സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ചുള്ള ശക്തമായ സൂചനകള്‍ ലഭിച്ചതായി ശാത്രജ്ഞര്‍. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ കണ്ടെത്തിയതോടെയാണിത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് നാഴികക്കല്ലായി മാറിയേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) എന്നീ രണ്ട് വാതകങ്ങളാണ് കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തെ നിരീക്ഷിച്ചതില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ ജീവജാലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ് ഇവ. ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. പുതിയ കണ്ടെത്തല്‍ ആവേശം നല്‍കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്. 'ജീവജാലങ്ങള്‍ വസിക്കാനിടയുള്ള അന്യഗ്രഹ ലോകത്തിന്റെ ആദ്യ സൂചനകളാണിത്' - ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ രചയിതാവായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ആസ്‌ട്രോണമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആസ്‌ട്രോഫിസിസ്റ്റ് നിക്കു മധുസൂദനന്‍ പറയുന്നു.
ഈ ഗ്രഹം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, അവിടെ യഥാര്‍ഥ ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നില്ലെന്നും മറിച്ച് ഒരു ജൈവ പ്രക്രിയയുടെ സൂചകം ആണെന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും കണ്ടെത്തലുകളെ ജാഗ്രതയോടെ കാണണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗരയൂഥത്തിന് അപ്പുറത്തേക്ക് ജീവന്റെ സ്പന്ദനംതേടി നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 - 18 ബി. ജീവന്റെ പ്രധാന ഘടകമായ ജലം ഒരു ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ദൂരത്തിലുള്ള വാസയോഗ്യമായ മേഖലയിലാണ് ഇതുള്ളത്. സൂര്യനേക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു ഗ്രഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെ ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കെ 2 18 ബിയില്‍ നിന്നുള്ള വിവരങ്ങള്‍ ജിജ്ഞാസ ഉണ്ടാക്കുന്നതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എറ്റവും പുതിയ വിവരങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണ്. എന്നിരുന്നാലും വിവരങ്ങള്‍ കഴിയുന്നത്ര സമഗ്രമായി പരിശോധിക്കുന്നതില്‍ വളരെ ശ്രദ്ധവേണം. അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്ന ഡാറ്റ വിശകലനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ശാസ്ത്രലോകമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Alien Life Signs Found James Webb Telescope Discovery
Published: 17 Apr 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented