നിർമിത ബുദ്ധി സാങ്കേതികവിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയും, ആ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ ശക്തിയാർജിക്കുകയും ചെയ്യുകയാണ്. അതേസമയം തന്നെ എഐ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള ഡാറ്റാ സെന്ററുകൾ ഉയർത്തുന്ന വലിയ പാരിസ്ഥിതിക വെല്ലുവിളികൾ ഇതിനകം ചർച്ചയാകുന്നുമുണ്ട്. എന്നാൽ യുഎസിന്റെ എഐ മുന്നേറ്റങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നതിനായി ചൈനയിൽ നിന്ന് സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. ഡാറ്റാ സെന്ററുകൾക്കും, എഐ സാങ്കേതികവിദ്യയ്ക്കുമെതിരെ പ്രചാരണം നടത്തിവന്ന ചൈനീസ് ബോട്ട് ശൃംഖല തങ്ങൾ തകർത്തുവെന്നാണ് എക്സിന്റെ വെളിപ്പെടുത്തൽ.
ഏകദേശം 2,00,000 വ്യാജ അക്കൗണ്ടുകൾ അടങ്ങുന്ന ഒരു വലിയ ശൃംഖലയാണ് എക്സ് തിരിച്ചറിഞ്ഞത്. ഇതിൽ ഇരുന്നൂറോളം അക്കൗണ്ടുകൾ എഐ ഡാറ്റാ സെന്ററുകൾക്കെതിരായ പ്രചാരണങ്ങളിൽ നേരിട്ട് പങ്കാളികളായിരുന്നുവെന്നും എക്സ് വ്യക്തമാക്കി.
എഐ ഡാറ്റാ സെന്ററുകൾ സാധാരണക്കാരായ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു, അതിവേഗം വളരുന്ന ഡാറ്റാ സെന്ററുകൾ പവർ ഗ്രിഡിന് അമിതഭാരമുണ്ടാക്കുന്നു ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഈ ബോട്ട് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചത്. ഈ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കാർട്ടൂൺ രൂപത്തിലുള്ള ചിത്രങ്ങളും ഇവർ ഉപയോഗിച്ചിരുന്നു.
ആഗോളതലത്തിൽ ഡാറ്റാ സെന്ററുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകളും എതിർപ്പുകളും മുതലെടുത്ത് എഐയിൽ മേൽക്കൈ നേടാനുള്ള ചൈനീസ് ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രചാരണങ്ങളെന്ന് എക്സ് ആരോപിക്കുന്നു. യുഎസിലെ എഐ മുന്നേറ്റത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും തദ്ദേശീയമായ എതിർപ്പ് വർധിപ്പിക്കുകയും ആ സമയം കൊണ്ട് എഐ രംഗത്ത് ചൈനയ്ക്ക് മേൽക്കൈ നേടുകയുമായിരുന്നു ഈ പ്രചാരണങ്ങളുടെ പിന്നിലെ പ്രധാന ലക്ഷ്യമെന്ന് വിദഗ്ധർ വിലയിരുത്തി.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ സഹസ്ഥാപനമാണ് എഐ കമ്പനിയായ സ്പേസ്എക്സ് എഐ. ഡാറ്റാ സെന്ററുകൾക്കെതിരായ പ്രചാരണം കമ്പനിയുടെ വളർച്ചയ്ക്കും വെല്ലുവിളിയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സാഹചര്യത്തിൽക്കൂടിയാവാം അത്തരം പ്രചാരണങ്ങളെ തടയാനുള്ള സജീവമായ നടപടി കമ്പനി സ്വീകരിച്ചുവരുന്നത്. ഓപ്പൺഎഐയും സമാനമായ രീതിയിൽ എഐ ഡാറ്റാ സെന്ററുകളെ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന ചൈനീസ് അനുകൂല സംഘത്തെ കണ്ടെത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു.
Content Highlights: Social media platform X has successfully dismantled a massive Chinese bot network of nearly 200,000 accounts that was actively spreading misinformation against US AI data centers in an organized attempt to slow down American advancements in artificial intelligence.
Published: 30 Aug 2026, 09:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented