ഓഹരി വിപണിയിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്. രണ്ട് പ്രമുഖ എഐ ഗവേഷകർ കമ്പനി വിട്ടതാണ് തിരിച്ചടിക്ക് പിന്നിലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതോടെ ഏകദേശം 270 ബില്യൺ (27,000 കോടി) ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്ക് നഷ്ടപ്പെട്ടത്. നിർമിതബുദ്ധി (എഐ)യുമായി ബന്ധപ്പെട്ട് ടെക് കമ്പനികൾക്കിടയിലും ഓഹരി വിപണിയിലും നിക്ഷേപകരിലും നിലനിൽക്കുന്ന ഭയം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം എന്നാണ് വിലയിരുത്തപ്പെടുന്നത്.

To advertise here,

കമ്പനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനമാണ് രണ്ട് എഐ ഗവേഷകരുടെ രാജിയെത്തുടർന്ന് ഇടിഞ്ഞത്. എഐ രംഗത്തെ കമ്പനിയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക്കിലേക്കും ഓപ്പൺഎഐയിലേക്കുമാണ് ഗൂഗിളിൽനിന്ന് രാജിവെച്ച എഐ ഗവേഷകർ പോയത് എന്നതും ശ്രദ്ധേയമാണ്.

എൻജിനീയറിംഗ് വൈസ് പ്രസിഡന്റ് ഓപ്പൺെഐയിലേക്ക്

ഗൂഗിളിന്റെ എൻജിനീയറിംഗ് വൈസ് പ്രസിഡന്റും ജെമിനി എഐ മോഡലുകളുടെ സഹ-നേതൃതം വഹിച്ചിരുന്ന വ്യക്തിയുമായ നോം ഷാസിറാണ് ഓപ്പൺഎഐയിലേക്ക് പോയത്. അദ്ദേഹത്തെ കമ്പനിയിലേക്ക് കൊണ്ടുവരാൻ ഗൂഗിൾ 2.7 ബില്യൺ (270 കോടി) ഡോളർ ചെലവഴിച്ച് രണ്ട് വർഷം തികയുന്നതിന് മുമ്പാണ് ഷാസിറിന്റെ നീക്കം. 2024 ഓഗസ്റ്റിൽ ഷാസിർ സഹ-സ്ഥാപകനായ സ്റ്റാർട്ടപ്പ് ആയ Character.AI യുമായി ഗൂഗിൾ ഒരു പ്രധാന കാർ ഒപ്പിട്ടിരുന്നു. അദ്ദേഹത്തെയും സഹ ഗവേഷകനായ ഡാനിയൽ ഡി ഫ്രെയ്റ്റാസിനെയും അവരുടെ ഡീപ്മൈൻഡ് എഐ വിഭാഗത്തിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അതിനെല്ലാം തിരിച്ചടി നൽകിക്കൊണ്ടാണ് അദ്ദേഹം സാം ഓൾട്ട്മാന്റെ ഓപ്പൺെഐയിലേക്ക് പോയത്.

ഡീപ്‌മൈൻഡ് വിട്ട് നൊബേൽ ജേതാവ് പോയത് ആന്ത്രോപിക്കിലേക്ക്

നൊബേൽ ജേതാവായ ജോൺ ജംപർ ഡീപ്മൈൻഡിലെ ഒൻപത് വർഷത്തെ ജോലി അവസാനിപ്പിച്ച് എതിരാളിയായ ആന്ത്രോപിക്കിലേക്ക് പോയതായിരുന്നു ഗൂഗിളിന് നേരിടേണ്ടിവന്ന രണ്ടാമത്തെ തിരിച്ചടി. 024-ൽ ഡീപ്മൈൻഡ് മേധാവി ഡെമിസ് ഹാസാബിസുമൊത്ത് നൊബേൽ നേടിയ അദ്ദേഹം AlphaFold ന്റെ സഹ-സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്.

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ വാർഷിക I/O ഡെവലപ്പർ കോൺഫറൻസിൽ പ്രദർശിപ്പിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രമുഖ വ്യക്തികളുടെ പുറത്തുപോകൽ എന്നതും ശ്രദ്ധേയമാണ്. ജെമിനി 3.5 ഫ്‌ളാഷ് മോഡലും പുതിയ ജെമിനി സ്പാർക്ക് എഐ ഏജന്റും ഉൾപ്പെടെയുള്ളവയാണ് ഗൂഗിൾ ഡെവലപ്പർ കോൺഫറൻസിൽ അവതരിപ്പിച്ചത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അടുത്തിടെ നടത്തിയ പരാമർശം കാരണം ഉടലെടുത്ത നിക്ഷേപകരുടെ ആശങ്കകൾക്ക് ഗൂഗിളിലെ എഐ ഗവേഷകരുടെ നീക്കങ്ങൾ ആക്കം കൂട്ടിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ടെക് വ്യവസായം 'എഐ ഭീമന്മാരെ' ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ നാദെല്ല അഭിപ്രായപ്പെട്ടിരുന്നു. എഐ വിപണി അതിവേഗം കച്ചവടവത്കരിക്കപ്പെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിന്നാലെയാണ് എഐ ഗവേഷകരുടെ രാജി ഗൂഗിളിന് പ്രതിസന്ധി സൃഷ്ടിച്ചത്.