അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ലോകത്തെ എല്ലാ മനുഷ്യരുടെയും ബുദ്ധിയെ നിർമിതമബുദ്ധി മറികടന്നേക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ട്രില്യണയറുമായ ഇലോൺമസ്‌ക്. എഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള മുന്നേറ്റത്തെക്കുറിച്ചുള്ള മസ്‌കിന്റെ പരാമർശം വലിയ ശ്രദ്ധനേടിയിട്ടുണ്ട്. സംരംഭകനും എഴുത്തുകാരനുമായ പീറ്റർ എച്ച് ഡയമൺഡിസിന്റെ പോസ്റ്റിന് മറുപടിയായാണ് സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവ അടക്കമുള്ള കമ്പനികളുടെ സിഇഓ ആയ മസ്‌കിന്റെ പ്രതികരണം.

To advertise here,

എഐയും റോബോട്ടുകളും രൂപപ്പെടുത്തുന്ന ലോകത്തെക്കുറിച്ചുള്ള വലിയ ശുഭാപ്തിവിശ്വാസം മസ്‌ക് നേരത്തെയും പങ്കുവെച്ചിട്ടുള്ളതാണ്. പിന്നാലെയാണ് ഏതാനും വർഷങ്ങൾക്കുള്ളിൽതന്നെ മനുഷ്യന്റെ ബുദ്ധിശക്തിയെ എഐ മറികടന്നേക്കുമെന്ന പ്രവചനം. ലക്ഷക്കണക്കിന് നൂതന റോബോട്ടുകൾക്ക് മാസങ്ങൾക്കുള്ളിൽ നഗരങ്ങൾ പുനർനിർമ്മിക്കാനാകുമെന്നും, അത്തരം കോടിക്കണക്കിന് യന്ത്രങ്ങൾ 2045 ആകുമ്പോഴേക്കും ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർരൂപകൽപ്പന ചെയ്യുമെന്നും അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നിലവിൽ മനുഷ്യർ ചെയ്യുന്ന പല ജോലികളും ഭാവിയിൽ യന്ത്രങ്ങൾ ഏറ്റെടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ, ഊർജ ഉത്പാദനം, ലോജിസ്റ്റിക്‌സ്, സേവന മേഖലകളിലെ നിരവധി ജോലികൾ എന്നിവ എഐ പിന്തുണയോടെ പ്രവർത്തിക്കുന്ന റോബോട്ടുകൾക്ക് വൻതോതിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. അത് ചെലവ് കുറയ്ക്കുകയും സാധനങ്ങളും സേവനങ്ങളും ഉയർന്ന അളവിൽ ലഭ്യമാക്കുകയും ചെയ്യും.

ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പ്രോജക്റ്റായ ഒപ്റ്റിമസ് ആണ് മസ്‌കിന്റെ ഈ ശുഭാപ്തി വിശ്വാസത്തിന്റെ നെടുംതൂണ്. ആവർത്തന സ്വഭാവമുള്ളതും ദുഷ്‌കരമായതും, അപകടകരവുമായ ജോലികൾ ചെയ്യാൻ രൂപകൽപ്പന ചെയ്ത ഈ റോബോട്ടുകൾ വികസിപ്പിക്കാൻ കമ്പനി വർഷങ്ങളാണ് ചെലവഴിച്ചത്. ഫാക്ടറികളിലും വെയർഹൗസുകളിലും ഓഫീസുകളിലും വീടുകളിൽ പോലും ഒപ്റ്റിമസിനെ ജോലികൾക്ക് നിയോഗിക്കാൻ കഴിയുമെന്ന് ടെസ്ല വിശ്വസിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങളേക്കാൾ ടെസ്ല പ്രാധാന്യം നൽകുന്നത് ഹ്യൂമനോയിഡ് റോബോട്ടുകൾക്കാണെന്ന് മസ്‌ക് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. വ്യവസായ ശാലകളുടെ പ്രവർത്തനം അടിമുടി മാറ്റാൻ കഴിവുള്ള ഒരു ഉൽപ്പന്നമായാണ് ഒപ്റ്റിമസിനെ അദ്ദേഹം കാണുന്നത്. എന്നാൽ അവയുടെ വ്യാപകമായ ഉപയോഗം സാധ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നും സാങ്കേതിക തടസങ്ങൾ പലതും ഇനിയും മറികടക്കേണ്ടതുണ്ടെന്നും വിമർശകർ പറയുന്നു.

2026-ലെ അബൻഡൻസ് ഉച്ചകോടിയിൽ എഐയും റോബോട്ടിക്‌സും ഉത്പാദനം വൻതോതിൽ വർധിപ്പിക്കുന്ന ഒരു ഭാവിയെക്കുറിച്ച് മസ്‌ക് സംസാരിച്ചിരുന്നു. പരമ്പരാഗത ജോലിയെയും വരുമാനത്തെയും കുറിച്ചുള്ള ആശയങ്ങൾ പുനർവിചിന്തനം ചെയ്യാൻ ആ സാഹചര്യം മനുഷ്യരെ പ്രേരിപ്പിക്കും. മനുഷ്യർക്കെല്ലാം ഉയർന്ന വരുമാനം ലഭിക്കും. തൊഴിൽ ഏതുതന്നെ ആയാലും മനുഷ്യർക്ക് വളരെ ഉയർന്ന ജീവിത നിലവാരം ആസ്വദിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചിരുന്നു. പിന്നാലെയാണ് എഐ ഉടൻ മനുഷ്യനെ മറികടക്കുമെന്ന പ്രവചനം.