മെയ്ഡ് ഇന്‍ ഇന്ത്യ സോഹോ മെയില്‍ പ്ലാറ്റ്ഫോമിലേക്ക് മാറി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ ഇ-മെയില്‍ ഐഡി എക്സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. ഇനി കത്തിടപാടുകള്‍ക്കായി പുതിയ ഇ-മെയില്‍ ഐഡി ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

To advertise here,

ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിനും പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ നിന്നുള്ള മെയില്‍ പ്ലാറ്റ്‌ഫോമാണ് സോഹോ. മുതിര്‍ന്ന കേന്ദ്രമന്ത്രി തന്നെ സോഹോ മെയിലിലേക്ക് ചുവടുമാറുന്നതോടെ ഈനിക്കം വ്യാപകമാകാന്‍ ഇടയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുടനീളം സോഹോയിലേക്കുള്ള വ്യാപകമായ ചുവടുമാറ്റം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി ടെക് ആഹ്വാനത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ചകളില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ആപ്പുകള്‍ക്ക് കൂടുതല്‍ പ്രചാരവും ശ്രദ്ധയും ലഭിച്ചിരുന്നു. സോഹോയുടെ മെസേജിംഗ് ആപ്പായ 'അരട്ടൈ'യ്ക്കും വന്‍ ജനപ്രീതി ലഭിക്കുന്നുണ്ട്.

സോഹോ സ്ഥാപകനായ ശ്രീധര്‍ വെമ്പു 'അരട്ടൈ' ഉള്‍പ്പെടെയുള്ള വിവിധ സോഹോ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങളുമായി സൈബറിടത്തില്‍ സജീവമാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ വീഡിയോ, വോയിസ് കോളുകള്‍ക്കടക്കം ഇത് പിന്തുണ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ജിമെയിലിനും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിനും നേരിട്ട് വെല്ലുവിളി ഉയര്‍ത്തുന്നതാണ് സോഹോ.

ഉപയോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ സേവനം നല്‍കുന്ന പരസ്യരഹിത ഇമെയില്‍ പ്ലാറ്റ്ഫോമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേക എന്റര്‍പ്രൈസ് സ്യൂട്ട് ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ ഡാറ്റ സുരക്ഷിതമാക്കിയിട്ടുള്ള സോഹോ മെയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യം ചെയ്യുന്നവര്‍ക്ക് വില്‍ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.