തിരുവനന്തപുരം: NISAR വിക്ഷേപണം ചരിത്രപരമായ നേട്ടമാണെന്ന് ഐഎസ്ആര്‍ഓ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍. CSIR-NIIST സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  NISAR വിക്ഷേപണ വാഹനം രൂപകല്‍പ്പന ചെയ്യുന്നതില്‍ ഇന്ത്യയിലെ വിദഗ്ധര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇന്ത്യ ഇന്ന് വികസിത രാഷ്ട്രങ്ങളോടൊപ്പം തുല്യ പങ്കാളിത്തത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കഴിഞ്ഞ അഞ്ചു ദശകങ്ങളിലായി ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യ അതുല്യ പുരോഗതിയാണ് കൈവരിച്ചത്. ഈ മുന്നേറ്റം ആഗോള ശക്തികളെപ്പോലും ആകര്‍ഷിക്കുന്നതാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ മുതൽ  മാലിന്യങ്ങളില്‍ നിന്ന് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്നതുവരെ CSIR കൈക്കൊണ്ട ശ്രമങ്ങള്‍ അദ്ദേഹം പ്രശംസിച്ചു.

CSIR-NIIST ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി പ്രശസ്ത ശാസ്ത്രജ്ഞരായ ഡോ. രാമാനുജ് നാരായണ്‍ (ഡയറക്ടര്‍, CSIR-IMMT, ഭുവനേശ്വര്‍), ഡോ. സന്ദീപ് ഘോഷ് ചൗധരി (ഡയറക്ടര്‍, CSIR-NML), പ്രൊഫ. യു. കമാച്ചി മുതലി, ഡോ. അനുപം അഗ്നിഹോത്രി എന്നിവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡോ. ശ്രീജകുമാരി നന്ദിപ്രസംഗം നടത്തി.