രധാന വ്യക്തികളിൽ ഒരാളാണ് ജെഫ് ഡീൻ. 2011-ൽ ആരംഭിച്ച ഗൂഗിളിന്റെ എഐ ഗവേഷണസ്ഥാപനമായ ഗൂഗിൾ ബ്രെയിനിന്റെ സഹസ്ഥാപകനും ജെമിനി മോഡലിന് പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയുമാണ് ഇദ്ദേഹം. 1999-ലാണ് ഡീൻ ഗൂഗിളിലെത്തിയത്.

കമ്പനിയുടെ ഭൂരിഭാഗം കമ്പ്യൂട്ടിങ്, സെർച്ച് ഇൻഫ്രാസ്ട്രക്ചറുകളും രൂപകൽപ്പന ചെയ്ത സഞ്ജയ് ഘേമാവതും 27 വർഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങുന്നത്. ഡീപ്പ്മൈൻഡിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റും ജെമിനിയുടെ സാങ്കേതിക നേതൃത്വവുമായിരുന്ന ഓറിയോൾ വിന്യാൽസും, എഐ ഉൽപ്പന്നങ്ങൾ സ്വയം നിർമിക്കുന്ന 'AutoML-Zero' പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞനായ ക്വോക്ക് ലെയും ഇവർക്കൊപ്പം ചേർന്നതോടെ ഗൂഗിളിന്റെ എഐ ശക്തിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കമ്പനി വിട്ടവർ പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു, എന്താണ് ‘ഡിസ്കവറി ലൂപ്പ്’?

അതേസമയം ഗൂഗിളിന്റെ മുൻനിര എഐ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമായിരുന്ന ജെഫ് ഡീൻ, സഞ്ജയ് ഘേമാവത്, ഓറിയോൾ വിന്യാൽസ്, ക്വോക്ക് ലെ എന്നിവർ കമ്പനി വിട്ട് 'ഡിസ്കവറി ലൂപ്പ്' (Discovery Loop) എന്ന പേരിൽ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചു. ഇവരെ നഷ്ടപ്പെടാതിരിക്കാൻ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള തീരുമാനത്തിൽ ഇവർ ഉറച്ചുനിൽക്കുകയായിരുന്നു.

മെഷീൻ ലേണിങ്, ശാസ്ത്രം, എൻജിനീയറിങ് മേഖലകളിലെ ഗവേഷണങ്ങളിലാകും ഈ പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പുതിയ സംരംഭത്തിൽ ഗൂഗിളും നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഡിസ്കവറി ലൂപ്പിന് നൽകുന്നതിനും ധാരണയായിട്ടുണ്ട്. പ്രമുഖ എഐ നിക്ഷേപകനായ വിനോദ് ഖോസ്ലയുടെ 'ഖോസ്ല വെഞ്ചേഴ്സ്', 'റാഡിക്കൽ വെഞ്ചേഴ്സ്' എന്നിവരും ഈ സംരംഭത്തിൽ നിക്ഷേപകരായുണ്ട്. ജെഫ് ഡീൻ തന്നെയാണ് ഈ പുതിയ സംരംഭത്തിന്റെ സിഇഒ പദവി വഹിക്കുന്നത്.

പ്രതിഭകളായ എഐ വിദഗ്ധരുടെ ഈ കൊഴിഞ്ഞുപോക്ക് ഗൂഗിളിന് വലിയൊരു തിരിച്ചടിയായിട്ടുണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ മോഡലായ 'ജെമിനി'യുടെ ഫ്ലാഗ്ഷിപ്പ് പതിപ്പ് ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്നിട്ടും ഇതുവരെ റിലീസ് ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഇത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

മുൻപ് ജെമിനിയുടെ വികസനത്തിന് നേതൃത്വം നൽകിയിരുന്ന പ്രമുഖ ശാസ്ത്രജ്ഞൻ നോം ഷാസീർ കഴിഞ്ഞ ജൂണിൽ എതിരാളികളായ ഓപ്പൺഎഐയിലേക്ക് ചേക്കേറിയിരുന്നു. കൂടാതെ, 2024-ൽ ഡെമിസ് ഹസ്സാബിസിനൊപ്പം നോബൽ സമ്മാനം നേടിയ ഡീപ്പ്മൈൻഡിലെ പ്രമുഖ ശാസ്ത്രജ്ഞൻ ജോൺ ജമ്പറും അടുത്തിടെ ആന്ത്രോപിക്കിലേക്ക് മാറി.

ഓപ്പൺഎഐയും ആന്ത്രോപിക്കും പുതിയ മുന്നേറ്റങ്ങളുമായി മുന്നേറുമ്പോൾ വിലകുറഞ്ഞ ചൈനീസ് ഓപ്പൺ സോഴ്സ് മോഡലുകളും ഗൂഗിളിനെ എഐ മത്സരത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതിനിടെ, പ്രമുഖ ശാസ്ത്രജ്ഞരുടെ ഈ കൂട്ടത്തോടെയുള്ള പടിയിറക്കം കമ്പനിക്ക് ഇരട്ട പ്രഹരം കൂടിയായിട്ടുണ്ട്.