
Representational Image | Photo: Gettyimages
സെര്‍ച്ച് റിസല്‍ട്ടുകളില്‍ മാധ്യമ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങളെ തരംതാഴ്ത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളും അവയുടെ ഉള്ളടക്കങ്ങളും തരംതാഴ്ത്തുമ്പോള്‍ തന്നെ വാണിജ്യ പങ്കാളികളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു.
സെര്‍ച്ച് റിസല്‍ട്ടില്‍ മാധ്യമ ഉള്ളടക്കങ്ങള്‍ ന്യായമായും വിവേചനരഹിതമായും പരിഗണിക്കാന്‍ ഗൂഗിളിന്റെ സ്പാം വിരുദ്ധ നയങ്ങള്‍ തടസമാകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് ചീഫ് തെരേസ റിബേര പറഞ്ഞു. 'വ്യവസായത്തിന് പ്രതിസന്ധി നേരിടുന്ന ഒരു സമയത്ത് വാര്‍ത്താ പ്രസാധകര്‍ക്ക് പ്രധാനപ്പെട്ട വരുമാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ അന്വേഷണം നടത്തും,' റിബേര പറഞ്ഞു.
യുഎസ് ടെക്ക് കമ്പനികളെ ലക്ഷ്യമിടുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഈടാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി നിലനില്‍ക്കെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് നിയമം അടിസ്ഥാനമാക്കി യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ അനന്തരഫലം എതിരാണെങ്കില്‍ അതിന്റെ പ്രത്യാഘാതം യൂറോപ്യന്‍ യൂണിയനിലെ 27 ഓളം രാജ്യങ്ങളില്‍ കമ്പനി അനുഭവിക്കേണ്ടിവരും.
എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും, അന്വേഷണം അനാവശ്യമാണെന്നുമാണ് ഗൂഗിളിന്റെ പ്രതികരണം. ഇത് തെറ്റായ ആളുകള്‍ക്കേ ഗുണം ചെയ്യൂവെന്നും സെര്‍ച്ച് റിസല്‍ട്ടിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുമെന്നും ഗൂഗിള്‍ ചീഫ് സൈന്റിസ്റ്റ് പാണ്ഡു നായക് ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.
മാധ്യമപ്രസാധകരുടെ മികച്ച റാങ്കിങ് പ്രയോജനപ്പെടുത്തി ഗുണനിലവാരം കുറഞ്ഞ ഉള്ളടക്കങ്ങളില്‍ ക്ലിക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന സ്പാമര്‍മാരില്‍ നിന്ന് സംരക്ഷണം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു.
ഗൂഗിളിന്റെ ആന്റി സ്പാം നയം മാധ്യമ പ്രസാധകരെ സംബന്ധിച്ചിടത്തോളം സുതാര്യമാണോ എന്ന് യൂണിയന്‍ പരിശോധിക്കും. ഈ സംവിധാനത്തെ ആകമാനം യൂണിയന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ നയം പ്രസാധകര്‍ക്ക് അവരുടെ വെബ്സൈറ്റുകളും ഉള്ളടക്കവും ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്നതിനുള്ള പൊതുവായതും നിയമാനുസൃതവുമായ മാര്‍ഗങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടോ എന്നാണ് യൂറോപ്യന്‍ കമ്മീഷന്റെ സംശയം.
വലിയ രീതിയില്‍ പരസ്യവരുമാനം കുറയുകയും ഉപഭോക്താക്കള്‍ വ്യാപകമായി വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന സമയത്ത് സ്പാമില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ശ്രമം മാധ്യമവെബ്‌സൈറ്റുകളെ ബാധിക്കുന്നുണ്ടോ എന്ന് യൂറോപ്യന്‍ യൂണിയന്‍ സംശയിക്കുന്നു. 12 മാസങ്ങള്‍ക്ക് ശേഷമായിരിക്കും അന്വേഷണം പൂര്‍ത്തിയാക്കുക.
Content Highlights: European Union launches investigation into Google over suspicion of down-ranking media content in search results while favoring commercial partners.
Published: 13 Nov 2025, 10:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented