ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നത് പോലീസ് വകുപ്പുമായി ബന്ധപ്പെട്ടാണ്. RTO-യും, റവന്യൂ/ലാന്‍ഡ് റെക്കോര്‍ഡ്സ് വകുപ്പുകളും തൊട്ടുപിന്നിലുണ്ട്.

രാജ്യത്തുടനീളം ഓരോ ദിവസവും അരങ്ങേറുന്ന കൈക്കൂലിയുടെയും അഴുമതിയുടെയും വിവരങ്ങൾ ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന Bribes.fyi എന്ന വെബ്സൈറ്റുമായി ബിടെക് വിദ്യാർഥി രംഗത്ത്. സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ നിങ്ങളോട് കൈക്കൂലി ചോദിച്ചുവെങ്കിൽ, അത് നൽകാൻ നിങ്ങൾവിസമ്മതിച്ചുവെങ്കിൽ ആ വിവരങ്ങളെല്ലാം രാജ്യത്തെ പൗരന്മാർക്ക് റിപ്പോർട്ടുചെയ്യുന്നതിനുള്ള ഒരു സൗജന്യ ക്രൗഡ് സോഴ്സ്ഡ് പ്ലാറ്റ്ഫോമാണ് ഇതെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു.
റിപ്പോർട്ട് ചെയ്യപ്പെടുന്ന അഴിമതിക്കേസുകൾ സമാഹരിച്ച് വകുപ്പ്, നഗരം, സംസ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ച് ആർക്കും തിരയാവുന്നവിധം ലഭ്യമാക്കുമെന്ന് Bribes.fyi അവകാശപ്പെടുന്നു. രാജ്യത്ത് അരങ്ങേറുന്ന അഴിമതിയുടെ വിവിധ രീതികളെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ജനങ്ങൾക്ക് ഇതിൽനിന്ന് ലഭ്യമാകും. രാജ്യതലസ്ഥാനത്തെ മഹാരാജ അഗ്രസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിടെക് വിദ്യാർത്ഥിയായ ആര്യൻ നിഷാദാണ് ഈ വെബ്സൈറ്റിന് പിന്നിൽ. ജൂലായ് രണ്ടിനാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്.
അഴിമതി എങ്ങനെ റിപ്പോർട്ട് ചെയ്യാം?
ബന്ധപ്പെട്ട സർക്കാർ വകുപ്പ്, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട തുക, സംഭവം നടന്ന നഗരം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ആർക്കും Bribes.fyi-ൽ റിപ്പോർട്ട് സമർപ്പിക്കാം. നിങ്ങൾ കൈക്കൂലി നൽകിയോ അതോ നൽകാൻ വിസമ്മതിച്ചോ എന്നും ഇതിൽ വ്യക്തമാക്കാം. ഇതിനെല്ലാംകൂടി ഏകദേശം ഒരു മിനിറ്റ് മാത്രമേ എടുക്കൂ എന്ന് വെബ്സൈറ്റ് പറയുന്നു. വ്യക്തിയെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി ഈ റിപ്പോർട്ട് പരസ്യമായി തിരയാൻ കഴിയുന്ന ഡാറ്റാബേസിൽ ചേർക്കും. ഒരു അജ്ഞാത പോസ്റ്റായി ഈ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടും.
വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ 251 നഗരങ്ങളിൽനിന്നുള്ള 616 റിപ്പോർട്ടുകൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അഴിമതിയുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് പുറമേ, റിപ്പോർട്ടുകൾ ആർക്കും ബ്രൗസ് ചെയ്യാനും വകുപ്പുകളും സ്ഥലങ്ങളുും അടിസ്ഥാനത്തിലുള്ള അഴിമതിയുടെ പ്രവണതകൾ താരതമ്യം ചെയ്യാനും കഴിയും. അധികൃതരിൽനിന്ന് ജനങ്ങൾക്ക് നേടിടേണ്ടിവരുന്ന മോശം അനുഭവങ്ങൾ വെളിച്ചത്തുകൊണ്ടുവരാനാണ് ഈ ഡാറ്റാബേസ് ലക്ഷ്യമിടുന്നത്. എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാണ്.
രാജ്യത്തുടനീളമുള്ള കൈക്കൂലി റിപ്പോർട്ടുകളുടെ എണ്ണം കാണിക്കുന്ന ഒരു മാപ്പും കാണാൻ സാധിക്കും.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ വന്നത് പോലീസ് വകുപ്പുമായി ബന്ധപ്പെട്ടാണ്. RTO-യും, റവന്യൂ/ലാൻഡ് റെക്കോർഡ്‌സ് വകുപ്പുകളും തൊട്ടുപിന്നിലുണ്ട്. പാസ്പോർട്ട് ഓഫീസുകളിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനുകളിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 38 ശതമാനവും കൈക്കൂലി നൽകാൻ വിസമ്മതിച്ചവയാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ചില സന്ദർഭങ്ങളിൽ തങ്ങൾക്ക് ആവശ്യമായ സേവനം ലഭിച്ചതായി ഉപയോക്താക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ നിർമ്മിക്കപ്പെട്ടവയിൽവെച്ച് ഏറ്റവും സ്വാധീനമുള്ള പ്ലാറ്റ്ഫോമായി ഇത് മാറാൻ സാധ്യതയുണ്ടെന്ന് സോഷ്യൽ മീഡിയയയിൽ പലരും അഭിപ്രായപ്പെട്ടു. എന്നാൽ പരിശോധിച്ച് ഉറപ്പാക്കിയ വിവരങ്ങളല്ല ഇതിൽ പ്രത്യക്ഷപ്പെടുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. എന്നിരുന്നാലും ഒരേ ഓഫീസിൽനിന്നോ വകുപ്പിൽനിന്നോ സമാനമായ റിപ്പോർട്ടുകൾ വരികയാണെങ്കിൽ അക്കാര്യം സ്ഥിരീകരിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്ന ഒരു വെരിഫിക്കേഷൻ സംവിധാനം ഈ വെബ്സൈറ്റിലുണ്ട്.
Content Highlights: BTech student Aryan Nishad created Bribes.fyi, a free crowdsourced platform to report bribery., Users can anonymously report bribes paid or refused in government offices within a minute., Data is organized by department, city, and state to highlight corruption patterns publicly., Police departments currently account for the highest number of reports on the platform.
Published: 17 Aug 2026, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented