ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍-ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്പ്‌ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി) 'നെക്സ്റ്റ് ജെനറേഷന്‍ ഫുഡ് ടെക്‌നോളജീസ്: പ്രൊസസിങ് ഫോര്‍ എ സസ്‌റ്റൈനബിള്‍ ടുമാറോ' എന്ന വിഷയത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഭക്ഷ്യരംഗത്തുള്ള മുന്‍നിര ശാസ്ത്രജ്ഞര്‍, നയരചന വിദഗ്ധര്‍, അക്കാദമിക് സമൂഹം, വ്യവസായ പ്രതിനിധികള്‍ എന്നിവരെ ഒന്നിച്ചു കൊണ്ടുവന്ന് സുസ്ഥിരവും നൂതനവുമായ ഭക്ഷ്യഭാവിക്കായി ചര്‍ച്ചകള്‍ നടത്തിയ പ്രധാന പ്ലാറ്റ്‌ഫോം ആയിരുന്നു ഇത്.

To advertise here,

കോണ്‍ക്ലേവിന്റെ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന കോടഗു യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ അശോക് എസ്. അലൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 'അടുത്തതല ഭക്ഷ്യ പ്രോസസിങ് ശാസ്ത്രീയ പുരോഗതിയോടൊപ്പം തന്നെ നമ്മുടെ ഭക്ഷ്യവ്യവസ്ഥയെ കൂടുതല്‍ ശുദ്ധമാക്കാനും സുസ്ഥിരമാക്കാനും സഹായിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.

സിഎസ്‌ഐആര്‍-സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. ശ്രീദേവി അന്നപൂര്‍ണ സിങ്, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (എഫ്എസ്എസ്എഐ) അഡൈസര്‍ ഡോ. അല്‍കാ റാവു എന്നിവര്‍ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു.

ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കാന്‍ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ആവശ്യമാണെന്ന് ഡോ. സിങ് പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ എങ്ങനെ നൂതന ഭക്ഷ്യ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഡോ. റാവു വിശദീകരിച്ചു.

ശാസ്ത്രം സമൂഹത്തിന് ലഭ്യമായ പരിഹാരങ്ങളായി മാറ്റുന്നതാണ് സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയുടെ ലക്ഷ്യമെന്ന് പരിപാടിയില്‍ സ്വാഗതപ്രസംഗം നടത്തിയ സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. സംരംഭശേഷിയുള്ള ശാസ്ത്ര സാങ്കേതികവിദ്യകളും വ്യവസായ സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യപരമായ ഭാവിയെ ലക്ഷ്യം വച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മില്ലറ്റ് അടിസ്ഥാനമാക്കിയുള്ള, പ്രകൃതിദത്ത പ്രോട്ടീനില്‍ സമൃദ്ധമായ 'ന്യൂട്രി ബാര്‍' ഉത്പന്നത്തിന്റെ സാങ്കേതികമാറ്റം പത്തനംതിട്ടയിലെ തിരുവല്ല ആസ്ഥാനമായുള്ള ശബരി അഗ്രോ ഫുഡ് പ്രോഡക്ട്‌സിന് കൈമാറി. കോണ്‍ക്ലേവിനിടെ സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടിയും കോടഗു യൂണിവേഴ്‌സിറ്റിയും തമ്മില്‍ ഭക്ഷ്യ പ്രോസസിങ്ങും ലൈഫ് സയന്‍സസുമായുള്ള നൂതന മേഖലയിലെ സംയുക്ത ഗവേഷണവും അക്കാദമിക് ഇടപാടുകളും ശേഷിവികസനവും ലക്ഷ്യമിട്ട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ആയുര്‍-ആഹാരത്തിലെ നേട്ടങ്ങള്‍, ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്നതിലെ സമീപകാല വെല്ലുവിളികള്‍, ഭക്ഷ്യപ്രോസസിങ്ങിലെ പുതിയ പുരോഗതികള്‍ എന്നിവയെ അടിസ്ഥാനമാക്കി വിവിധ പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവില്‍ നടന്നു. ശാസ്ത്രം, നയം, വ്യവസായം എന്നീ മേഖലകളിലെ വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു.