നിർമിതബുദ്ധി (Artificial Intelligence) ഫീച്ചറുകളുടെ കാര്യത്തിൽ ആൻഡ്രോയിഡ് ഫോണുകളേക്കാൾ പിന്നിലാണ് ഐഫോണുകൾ. എഐ അധിഷ്ഠിതമായ സിരി ഉൾപ്പെടെയുള്ള പല ഫീച്ചറുകളും ഇനിയും പൂർണരൂപത്തിൽ ആപ്പിൾ ഉപകരണങ്ങളിൽ എത്തിയിട്ടില്ല. എന്നാൽ, ഇത്തവണ ചില പ്രധാന മാറ്റങ്ങളുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ഐഒഎസ് 27-ൽ ജെമിനി എഐ മോഡലുകളുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സിരി അവതരിപ്പിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ഇതോടൊപ്പം സിരി എക്സ്റ്റൻഷൻസ് എന്നൊരു ഫീച്ചറും കമ്പനി ലഭ്യമാക്കും. ഈ ഫീച്ചറിന്റെ സഹായത്തോടെ ആന്ത്രോപിക്കിന്റെ ക്ലോഡ് പോലെയുള്ള മറ്റ് തേഡ് പാർട്ടി ചാറ്റ്ബോട്ടുകളും സിരിയിൽ പ്രവർത്തിപ്പിക്കാനാവും.

എഐ ആപ്പ്സ്റ്റോർ നിർമിക്കാൻ പദ്ധതി

നിർമിതബുദ്ധി രംഗത്ത് ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയവർക്കൊപ്പം എത്താൻ തങ്ങൾക്ക് സാധിച്ചേക്കില്ലെന്ന ധാരണ ആപ്പിളിനുണ്ട്. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ഹാർഡ്‌വെയർ രംഗത്ത് മുൻതൂക്കം നേടാനുള്ള ആസൂത്രണമാണ് ആപ്പിൾ നടത്തുന്നത്. അതുകൊണ്ട്, സ്വന്തം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് കൂടുതൽ വരുമാനം നേടാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.

അതിന്റെ ഭാഗമായി ആപ്പ്സ്റ്റോറിൽ പ്രത്യേകം എഐ സെക്ഷൻ നിർമിച്ചേക്കും. ഇതിൽ സിരിയുമായി ബന്ധിപ്പിക്കാനാവുന്ന തേഡ്പാർട്ടി എഐ സേവനങ്ങൾ ലഭ്യമാവും. ആപ്പിൾ ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന എഐ ചാറ്റ്ബോട്ട് സേവനങ്ങൾ വികസിപ്പിക്കാനും അത് സിരിയിലൂടെ ഉപഭോക്താക്കളിലെത്തിക്കാനും എഐ കമ്പനികൾക്ക് സാധിക്കും. ഇതിന് അനുവാദം നൽകുന്നതിലൂടെ ലാഭമുണ്ടാക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

ജെമിനി പിന്തുണയിലുള്ള സിരി

ആഴ്ചകൾക്ക് മുമ്പാണ് സിരിയിൽ ജെമിനി പിന്തുണ കൊണ്ടുവരുന്നതിനുള്ള കരാർ ആപ്പിൾ ഒപ്പിട്ടത്. ജൂൺ എട്ടിന് നടക്കുന്ന ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ ഈ പുതിയ സിരി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എങ്കിലും ജെമിനി പിന്തുണയുള്ള സിരി ഉപഭോക്താക്കളുടെ കൈകളിൽ എത്തണമെങ്കിൽ 2026-ൽ അവതരിപ്പിക്കുന്ന പുതിയ ഐഫോണുകൾക്കൊപ്പം ഐഒഎസ് 27 എത്തുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഐഫോൺ 18 പ്രോ സീരീസും ഫോൾഡബിൾ ഐഫോണും അക്കൂട്ടത്തിലുണ്ടാവുമെന്നാണ് അഭ്യൂഹം.

ജെമിനി പിന്തുണ എത്തുന്നതോടെ, കേവലം ശബ്ദനിർദേശങ്ങൾ പാലിച്ച് ചില ടാസ്കുകൾ അതേപടി ചെയ്യുക എന്നതിലപ്പുറം ഉപഭോക്താക്കൾക്ക് സ്വാഭാവിക സംഭാഷണം നടത്താനാവുന്ന എഐ ചാറ്റ്ബോട്ട് എന്ന നിലയിലേക്ക് സിരി പരിവർത്തനം ചെയ്യപ്പെടും.