ന്യൂഡല്‍ഹി: വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വി.പി.എന്‍.), ക്ലൗഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത പങ്കുവെക്കാതെ സുരക്ഷിതമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വി.പി.എന്‍. വിവരസാങ്കേതികവിദ്യാമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും (എന്‍.ഐ.സി.), ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുമാണ് (സി.ഇ.ആര്‍.ടി.-ഇന്‍) ആഭ്യന്തര മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. 

To advertise here,

സൈബര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്. രാജ്യത്തെമ്പാടും ഉദ്യോഗസ്ഥര്‍ ഒരേവിധത്തില്‍ സൈബര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ സുരക്ഷാഭീഷണി ഒഴിവാക്കാനാകുമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.

സൈബര്‍ സുരക്ഷയുടെ ഭാഗമായി ഈ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനിരിക്കുകയാണ്. വി.പി.എന്‍. സേവനം നല്‍കുന്ന കമ്പനികള്‍ ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അഞ്ചുവര്‍ഷം സൂക്ഷിക്കണമെന്ന് പുതിയ നിയന്ത്രണത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 

എന്നാല്‍, സ്വകാര്യതയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലോഗുകള്‍ സൂക്ഷിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി എക്‌സ്പ്രസ്, സര്‍ഫ്ഷാര്‍ക് എന്നീ വി.പി.എന്‍. കമ്പനികള്‍ ഇന്ത്യയിലെ സെര്‍വറുകള്‍ നിര്‍ത്തി.നോര്‍ഡ് വി.പി.എന്‍. കമ്പനി 26-ന് ഇന്ത്യയിലെ സെര്‍വര്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, നിയന്ത്രണം കൊണ്ടുവരുന്നതില്‍നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ 28-ഓടെ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.