നൂതന എഐ (നിർമിതബുദ്ധി) മോഡൽ ഫേബിൾ 5 പൊതുജനങ്ങൾക്ക് ലഭ്യമാക്കി ആന്ത്രോപിക്. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനുള്ള അസാമാന്യ കഴിവുമൂലം ലോകമെങ്ങും ആശങ്ക സൃഷ്ടിച്ച ക്ലോഡ് മിത്തോസ് ക്ലാസിൽപ്പെട്ട ആദ്യത്തെ എഐ മോഡലാണ് ഫേബിൾ 5. സുരക്ഷാ കാരണങ്ങളാൽ ചില മേഖലകളിൽ ഈ ടൂളിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് നിർമാതാക്കളായ ആന്ത്രോപിക് പറയുന്നു.

To advertise here,

ഏപ്രിലിൽ പുറത്തിറയ ക്ലോസ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല. സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിനുള്ള മിത്തോസിന്റെ കഴിവ് ആരെങ്കിലും ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. എങ്കിലും ലോകത്തെ പ്രമുഖ ബാങ്കുകൾ അടക്കമുള്ളവയ്ക്കിടയിൽ മിത്തോസ് സുരക്ഷാ ഭീതി ഉയർത്തി. ഇന്ത്യ, കാനഡ, യു.എസ്, യു.കെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സുരക്ഷ വിലയിരുത്തുകയും ചെയ്തിരുന്നു. അപകട സാധ്യത കാരണം തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമാണ് മിത്തോസ് ലഭ്യമാക്കിയിട്ടുള്ളത്.

സോഫ്റ്റ്‌വെയർ കോഡ് എഴുതാനും പിഴവുകൾ കണ്ടെത്താനും ഗവേഷണവുമായി ബന്ധപ്പെട്ട സങ്കീർണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ചിത്രങ്ങൾ വിശകലനം ചെയ്യാനും ഫേബിൾ 5 വളരെയധികം കഴിവുള്ളതാണെന്ന് ആന്ത്രോപിക് പറയുന്നു. സൈബർ സുരക്ഷാ പോലുള്ള സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഫേബിൾ 5 ഓപസ് 4.8-ലേക്ക് റൂട്ട് ചെയ്യും. അതിനിടെ ഫേബിൾ 5 ഉപയോഗം ചെലവേറിയതായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആന്ത്രോപിക് നേരത്തെ പുറത്തിറക്കിയ ഓപസ് 4.8-ന്റെ ഇരട്ടിയാവും ചെലവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിൽ പ്രോജക്ട് ഗ്ലാസ്‌വിങ്ങിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സൈബർ സുരക്ഷാ പങ്കാളികൾക്കും ക്ലോഡ് മിത്തോസ് 5 കമ്പനി സൗജന്യമായി നൽകുന്നുണ്ട്. ഇന്ത്യയടക്കം 15-ലധികം രാജ്യങ്ങളിലെ 200-ഓളം സ്ഥാപനങ്ങൾക്കാണ് നിലവിൽ മിത്തോസ് ലഭ്യമാക്കുന്നത്. ബാങ്കിങ്, പവർ ഗ്രിഡുകൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളിലെ പിഴവുകൾപോലും വേഗത്തിൽ കണ്ടെത്താനുള്ള കഴിവാണ് മിത്തോസിനെ അപകടകരമായ എഐ മോഡലാക്കി മാറ്റുന്നത്.

അതിനിടെ, സൈബർ സുരക്ഷാ ഭീഷണി ആന്ത്രോപിക് അതിശയോക്തിപരമായി സൃഷ്ടിക്കുന്നതാണെന്ന ആരോപണവുമായി വിമർശകർ രംഗത്തെത്തിയിരുന്നു. എന്നാൽ മിതോസ് പരീക്ഷിച്ച കമ്പനികൾ ആന്ത്രോപിക്കിന്റെ അവകാശവാദങ്ങൾ അംഗീകരിക്കുകയാണ് ചെയ്തത്. യു.എസിലെ ട്രംപ് ഭരണകൂടം ആന്ത്രോപിക്കുമായി ആദ്യം ഇടഞ്ഞുവെങ്കിലും ഒടുവിൽ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് ഉപയോഗിക്കാൻ നിർബന്ധിതരായി.

മിത്തോസ് ഉയർത്തിയ ഭീഷണി കണക്കിലെടുത്ത് പ്രമുഖ എഐ കമ്പനികൾ ഇനി ഇത്തരത്തിലുള്ള ശക്തമായ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് അവ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ചട്ടങ്ങൾ സംവിധാനം വൈറ്റ് ഹൗസ് കൊണ്ടുവന്നിരുന്നു.