ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്‌ക് തന്റെ നിർമിതബുദ്ധി കമ്പനിയായ xAI-യുടെ ഡാറ്റാ സെന്ററുകൾക്ക് സമീപമുള്ള 418 വീടുകൾ വിലയ്ക്കുവാങ്ങാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഒരു റെസിഡൻഷ്യൽ പ്രദേശത്ത് തന്റെ ഡാറ്റാ സെന്ററിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാൽ വീടുകൾ വിലയ്ക്ക് വാങ്ങുന്നതിന് ഒരു ഉപാധി മസ്‌ക് മുന്നോട്ടുവെച്ചിട്ടുണ്ട്. ഡാറ്റാ സെന്ററിന് സമീപത്തുള്ള പവർ പ്ലാന്റിൽ നിന്നുള്ള ശബ്ദ മലിനീകരണത്തിനെതിരെ പ്രദേശവാസികൾ നൽകിയ കേസിൽ ഈ വീട്ടുകാർ കക്ഷിയാകരുത് എന്നതാണ് വ്യവസ്ഥ.

To advertise here,

മിസിസിപ്പിയിലെ സൗത്ത്‌ഹേവനിലുള്ള കൊളോണിയൽ ഹിൽസ് എന്ന പ്രദേശത്തെ താമസക്കാരെ xAI-ക്ക് വേണ്ടി റിയൽ എസ്റ്റേറ്റ് ഏജന്റുമാർ നിരന്തരം സന്ദർശിക്കുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു. കമ്പനി 418 വീടുകൾ വാങ്ങാൻ ലക്ഷ്യമിടുന്നുണ്ടെന്നും 18 വീട്ടുടമകൾ വിൽക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരം നീക്കങ്ങൾ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഒക്ടോബർ 9 മുതൽ xAI-യുടെ ഉപസ്ഥാപനമായ MZX അഞ്ച് വീടുകൾ വാങ്ങിയിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു.

ഗ്രോക്ക് എഐ ചാറ്റ് ബോട്ടിന് പിന്തുണ നൽകുന്നതിനുള്ള മൂന്ന് ഡേറ്റാ സെന്ററുകളാണ് മസ്‌ക് ഈ പ്രദേശത്ത് നിർമിച്ചിട്ടുള്ളത്. പ്രദേശത്തെ 400-ലധികം വീടുകൾ വിലയ്ക്കുവാങ്ങി xAI ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കാനാണ് മസ്‌കിന്റെ നീക്കം എന്നാണ് പുറത്തുവരുന്ന വിവരം.

ഡാറ്റാ സെന്ററുകൾക്ക് വൈദ്യുതി നൽകുന്ന ഗ്യാസ് ടർബൈനുകൾ തുടർച്ചയായി കടുത്ത ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി. വിമാനത്തിന്റെ എൻജിന്റേതിന് സമാനമാണ് ഉച്ചത്തിലുള്ള ശബ്ദമെന്ന് അവർ പറയുന്നു. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി ഈ വർഷം ജൂണിലാണ് പ്രദേശവാസികൾ കേസ് ഫയൽ ചെയ്തത്.