
സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ് ചാറ്റ് ജിപിടി ഉണ്ടാക്കുന്ന ജിബ്‌ലി സ്‌റ്റൈല്‍ ചിത്രങ്ങള്‍. ജാപ്പനീസ് അനിമേഷന്‍ സ്റ്റുഡിയോയായ ജിബ്‌ലി സ്‌റ്റൈല്‍ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ചാറ്റ് ജിപിടിയിലെത്തിയതോടെ പ്രൊഫൈല്‍ ചിത്രങ്ങളിലും മീമുകളിലും എന്തിന് സിനിമകളുടെ പോസ്റ്റര്‍ പോലും ജിബ്‌ലി സ്‌റ്റൈല്‍ ആയിരിക്കുകയാണ്. തങ്ങള്‍ക്കാവശ്യമായ ജിബ്‌ലി സ്റ്റൈല്‍ ചിത്രം ജനറേറ്റ് ചെയ്യാനുള്ള ഉപഭോക്താക്കളുടെ തള്ളിക്കയറ്റം മൂലം ഓപ്പണ്‍ എഐ സെര്‍വറുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.
ജിബ്‌ലി തരംഗം ശക്തമായി തുടരുന്നതിനിടെ ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്ട്മാന്റെ എക്‌സ് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. 'ഭീകരമായാണ്' ഉപഭോക്താക്കള്‍ എത്തുന്നത് എന്ന് പറഞ്ഞ ഓള്‍ട്ട്മാന്‍, തങ്ങളുടെ ടീമിന് ഉറക്കം വേണമെന്നും നിങ്ങള്‍ എല്ലാവരും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുന്നത് ഒന്ന് സാവധാനമാക്കൂ എന്നും എക്‌സില്‍ കുറിച്ചു.
'നിങ്ങള്‍ക്കെല്ലാവര്‍ക്കും ദയവായി ചിത്രങ്ങള്‍ ജനററേറ്റ് ചെയ്യുന്നത് ഒന്ന് സാവധാനമാക്കാമോ? ഇത് ഭീകരമാണ്. ഞങ്ങളുടെ ടീമിന് ഉറക്കം വേണം.' -ഇതാണ് സാം ഓള്‍ട്ട്മാന്റെ എക്‌സ് പോസ്റ്റ്. തമാശരൂപത്തിലാണ് സാം ഓള്‍ട്ട്മാന്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
ജിബ്‌ലി സ്‌റ്റൈല്‍ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാന്‍ അനിയന്ത്രിതമായി ആളുകളെത്തിയതോടെ ചാറ്റ് ജിപിടിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ഉപഭോക്താക്കള്‍ വന്‍തോതില്‍ എത്തിയതോടെ സെര്‍വറില്‍ ലോഡ് വര്‍ധിച്ചതായി സാം ഓള്‍ട്ട്മാന്‍ തന്നെയാണ് എക്‌സിലൂടെ അറിയിച്ചത്. പ്രശ്‌നം പരിഹരിക്കാനായി ചാറ്റ് ജിപിടിയില്‍ ഇമേജ് ജനറേഷന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
'ചാറ്റ് ജിപിടിയിലെ ചിത്രങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ഏറെ ആനന്ദകരമാണ്. പക്ഷെ ഞങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഉരുകുകയാണ്. ഫീച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ഞങ്ങള്‍ താത്കാലികമായി ചില റേറ്റ് ലിമിറ്റുകള്‍ കൊണ്ടുവരികയാണ്.' -ഇതാണ് കഴിഞ്ഞദിവസം ഓള്‍ട്ട്മാന്‍ പറഞ്ഞത്. സൗജന്യ ഉപഭോക്താക്കള്‍ക്ക് ദിവസേന മൂന്ന് ചിത്രങ്ങള്‍ എന്ന രീതിയില്‍ ഫീച്ചര്‍ ഉപയോഗിക്കാനാകുമെന്നും ഓള്‍ട്ട്മാന്‍ പറഞ്ഞിരുന്നു. അതേസമയം പകര്‍പ്പാവകാശ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജിബ്‌ലി ശൈലിയിലുള്ള ചിത്ര നിര്‍മാണം ചാറ്റ് ജിപിടി നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Sam Altman Says OpenAI Team "Needs Sleep" As Ghibli-Style AI Art Goes Viral
Published: 30 Mar 2025, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented