നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് മരുന്നുനിർമാതാക്കൾക്കായി പുതിയ എഐ ടൂളുകൾ വികസിപ്പിക്കാനൊരുങ്ങുകയാണ് ആന്ത്രോപിക്. ഇതോടൊപ്പം പരമ്പരാഗത ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വലിയ താത്പര്യം കാണിക്കാത്തതും അവഗണിക്കുന്നതുമായ രോഗങ്ങൾക്കുള്ള ചികിത്സകൾ കണ്ടെത്തുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സാൻഫ്രാൻസിസ്കോയിൽ നടന്ന പരിപാടിയിൽ ആന്ത്രോപിക്കിന്റെ ലൈഫ് സയൻസസ് മേധാവി എറിക് കൗഡറർ-അബ്രാമസ് പറഞ്ഞു.

To advertise here,

ഇതിനായി മരുന്നുകമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും അവർ നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എറിക് ചൂണ്ടിക്കാട്ടി. പുതിയ 'ക്ലോഡ് സയൻസ്' ഉത്പന്നത്തിനു വേണ്ടി മരുന്നുനിർമാണക്കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഇതിലൂടെ ആന്ത്രോപിക് ലക്ഷ്യമിടുന്നതെന്ന് ലൈഫ് സയൻസസ് പാർട്ണർഷിപ്പ് മേധാവി ജോനാ കൂളും കൂട്ടിച്ചേർത്തു. ലൈഫ് സയൻസ് കമ്പനികൾക്ക് എഐ ടൂളുകൾ നിർമിച്ച് നൽകുന്നതിനൊപ്പം അവഗണിക്കപ്പെട്ട രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

പ്രതീക്ഷ നൽകുന്ന ഏതെങ്കിലും മരുന്ന് കണ്ടെത്തുകയാണെങ്കിൽ ആന്ത്രോപിക് എന്തുചെയ്യുമെന്ന് എറിക് പറഞ്ഞില്ല. പരമ്പരാഗത ബയോഫാർമസ്യൂട്ടിക്കൽ കമ്പനികൾ സാധാരണമായി ഇവ ക്ലിനിക്കൽ ട്രയലുകൾക്ക് വിധേയമാക്കുകയാണ് ചെയ്യാറ്.

ഒരു പൊതുജനക്ഷേമ കമ്പനി എന്ന നിലയിൽ, വാണിജ്യവിപണി അവഗണിക്കുന്ന കാര്യങ്ങൾ ഉൾപ്പെടെ, രോഗികൾക്ക് പ്രയോജനപ്പെടുന്ന പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാൻ തങ്ങൾക്കാവുമെന്ന് ആന്ത്രോപിക്കിന്റെ വക്താവ് പറഞ്ഞു. ഇപ്പോൾ തങ്ങൾ പ്രാരംഭഘട്ടത്തിലാണെന്നും പ്രവർത്തനം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും വക്താവ് പറഞ്ഞു.

ആൽഫബെറ്റ്, ആപ്പിൾ, ആമസോൺ തുടങ്ങിയ മറ്റ് വൻകിട ടെക് കമ്പനികളും ആരോഗ്യമേഖലയിൽ മുൻപ് സമാനമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇതിൽ ആമസോൺ വൺ മെഡിക്കൽ (One Medical), പിൽപാക്ക് എന്നീ കമ്പനികളെ ഏറ്റെടുത്തുകൊണ്ടാണ് ആമസോൺ ഹെൽത്ത് സർവീസസ് എന്ന പേരിൽ ആരോഗ്യമേഖലയിലേക്ക് കടന്നുവന്നത്.