ആൻഡ്രോയിഡ് യൂസർമാർക്കും ഇനി ആപ്പിൾ ടി.വി ലഭ്യമാകും. ​ഗൂ​ഗിൾ ​പ്ലേ സ്റ്റോറിൽനിന്ന് ആപ്പിൾ ടി.വി ആപ്പ് ഡൗൺ ലോഡ് ചെയ്തെടുക്കാം. മൊബൈൽ ഫോൺ, ടാബ് ലെറ്റ്, ആൻഡ്രോയിഡ് ടി.വി തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളിലെല്ലാം ആപ്പിൾ ടി.വി ലഭിക്കും. ആൻഡ്രോയിഡ് ഫോണുകൾക്കായി 2015-ൽ ആപ്പിൾ മ്യൂസിക് ആപ്പ് പുറത്തിറക്കിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് മറ്റൊരു ആപ്പിൾ ആപ്പ് ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 

To advertise here,

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ​​ഗൂ​ഗിൾ പ്ലേ അക്കൗണ്ട് വഴി ആൻഡ്രോയിഡ് ടി.വികളിലും മൊബൈലിലും ആപ്പിൾ ടി.വിയോടൊപ്പം മേജർ സോക്കർ ലീ​ഗ് 2025 സീസൺ ലൈവ് സ്ട്രീമിങും സബ്സ്ക്രൈബ് ചെയ്യാം. 

ഇന്ത്യയിൽ ഒരു മാസത്തെ സബ്സ്ക്രിപ്ഷന് 99 രൂപയാണ് ചാർജ്. സേവനങ്ങൾ പരിശോധിക്കുന്നതിനായി ഏഴ് ദിവസത്തെ സൗജന്യ സബ്സ്ക്രിപ്ഷനും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോൺ, ഐ പാഡ് ഉൾപ്പടെയുള്ള പുതിയ ആപ്പിൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കും. 

എക്സ്ക്ലൂസീവ് ഷോകൾ, സിനിമകൾ, ഡോക്യുമെന്ററികൾ എന്നിങ്ങനെ വിനോദ ഉള്ളടക്കങ്ങൾ നിറഞ്ഞതാണ് ആപ്പിൾ ടിവി. നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ്, ആമസോൺ പ്രൈം എന്നിവയാണ് പ്രധാന എതിരാളികൾ.