പെഗാസസ് പോലെയുള്ള സ്‌പൈ വെയർ ഭീഷണികളിൽനിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുന്ന സംവിധാനം കൂടുതൽ ശക്തമാക്കി ആപ്പിൾ. സ്‌പൈവെയർ ഭീഷണി സംബന്ധിച്ച ആപ്പിളിന്റെ മുന്നറിയിപ്പ് ഇനി ഐഫോണിന്റെ ലോക്ക് സ്‌ക്രീനിലും സെറ്റിങ്‌സിലും നേരിട്ട് കാണാൻ സാധിക്കും. പുതിയ സുരക്ഷാ അപ്‌ഡേറ്റ് അനുസരിച്ചുള്ള മുന്നറിയിപ്പുകൾ ഈയാഴ്ച മുതൽ 110 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പിൾ അയച്ചുതുടങ്ങി.

To advertise here,

സ്‌പൈവെയർ ആക്രമണങ്ങൾക്ക് ഇരയായ ഉപയോക്താക്കളെ ഉടൻ വിവരമറിയിക്കാനും സഹായിക്കാനുമാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഓഗസ്റ്റ് 13-ന് പുറത്തിറക്കിയ പുതുക്കിയ സപ്പോർട്ട് നോട്ടിൽ ആപ്പിൾ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങൾ ബഹുഭൂരിപക്ഷം ഐഫോൺ ഉപയോക്താക്കളെയും ബാധിക്കില്ലെന്നും ആപ്പിൾ ഉറപ്പ് നൽകുന്നുണ്ട്.

ഇത്തരം ആക്രമണങ്ങൾ വിവിധ രാജ്യങ്ങളിലെ സർക്കാർ അനുകൂല ഹാക്കർമാരുമായും അവർക്കായി സ്‌പൈവെയർ നിർമ്മിക്കുന്ന സ്വകാര്യ കമ്പനികളുമായും ബന്ധപ്പെട്ട് നടക്കുന്നവയാണെന്ന് മുൻകാല അനുഭവങ്ങളിൽനിന്ന് വ്യക്തമായിട്ടുള്ളതാണെന്ന് ആപ്പിൾ വിശദീകരിക്കുന്നു. എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് ഇതിന് ഉദാഹരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ എന്നിവരെല്ലാം ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ളവരിൽ ഉൾപ്പെടുന്നു എന്നകാര്യവും കമ്പനി എടുത്തുപറയുന്നു.

സ്വന്തം ത്രെറ്റ് ഇന്റലിജൻസും അന്വേഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് സ്‌പൈവെയർ ആക്രമണ ഭീഷണി ആപ്പിൾ തിരിച്ചറിയുന്നത്. മുന്നറിയിപ്പ് അയക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങളാണ് പരിശോധിക്കുന്നത് എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത് സ്‌പൈവെയർ നിർമ്മാതാക്കൾക്ക് അവരുടെ രീതികൾ മാറ്റാനും കണ്ടെത്തലിൽ നിന്ന് രക്ഷപ്പെടാനും ഇടയാകുമെന്ന് കമ്പനി പറയുന്നു.

മുന്നറിയിപ്പ് ഐഫോണിൽ നേരിട്ട് ദൃശ്യമാകും

ആപ്പിൾ വർഷങ്ങളായി ഇത്തരം അറിയിപ്പുകൾ അയക്കുന്നുണ്ടെങ്കിലും ഇനി മുന്നറിയിപ്പ് നേരിട്ട് ഐഫോണിന്റെ ലോക്ക് സ്‌ക്രീനിലേക്കാണ് അയക്കുന്നത്. സെറ്റിങ്‌സിലും ഇത് ദൃശ്യമാകും. ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് എത്രയുംവേഗം കാണാൻ കഴിയുന്നതിനും തുടർ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണിത്. മുൻപത്തെപ്പോലെ ഉപയോക്താവിന്റെ ആപ്പിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ വിലാസത്തിലേക്കും കമ്പനി സന്ദേശം അയക്കുന്നുണ്ട്. കൂടാതെ ലോഗിൻ ചെയ്ത ശേഷം അക്കൗണ്ട് പേജിന്റെ മുകളിൽ മുന്നറിയിപ്പ് ബാനറും പ്രദർശിപ്പിക്കും.

വ്യാജ മുന്നറിയിപ്പുകളെക്കുറിച്ച് ജാഗ്രതവേണം

ആപ്പിളിന്റെ യഥാർത്ഥ ഭീഷണി അറിയിപ്പുകൾ ഒരിക്കലും ഉപയോക്താക്കളോട് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാനോ ഫയൽ തുറക്കാനോ ആപ്പോ പ്രൊഫൈലോ ഇൻസ്റ്റാൾ ചെയ്യാനോ ആപ്പിൾ അക്കൗണ്ട് പാസ്‌വേഡോ വെരിഫിക്കേഷൻ കോഡോ പങ്കിടാനോ ആവശ്യപ്പെടില്ല. ഉപയോക്താക്കൾ ഇമെയിലോ സന്ദേശമോ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് പകരം നേരിട്ട് account.apple.com-ൽ സൈൻ ഇൻ ചെയ്യണമെന്ന് ആപ്പിൾ പറയുന്നു. യഥാർത്ഥ അറിയിപ്പ് അക്കൗണ്ട് പേജിന്റെ മുകളിൽ വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടാകും.