ഗൂഗിള്‍ സ്ടീറ്റ് വ്യൂ ഫീച്ചറിന് സമാനമായ 'ലുക്ക് എറൗണ്ട്' ഫീച്ചര്‍ ഇനി ആപ്പിള്‍ മാപ്പിന്റെ വെബ്ബ് പതിപ്പില്‍ ലഭിക്കും. ഈ ഫീച്ചര്‍ നേരത്തെ തന്നെ ഐഒഎസ് 13 മുതല്‍ ഐഫോണുകളില്‍ ലഭ്യമാണ്. പ്രദേശങ്ങളുടെ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന ഫീച്ചറാണിത്. 

To advertise here,

യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യുകെ, യൂറോപ്യന്‍ യൂണിയന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ 'ലുക്ക് എറൗണ്ട്' ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. സഫാരി, ഗൂഗിള്‍ ക്രോം, എഡ്ജ്, ഫയര്‍ഫോക്‌സ് ഉള്‍പ്പടെയുള്ള ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഇന്ത്യയിൽ ഇത് ലഭ്യമായിട്ടില്ല എന്നാണ് വിവരം. 

ഇതിനായി മാപ്പില്‍ താഴെ ഇടത് ഭാഗത്തായി കാണുന്ന ബൈനോക്കുലര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം നിങ്ങള്‍ക്ക് സ്ഥലങ്ങള്‍ 360 ഡിഗ്രിയില്‍ കണാന്‍ സാധിക്കും.

ഈ വര്‍ഷം ആദ്യമാണ് കമ്പനി ആപ്പിള്‍ മാപ്പ്‌സിന്റെ വെബ് വേര്‍ഷന്‍ അവതരിപ്പിച്ചത്. പരിമിതമായ ഫീച്ചറുകളോടെയായിരുന്നു ഇത്. ഇപ്പോള്‍ കൂടുതല്‍ ഫീച്ചറുകള്‍ വെബ്ബ് വേര്‍ഷനില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഗതാഗതത്തിരക്ക്, ബസുകളുടെ തത്സമയ വിവരങ്ങള്‍, ട്രെയിന്‍ ഉള്‍പ്പടെയുള്ള മറ്റ് യാത്രാ മാര്‍ഗങ്ങളുടെ വിവരങ്ങള്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. ഓരോ രാജ്യത്തും ഇതില്‍ വ്യത്യാസങ്ങളുണ്ടാവും. 

നിലവില്‍ ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിന്റെ സ്വാധീനം വളരെ വലുതാണ്. യാത്ര, ഗതി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പ് നല്‍കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ആപ്പിളിന്റെ വിവിധ ഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയില്‍ ഗൂഗിള്‍ മാപ്പിന് വ്യക്തമായ പ്രാമുഖ്യം ലഭിക്കുന്നുണ്ട്.