ന്യൂഡല്‍ഹി: നിര്‍മിതബുദ്ധിയുടെ കാലത്ത് തങ്ങളുടെ ശബ്ദവും രൂപവും ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ബോളിവുഡ് താരങ്ങള്‍. താരദമ്പതികളായ ഐശ്വര്യറായ് ബച്ചനും അഭിഷേക് ബച്ചനുമാണ് ഗൂഗിളിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള എഐ വീഡിയോകള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് ഇരുവരുടേയും ആവശ്യം. ഇതിന് പുറമെ യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഇത്തരം വീഡിയോകള്‍ എഐ പ്ലാറ്റ്‌ഫോമുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.
അമേരിക്കയിലെ പല സംസ്ഥാനങ്ങളേയും പോലെ 'വ്യക്തിത്വത്തിന് മേലുള്ള അവകാശങ്ങള്‍' സംരക്ഷിക്കാന്‍ ഇന്ത്യയില്‍ മതിയായ നിയമപരിരക്ഷയില്ല. ഇതിന് മുമ്പ് ചില താരങ്ങള്‍ സമാനമായ ആവശ്യങ്ങളുമായി കോടതികളെ സമീപിച്ചിട്ടുണ്ടെങ്കിലും ബച്ചന്‍ ദമ്പതികളെ പോലെ പ്രബലരായ രണ്ട് താരങ്ങള്‍ എഐയും വ്യക്തിത്വ അവകാശങ്ങളുമായി ബന്ധപ്പെട്ട് രംഗത്തുവന്നു എന്നുള്ളത് ശ്രദ്ധേയമാണ്. യൂട്യൂബിലെ തെറ്റിദ്ധാരണാജനകമായ ഡീപ്ഫേക്ക് വീഡിയോകള്‍ മറ്റ് എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കപ്പെടുമെന്ന് അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
യൂട്യൂബിന്റെ കണ്ടന്റ് പോളിസിയും തേഡ് പാര്‍ട്ടി ട്രെയിനിങ് പോളിസിയും ആശങ്കാജനകമാണെന്ന് സെപ്റ്റംബര്‍ ആറിന് നല്‍കിയ ഹര്‍ജികളില്‍ താരങ്ങള്‍ പറയുന്നു. ഈ നയപ്രകാരം, ഒരു ഉപയോക്താവ് നിര്‍മിച്ച വീഡിയോ മറ്റ് എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിക്കും. ഇത് തെറ്റിദ്ധാരണാജനകമായ ഉള്ളടക്കം കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഈ വിഷയത്തില്‍ ബച്ചന്‍ ദമ്പതികളോ അവരുടെ പ്രതിനിധികളോ ഗൂഗിള്‍ വക്താക്കളോ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാദം കേള്‍ക്കുന്ന ജനുവരി 15-ന് മുമ്പായി രേഖാമൂലം മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം ഗൂഗിളിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍, കോഫി മഗുകള്‍, സ്റ്റിക്കറുകള്‍, വ്യാജ ഒപ്പുകളുള്ള ചിത്രങ്ങള്‍ എന്നിവ അനധികൃതമായി കച്ചവടം ചെയ്യുന്നവരെയും ഐശ്വര്യയുടേയും അഭിഷേകിന്റേയും ഹര്‍ജി ലക്ഷ്യമിടുന്നു. 1500 പേജുള്ള ഹര്‍ജി്ബച്ചന്‍ ദമ്പതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഗിളില്‍ നിന്നും മറ്റ് എതിര്‍കക്ഷികളില്‍ നിന്നും 450,000 രൂപ നഷ്ടപരിഹാരവും ഇത്തരം ചൂഷണങ്ങള്‍ സ്ഥിരമായ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു
തങ്ങളുടെതായി പ്രചരിക്കുന്ന അശ്ലീല സ്വഭാവമുള്ളതും ഗുരുതരസ്വഭാവമുള്ളതും സാങ്കല്‍പ്പികമായ എഐ ള്ളടക്കങ്ങളുടെയും നൂറുകണക്കിന് ലിങ്കുകളും സ്‌ക്രീന്‍ഷോട്ടുകളും താരങ്ങള്‍ ഹര്‍ജിക്കൊപ്പം കോടതിയില്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ ആദ്യം തന്നെ 518 വെബ്‌സൈറ്റ് ലിങ്കുകളും പോസ്റ്റുകളും പിന്‍വലിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇത് ദമ്പതികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും അവരുടെ അന്തസ്സിനും സല്‍പ്പേരിനും ഹാനികരമാണെന്നും കോടതി നിരീക്ഷിച്ചു.
'എഐ ബോളിവുഡ് ഇഷ്‌ക്' എന്ന ഒരു യൂട്യൂബ് ചാനലില്‍ 'എഐ നിര്‍മിത ബോളിവുഡ് പ്രണയകഥകള്‍' പങ്കുവെക്കുന്നുണ്ടെന്നും ഈ ചാനലിലെ 259 വീഡിയോകള്‍ക്ക് 1.65 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ സല്‍മാന്‍ ഖാനും ഐശ്വര്യയും ഒരു നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന എഐ ആനിമേഷന്‍ വീഡിയോയ്ക്ക് 41 ലക്ഷം കാഴ്ച്ചക്കാരുണ്ട്. ഇത്തരം വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് അവ ജനപ്രിയമാകുമ്പോള്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നും അഭിനേതാക്കള്‍ ആരോപിക്കുന്നു.
Content Highlights: Bollywood couple Aishwarya Rai Bachchan and Abhishek Bachchan have sued Google and YouTube in Delhi High Court over AI-generated deepfake videos infringing their personality rights
Published: 02 Oct 2025, 10:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented