ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയാ സേവനമായ എക്‌സ്. ഉയര്‍ന്ന ഗുണമേന്മയുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്ന ടിവി ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് എക്‌സ്. എക്‌സ് സിഇഒ ലിന്‍ഡ യക്കരിനോയാണ് എക്‌സ് ആപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. യൂട്യൂബിന് സമാനമായ യൂസര്‍ ഇന്റര്‍ഫേസ് ആണ് എക്‌സ് ടിവി ആപ്പിനും. 

To advertise here,

ചെറിയ സ്‌ക്രീനില്‍ നിന്ന് വലിയ സ്‌ക്രീനിലേക്ക് വരുമ്പോള്‍ എക്‌സ് എല്ലാം മാറ്റുകയാണ്. താമസിയാതെ ഞങ്ങള്‍ തത്സമയവും ആകര്‍ഷകവുമായ ഉള്ളട
ക്കങ്ങള്‍ എക്‌സ് ടിവി ആപ്പിലൂടെ നിങ്ങളുടെ സ്മാര്‍ട് ടിവികളിലെത്തിക്കും. ഇത് വലിയ സ്‌ക്രീനില്‍ ഉയര്‍ന്ന നിലവാരമുള്ള മികച്ച വിനോദ അനുഭവം നല്‍കുന്ന പങ്കാളിയാവും. ഇപ്പോഴും ഇതിന്റെ നിര്‍മാണത്തിലാണ് ഞങ്ങള്‍. യക്കരിനോ പറഞ്ഞു. എക്‌സ് ആപ്പില്‍ എന്തെല്ലാം ഉണ്ടാകുമെന്ന വിവരങ്ങളും യക്കരിനോ പങ്കുവെച്ചു.

ജനപ്രിയ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രെന്‍ഡിങ് വീഡിയോ അല്‍ഗൊരിതം, ഉപഭോക്താക്കളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് എഐയുടെ സഹായത്തോടെ ക്രമീകരിക്കുന്ന വീഡിയോകള്‍, ഫോണിലും ടിവിയിലും മാറി മാറി വീഡിയോ ആസ്വദിക്കാന്‍ ക്രോസ് ഡിവൈസ് എക്‌സ്പീരിയന്‍സ്, ഉള്ളടക്കങ്ങള്‍ തിരയാനുള്ള മെച്ചപ്പെട്ട വീഡിയോ സെര്‍ച്ച് ഫീച്ചര്‍, മൊബൈല്‍ ഫോണുകളില്‍ നിന്ന് വീഡിയോ കാസ്റ്റ് ചെയ്യാനുള്ള സൗകര്യം, ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ എക്‌സ് ആപ്പില്‍ ഉണ്ടാകുമെന്നും ഭൂരിഭാഗം സ്മാര്‍ട് ടിവികളിലും ഇത് ലഭിക്കുമെന്നും യക്കരിനോ പോസ്റ്റില്‍ പറഞ്ഞു. 

മുന്‍നിര വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിനെ വെല്ലുവിളിക്കുകയാണ് എക്‌സിന്റെ ലക്ഷ്യമെന്ന് യക്കരിനോ പങ്കുവെച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. യൂട്യൂബിലെ പോലെ തന്നെ എക്‌സ് ആപ്പില്‍ ഉയര്‍ന്ന നിലവാരമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാനും അതില്‍ നിന്ന് വരുമാനമുണ്ടാക്കാനും ഉപഭോക്താക്കള്‍ക്ക് സാധിച്ചേക്കും.