പരിമിതമായ സൗകര്യങ്ങളോടു കൂടിയ ലളിതമായ ജീവിതമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പല അഭിമുഖങ്ങളിലും മസ്‌ക് പറഞ്ഞിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് | File Photo - AFP
ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ ഒരു ട്രില്യണ്‍ (1,000,000,000,000) ഡോളറിന്റെ ശമ്പള പാക്കേജിന് കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. ചരിത്രത്തില്‍ ഇതുവരെ ഒരു കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവിനും ലഭിക്കാത്ത ശമ്പളമാണിത്. ലോകത്തെ പട്ടിണി അവസാനിപ്പിക്കാന്‍ ഈ തുക പര്യാപ്തമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ മൂന്ന് എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് വാങ്ങാനും ഈ തുക മതി.
വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് മസ്‌ക്. വ്യവസ്ഥകളോടെയുള്ള ഒരു ട്രില്യണ്‍ ഡോളറിന്റെ ശമ്പള പാക്കേജ് അദ്ദേഹത്തിന്റെ ആസ്തികള്‍ കുതിച്ചുയരാന്‍ ഇടയാക്കും. ആഡംബര ജീവിതം നയിക്കാത്ത മസ്‌ക് ഈ പണം എങ്ങനെ ചെലവഴിക്കുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
കോടീശ്വരന്മാരെപ്പോലെ ആഡംബര ജീവിതം നയിക്കാത്ത മസ്‌ക്
പരിമിതമായ സൗകര്യങ്ങളോടു കൂടിയ ലളിതമായ ജീവിതമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് പല അഭിമുഖങ്ങളിലും മസ്‌ക് പറഞ്ഞിട്ടുണ്ട്. ആഡംബര മാളികകള്‍, വിലകൂടിയ ഭക്ഷണം എന്നിങ്ങനെ സമ്പന്നര്‍ ആസ്വദിക്കുന്ന പല കാര്യങ്ങള്‍ക്കും വേണ്ടി പണം ചെലവഴിക്കുന്നത് അദ്ദേഹം ഒഴിവാക്കുന്നു എന്നാണ് അവകാശവാദം.
സ്വന്തമായി വീടില്ലെന്നും സുഹൃത്തിന്റെ വീട്ടിലെ ഒഴിഞ്ഞുകിടക്കുന്ന കിടപ്പുമുറിയിലാണ് ഉറങ്ങുന്നതെന്നും 2021-ല്‍ ഒരു അഭിമുഖത്തില്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ഒരു കോടീശ്വരനെപ്പോലെ ജീവിക്കുന്നില്ലെന്നും പലപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ നിലവാരത്തിലാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും മസ്‌കിന്റെ മുന്‍ പങ്കാളിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഗ്രൈംസ് 2022-ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കിടക്ക കീറിയിട്ടും പുതിയതൊന്ന് വാങ്ങാന്‍ വിസമ്മതിച്ചു. ഒരു സുരക്ഷയുമില്ലാതെ 40,000 ഡോളറിന്റെ (ഇന്നത്തെ 35,45,580 രൂപ) വീട്ടില്‍ താമസിച്ച കാര്യവും വെളിപ്പെടുത്തിയിരുന്നു.
ചൊവ്വയ്ക്കും ഭൂമിക്കും വേണ്ടി സമര്‍പ്പിച്ച ജീവിതം
ഇത്രകണ്ട് പിശുക്കനായ മസ്‌ക് തന്റെ ഒരു ട്രില്യണ്‍ ഡോളര്‍ ശമ്പളം ഉപയോഗിച്ച് ആഡംബര വസതികളോ ബംഗ്ലാവുകളോ വാങ്ങാന്‍ സാധ്യതയില്ലെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. 2020-നും 2021-നും ഇടയില്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായിരുന്ന തന്റെ ഏഴ് വസതികള്‍ 100 മില്യണ്‍ ഡോളറിന് മസ്‌ക് വിറ്റിരുന്നു. ലേഡി ഗാഗ, ജെന്നിഫര്‍ ആനിസ്റ്റണ്‍, ടെയ്‌ലര്‍ സ്വിഫ്റ്റ് തുടങ്ങിയ ഹോളിവുഡ് താരങ്ങളുടെയും പ്രശസ്തരുടെയും താമസസ്ഥലമായ ബെല്‍-എയര്‍ എന്ന സ്ഥലത്തായിരുന്നു ഈ വസതികള്‍.
