സാമൂഹിക മാധ്യമങ്ങളിൽ വൈറലായി ഗൂഗിൾ സിഇഓ സുന്ദർ പിച്ചൈയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിക്കുന്ന വീഡിയോ. പ്രമുഖ ടെക് കമ്പനി മേധാവികളുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പിച്ചൈയ്ക്കുമേൽ പ്രശംസ ചൊരിഞ്ഞത്. അധികം ആർക്കും അത്ര പരിചയമില്ലാത്ത (ടെക് മേഖലയിലെ) 'രാക്ഷസൻ' എന്നാണ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

To advertise here,

സംഭവം ഇങ്ങനെ

വൈറ്റ് ഹൗസിന്റെ ഗേറ്റ്‌വേയിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് സംസാരിക്കവെയാണ് സംഭവമുണ്ടായത്. മാധ്യമങ്ങളോട് സംസാരിക്കാൻ സുന്ദർ പിച്ചെയെ ട്രംപ് ക്ഷണിച്ചു. ‘സുന്ദർ, താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ?’ - ട്രംപ് ചോദിച്ചു. ‘ആദ്യമായി നന്ദി’ എന്നു പറഞ്ഞുകൊണ്ട് പിച്ചൈ സംസാരിക്കാൻ തുടങ്ങി. എന്നാൽ സംസാരം തടസപ്പെടുത്തിക്കൊണ്ട് ട്രംപ് ഇടപെടൽ നടത്തി. 'ഇവർ ആരാണെന്ന് നിങ്ങൾക്ക് യാതൊരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും വലിയ ആളുകളാണിവർ. ഇവർ ആരാണെന്ന് നിങ്ങൾക്ക് യാതൊരു നിശ്ചയവുമില്ല. 'ഈയാൾ (സുന്ദർ പിച്ചെ) ഒരു രാക്ഷസനാണ്, പക്ഷേ ആർക്കും അദ്ദേഹത്തെ അറിയില്ല.' ട്രംപ് പറഞ്ഞു.

സുന്ദർ പിച്ചെയെപ്പോലെയുള്ള ടെക് മേധാവികൾ ദിവസവും മാധ്യമങ്ങളോട് സംസാരിക്കേണ്ട കാര്യമില്ലെന്നും അവർ മികച്ച ജീവിതമാണ് നയിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. 'എന്തൊരു ജീവിതം! ഒരു രാക്ഷസനായിരിക്കുക, എന്നാൽ വളരെ നിശബ്ദനായിരിക്കുക' ട്രംപ് പറഞ്ഞു. തുടർന്ന് ട്രംപ് പിച്ചെയുടെ അടുത്തേക്ക് വന്ന് മാധ്യമങ്ങളെ അദ്ദേഹത്തിന്റെ പേര് ഓർമ്മിപ്പിച്ചു. 'നിങ്ങൾ അറിയേണ്ടത് സുന്ദർ എന്ന് മാത്രമാണ്. സുന്ദർ എന്നതാണ് അദ്ദേഹത്തിന്റെ പേര്. ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ പരാമർശങ്ങളോട് സുന്ദർ പിച്ചൈ പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ഇന്നത്തെ കാലത്ത് ടെക് കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അപാരമായ ശക്തിയേയും അധികാരത്തെയുമാണ് ട്രംപിന്റെ 'രാക്ഷസൻ' പരാമർശം സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

സൂക്ഷിക്കണം അമോദെയിയോട് ട്രംപ്

ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയിയേയും അദ്ദേഹം തമാശ രൂപേണ പരിഹസിച്ചു. അദ്ദേഹം (ഡാരിയോ അമോദെയി) പറഞ്ഞതെല്ലാം ശരിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ട്രംപ് 'സൂക്ഷിക്കണം' എന്ന മുന്നറിയിപ്പും നൽകി.

എഐ മുന്നേറ്റം വളരെ അപകടകരമായ രീതിയിലാണെന്നും അതിന്റെ വേഗം കുറയ്ക്കണമെന്നും ഡാരിയോ അമോദെയി ആവശ്യമുന്നയിച്ചിരുന്നു. ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാനും ഇലോൺ മസ്‌കും അടക്കമുള്ളവർ ആ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാൽ എഐയെക്കുറിച്ച് ഉയരുന്ന ആശങ്കകളും എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ആവശ്യവും ശുദ്ധ തട്ടിപ്പാണെന്നാണ് ട്രംപ് പറയുന്നത്.