സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായ അഥീന ലാന്‍ഡര്‍ ചന്ദ്രനില്‍ പറന്നിറങ്ങി. യു.എസ്സില്‍ നിന്നുള്ള മൂന്നാമത് സ്വകാര്യ ലാന്‍ഡറായ അഥീന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്. യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന ദൗത്യമാണ് ഐ.എം-2. യു.എസ്സിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായ ഇന്റ്യൂറ്റീവ് മെഷീന്‍സ് എന്ന കമ്പനിയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ഐ.എം-2 .

To advertise here,

ഇന്റ്യൂറ്റീവ് മെഷീന്‍സിന്റെ ആദ്യ ചാന്ദ്രദൗത്യമായ ഐ.എം-1-ന്റെ ഭാഗമായ ലാന്‍ഡര്‍ ഒഡീസസ് 2024 ഫെബ്രുവരിയില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഈ ലാന്‍ഡര്‍ അല്‍പ്പം ചെരിഞ്ഞാണ് നിലത്തിറങ്ങിയത്. ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ ലാന്‍ഡറായിരുന്നു ഇത്. ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ആണ് ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാന്‍ഡര്‍. മാര്‍ച്ച് രണ്ടിനായിരുന്നു ഇത്.  6.25 കോടി ഡോളര്‍ (ഏകദേശം 543.8 കോടി രൂപ) ചിലവുള്ള ഐ.എം-2 ദൗത്യം ഫെബ്രുവരി 26-നാണ് വിക്ഷേപിച്ചത്.

ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. മാര്‍ച്ച് മൂന്നിനാണ് അഥീന ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടോ എന്ന് പരിശോധിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാസയുടേയും,  ഇന്റ്യൂറ്റീവ് മെഷീന്‍സിന്റേയും യൂട്യൂബ് ചാനലുകളില്‍ ഉള്‍പ്പെടെ അഥീനയുടെ സോഫ്റ്റ് ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അവസാനനിമിഷം സിഗ്നൽ നഷ്ടപ്പെടുകയും ഇത് എല്ലാവരേയും ആശങ്കയിലാക്കുകയും ചെയ്തിരുന്നു.