ചൊവ്വയ്ക്കും ഭൂമിക്കും വേണ്ടി ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു എന്ന് മസ്‌ക് ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. 11 മക്കള്‍ക്കും മുന്‍ പങ്കാളികള്‍ക്കുമായി ടെക്‌സാസില്‍ 35 മില്യണ്‍ ഡോളറിന് (295 കോടി രൂപ) 14,400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കോമ്പൗണ്ട് അദ്ദേഹം രഹസ്യമായി വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ഔദ്യോഗികമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേയൊരു വീട് ഇതാണെന്നാണ് സൂചന.
വിന്റേജ് കാറുകളും സ്വകാര്യ ജെറ്റുകളും
ആഡംബര വസതികള്‍ വാങ്ങുന്നത് മസ്‌കിന് താത്പര്യമുള്ള കാര്യമല്ലെങ്കിലും ആഡംബര കാറുകള്‍, ജെറ്റുകള്‍, മറ്റു വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനായി അദ്ദേഹം ചെലവഴിച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
മസ്‌കിന് എന്തിനോടെങ്കിലും പ്രത്യേക താത്പര്യമുണ്ടെങ്കില്‍ അത് അസാധാരണ സവിശേഷതകളുള്ള വാഹനങ്ങളോടാണ്. അന്തര്‍വാഹിനിയായി മാറാന്‍ കഴിയുന്ന ഒരു കാര്‍ അദ്ദേഹത്തിനുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്നസ്വകാര്യ ജെറ്റുകളുടെ ശേഖരവും അദ്ദേഹത്തിനുണ്ട്. വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട ആദ്യത്തെ വിലകുറഞ്ഞ വാഹനമായ 20-ാം നൂറ്റാണ്ടിലെ ഫോര്‍ഡ് മോഡല്‍ ടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. 1967-ലെ ജാഗ്വാര്‍ ഇ-ടൈപ്പ് റോഡ്സ്റ്റര്‍, 1997-ലെ മക്‌ലാരന്‍ എഫ്1, വില്‍പ്പനയ്ക്കെത്തിയ ആദ്യത്തെ ടെസ്‌ല മോഡലായ ടെസ്ല റോഡ്സ്റ്റര്‍ എന്നിവയും അദ്ദേഹത്തിനുണ്ടായിരുന്നു.
2018-ല്‍ ടെസ്‌ല റോഡ്സ്റ്റര്‍ 'സ്റ്റാര്‍മാന്‍' എന്ന് പേരിട്ട ഒരു മനുഷ്യരൂപത്തിനൊപ്പം സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും സവിശേഷമായ കാര്‍ 1977-ലെ ജെയിംസ് ബോണ്ട് ചിത്രമായ 'ദി സ്‌പൈ ഹൂ ലവ്ഡ് മീ'യില്‍ ഉപയോഗിച്ച 1976-ലെ ലോട്ടസ് എസ്പ്രിറ്റാണ്. സിനിമയില്‍, 'വെറ്റ് നെല്ലി' എന്ന് വിളിപ്പേരുള്ള ഈ കാറിന് അന്തര്‍വാഹിനിയായി മാറാന്‍ കഴിയുമായിരുന്നു. ഏകദേശം ഒരു മില്യണ്‍ ഡോളറിന് ലേലത്തിലാണ് ഈ കാര്‍ സ്വന്തമാക്കിയത്.
വിമര്‍ശനം നേരിട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
വിന്റേജ് കാറുകളും ജെറ്റുകളും സ്വന്തമാക്കുന്നതിന് പുറമെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍, മസ്‌കിന്റെ ഇത്തരത്തിലുള്ള സംഭാവനകള്‍ വലിയ നികുതിയിളവുകള്‍ നേടാനും സ്വന്തം ബിസിനസുകളെ സഹായിക്കാനും മാത്രമാണെന്ന വിമര്‍ശനങ്ങളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പല സംഭാവനകളും അദ്ദേഹവുമായി ബന്ധമുള്ള സംഘടനകള്‍ക്കാണ് പോയതെന്ന് മസ്‌ക് ഫൗണ്ടേഷന്റെ നികുതി രേഖകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Tesla CEO Elon Musk`s record $1 trillion pay package sparks curiosity. Discover his spending habits, from simple living to unique vehicle collection.
Published: 08 Nov 2025, 05:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented