താനെ: മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ ആമസോണിന്റെ പുതിയ ഡാറ്റാ സെന്റർ പദ്ധതിക്കെതിരേ താനെ നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. ‘വേക്ക് അപ്പ് താനെക്കർ’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം. താനെയിലെ ബാൽക്കം പ്രദേശത്ത് 53 ഏക്കർ ഭൂമിയിൽ ഏകദേശം 47,000 കോടി രൂപ മുതൽമുടക്കിലാണ് ആമസോൺ ഡാറ്റാ സർവീസസ് നിർമിക്കുന്നത്. എന്നാൽ, വിദ്യാലയങ്ങളും ആശുപത്രികളും ഫ്ലാറ്റുകളും നിറഞ്ഞ ഈ ഭാഗത്ത് ഇത്തരമൊരു പദ്ധതി വരുന്നത് പരിസ്ഥിതിയെയും ജനങ്ങളുടെ ജീവിതനിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

To advertise here,

ഡാറ്റാ സെന്ററിലെ യന്ത്രങ്ങൾ തണുപ്പിക്കാനായി ഏകദേശം 80,000 എയർ കണ്ടീഷണറുകൾ സ്ഥാപിക്കുന്നത് ബാൽക്കം, ധോക്ലി തുടങ്ങിയ പ്രദേശങ്ങളിൽ വലിയ തോതിൽ ചൂട് വർധിപ്പിക്കുമെന്നും ഇത് ഒരു 'ഹീറ്റ് ഐലൻഡ്' സൃഷ്ടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. കൂടാതെ, തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കാൻ സ്ഥാപിക്കുന്ന 190-ഓളം ഡീസൽ ജനറേറ്ററുകളിൽനിന്നുള്ള ശബ്ദവും പുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഏകദേശം 420 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ള ഈ പദ്ധതി പ്രാദേശിക വൈദ്യുതി വിതരണത്തെ ബാധിക്കുമെന്നും പവർ കട്ടിന് കാരണമാകുമെന്നും താമസക്കാർ പരാതിപ്പെടുന്നു.

അതേസമയം, പ്രതിഷേധക്കാരുടെ പരാതികൾക്ക് ആമസോൺ അധികൃതർ മറുപടി നൽകിയിട്ടുണ്ട്. ഡാറ്റാ സെന്റർ തണുപ്പിക്കുന്നതിനായി പ്രാദേശിക കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കില്ലെന്നും പകരം എയർ-കൂളിങ് സാങ്കേതികവിദ്യയാണ് പ്രയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സ്വന്തമായി പ്രത്യേക സബ്സ്റ്റേഷൻ നിർമിക്കുമെന്നും ഇത് പ്രാദേശിക വൈദ്യുതി ഗ്രിഡിനെ ബാധിക്കില്ലെന്നും ആമസോൺ അറിയിച്ചു.

ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഇൻസുലേഷൻ സംവിധാനങ്ങൾ ഒരുക്കുമെന്നും താപനില നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ അധികൃതരുടെ വിശദീകരണങ്ങളിൽ തൃപ്തരല്ലെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികൾ അറിയിച്ചു.