എഐ (നിർമിതബുദ്ധി)രംഗത്തെ കടുത്ത മത്സരത്തിനിടെ ചൈനീസ് നീക്കങ്ങൾ പ്രതിരോധിക്കാനുള്ള ശക്തമായ നീക്കവുമായി ആന്ത്രോപിക്. ചൈനീസ് ഉപയോക്താക്കളെ തിരിച്ചറിയാനും അതിവേഗം അക്കൗണ്ട് സസ്‌പെൻഡ് ചെയ്യാനും ലോകമെമ്പാടുമുള്ള പ്രോക്‌സി നെറ്റ്‌വർക്കുകളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും കഴിയുന്ന സംവിധാനം എഐ മോഡലുകളിൽ ഉൾപ്പെടുത്തിയെന്നാണ് ആന്ത്രോപിക്കിന്റെ വെളിപ്പെടുത്തൽ.

To advertise here,

ഡിജിറ്റൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എഐ മോഡലുകളിൽ 'സ്‌പൈവെയർ' എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ഈ കോഡ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് യുഎസ് ആസ്ഥാനമായ ടെക് കമ്പനി പറയുന്നു. അമേരിക്കൻ എഐ മോഡലുകളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി ചണ്ടിക്കാട്ടുന്നു. ഇക്കാരണത്താലാണ് ചൈനയിൽ ക്ലോഡ് ലഭ്യമാക്കാതിരിക്കുകയും അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ചൈനീസ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നത്.

എന്നാൽ ചൈനക്കാർ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി പോലുള്ള വിവിധ യുഎസ് നിർമ്മിത എഐ ടൂളുകൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ), വിദേശ ഫോൺ നമ്പറുകൾ, അന്താരാഷ്ട്ര പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ സഹായത്തോടെ ഉപയോഗിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള ഉപയോഗം നിയന്ത്രിക്കുന്നതായി സംശയിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുന്നത് പോലുള്ള കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളുകയാണ് ആന്ത്രോപിക്.

ജിയോലൊക്കേഷൻ കണ്ടെത്തിയാണ് ആന്ത്രോപിക് ഇത്തരം നീക്കങ്ങൾ തടയുന്നത്. ചൈനയിലുള്ള ലൊക്കേഷൻ കണ്ടെത്തിയാലുടൻ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. എന്നാൽ ക്ലോഡ് ഒരു തവണ ടെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കോ ചോദ്യങ്ങൾ ചോദിക്കുന്നവർക്കോ ഈ നിയന്ത്രണം ബാധകമാകില്ല. എന്നാൽ ചൈനയിൽനിന്നുള്ള ദുഷ്ടലാക്കോടെയുള്ള നീക്കങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ആന്ത്രോപിക് വക്താവ് പറയുന്നു. നിയമവിരുദ്ധ നെറ്റ്‌വർക്കുകളെ തടയുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐഡന്റിറ്റി വെരിഫിക്കേഷൻ, ആന്റി-പ്രോക്‌സി ഡിറ്റക്ഷൻ സിസ്റ്റങ്ങൾ എഐ ടൂളുകളിൽ വിന്യസിച്ചാണ് കമ്പനി ഈ നീക്കം നടത്തുന്നത്.

ക്ലോഡിന് പിന്നാലെ ആലിബാബ അടക്കമുള്ളവ

ചൈനീസ് ഇ-കൊമേഴ്‌സ്, ക്ലൗഡ് ഭീമനായ അലിബാബയെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിസ്റ്റിലേഷൻ ആക്രമണം നടത്തിയതായി ആന്ത്രോപിക് അടുത്തിടെ ആരോപിച്ചിരുന്നു. ഐ മോഡലുകളെ പരിശീലിപ്പിക്കാൻ ചൈനയടക്കം പ്രയോഗിക്കുന്ന ഒരു നിലവാരം കുറഞ്ഞ തന്ത്രമാണ് ഡിസ്റ്റിലേഷൻ. എഐ മോഡലിനെ പരിശീലിപ്പിക്കാൻ കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നതിന് പകരം ലക്ഷക്കണക്കിന് ചോദ്യങ്ങൾ മികച്ച മറ്റൊരു മോഡലിന് (ക്ലോഡ് പോലുള്ളവ) നൽകുകയും ഉയർന്ന നിലവാരമുള്ള ഉത്തരങ്ങൾ ഉപയോഗിച്ച് എഐയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ഒരു അമേരിക്കൻ മോഡലിന്റെ കഴിവുകൾ വളരെ കുറഞ്ഞ ചിലവിൽ ക്ലോൺ ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.