ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നു. എഐ അധിഷ്ടിത സെര്‍ച്ച് എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. എഐ യുടെ സഹായത്തോടെ ഇതുവഴി ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാം. ജിപിടി 4.1, ക്ലോഡ് 4.0 സോണറ്റ് പോലുള്ള മുന്‍നിര എഐ മോഡലുകളാണ് ഇതിനായി കമ്പനി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 

To advertise here,

പെര്‍പ്ലെക്‌സിറ്റി പ്രോയ്‌ക്കൊപ്പം ഗൂഗിള്‍, ഓപ്പണ്‍ എഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ എഐ മോഡലുകളിലേതും മാറി ഉപയോഗിക്കാം. 300 എഐ സെര്‍ച്ചുകള്‍ നടത്താന്‍ പെര്‍പ്ലെക്‌സിറ്റി എഐ ഉപയോഗിച്ച് സാധിക്കും. ഡോക്യുമെന്റുകളും ഫയലുകളും അപ് ലോഡ് ചെയ്ത് വിശകലനം ചെയ്യാം, സംഗ്രഹിക്കാം. ഡാല്‍-ഇ പോലുള്ള ടെക്‌സ്റ്റ് ടു ഇമേജ് ജനറേറ്ററുകളും ഇതില്‍ ലഭ്യമാണ്. 

17000 രൂപയാണ് ഒരു വര്‍ഷത്തെ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന് വേണ്ടത്. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴിയാണ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കാനാവുക. യോഗ്യതയുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. അവരുടെ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ 'Get 12 months of Perplexity Pro worth Rs 17,000 FREE' എന്ന ബാനര്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് പെര്‍പ്ലെക്‌സിറ്റി വെബ്‌സൈറ്റില്‍ സൈന്‍ അപ്പ് ചെയ്യുക. ഇതോടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. 

സാധാരണ ടെലികോം കമ്പനികള്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ സബ്ക്രിപ്ഷനാണ് ബണ്ടില്‍ ഓഫറായി വാഗ്ദാനം ചെയ്യാറ്. ഇത് ആദ്യമായാണ് ഒരു എഐ പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഒരു കമ്പനി വാഗ്ദാനം ചെയ്യുന്നത്.