ന്യൂഡൽഹി: ഓൺലൈൻ വാർത്താപോർട്ടലായ 4 പി.എം. ന്യൂസിന്റെ യുറ്റ്യൂബ് ചാനലിന് വിലക്കേർപ്പെടുത്തിയതിൽ കേന്ദ്രസർക്കാരിനും ഗൂഗിളിനും നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. ഐ.ടി., ഇലക്ട്രോണിക്സ് മന്ത്രാലയത്തോടാണ് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവ് മറുപടി തേടിയത്. വാർത്താപോർട്ടൽ നൽകിയ ഹർജിയിലാണ് നടപടി.

To advertise here,

84 ലക്ഷത്തോളം സബ്സ്ക്രൈബർമാരുള്ള തങ്ങളുടെ യുറ്റ്യൂബ് ചാനൽ സർക്കാർ ഇടപെടലിനുപിന്നാലെയാണ് ഇന്ത്യയിൽ വിലക്കിയിരിക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. ചാനലിനും 26 വീഡിയോകൾക്കും മാർച്ചിലാണ് വിലക്കുവന്നത്. എന്നാൽ, ഇതിന് ഗൂഗിളോ മന്ത്രാലയമോ ഔദ്യോഗികമായി കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാർ പറയുന്നു. നോട്ടീസ് നൽകാതെയാണ് നടപടിയെടുത്തത്. മാത്രമല്ല വിലക്കുമായി ബന്ധപ്പെട്ട രേഖകൾ തേടിയെങ്കിലും രഹസ്യസ്വഭാവമുള്ളതെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചു. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെന്നും ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുതരുന്ന ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ പറയുന്നു.

ദേശീയ സുരക്ഷയും പൊതുസമാധാനവും ചൂണ്ടിക്കാട്ടിയാണ് മാർച്ച് 12-ന് കേന്ദ്ര സർക്കാർ '4 പി.എം. ന്യൂസ്' (4PM News) എന്ന യുറ്റ്യൂബ് ചാനൽ ഇന്ത്യയിൽ തടഞ്ഞത്. സർക്കാരിനെതിരെയുള്ള തന്റെ നിശിത വിമർശനങ്ങളാണ് ഈ വിലക്കിന് കാരണമെന്ന് ചാനലിന്റെ എഡിറ്ററായ സഞ്ജയ് ശർമ ആരോപിച്ചിരുന്നു. ഇറാനിയൻ പ്രൊഫസറായ അബ്ബാസുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, സുഹൃദ്‌രാഷ്ട്രമായ ഇറാനോട് ഇന്ത്യൻ സർക്കാർ എന്തിനാണ് ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നത് എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതാകാം പുതിയ വിലക്കിന് പ്രകോപനമായതെന്നാണ് ശർമ വിശ്വസിക്കുന്നത്.

ചാനലിന് നേരെ ഇതിനു മുൻപും പല തവണ നടപടികൾ ഉണ്ടായിട്ടുണ്ട്. 26 സാധാരണക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഭീകരർ എങ്ങനെ ആ പ്രദേശത്ത് പ്രവേശിച്ചു എന്ന് തന്റെ വീഡിയോകളിലൂടെ ചോദിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷവും ഈ ചാനൽ പൂട്ടിച്ചിരുന്നതായാണ് ശർമ പറയുന്നത്. തുടർന്ന് ആദായനികുതി വകുപ്പിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി.) പരാതികൾ നൽകി. ഒടുവിൽ വിഷയം സുപ്രീം കോടതിയിൽ എത്തിയപ്പോഴാണ് സർക്കാർ ഉത്തരവ് പിൻവലിച്ചതും ചാനൽ പുനഃസ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.