ഭക്ഷണം തയ്യാറാക്കുന്നത് മുതൽ ഇ-മെയിൽ സന്ദേശം ടൈപ്പ് ചെയ്യുന്നതിനുവരെ എഐ ടൂളുകളുടെ സഹായം തേടുന്നവർ ഏറെയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽപോലും നിർമിതബുദ്ധി (എഐ) യുടെ സ്വാധീനം അത്രകണ്ട് വർധിച്ചിരിക്കുന്നു. നിസാര കാര്യങ്ങൾക്കുപോലും മിക്കവരും ആശ്രയിക്കുന്ന എഐയുടെ സ്വാധീനം യുദ്ധമുഖത്തുപോലും നിർണായകമായി മാറിയിരിക്കുന്നു എന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ വെളിപ്പെടുത്തുന്നത്.

To advertise here,

വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ അമേരിക്ക പിടികൂടിയത് മുതൽ ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽവരെ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തൽ. യുദ്ധമുഖത്ത് എഐ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് കൃത്യമായ വിശദീകരണം എഐ കമ്പനികളടക്കം ആരും ഇതുവരെ നൽകിയിട്ടില്ല.

ഇറാനിൽ ആക്രമണം നടത്തുന്നതിനായി രഹസ്യ വിവരങ്ങളുടെ വിലയിരുത്തൽ, ലക്ഷ്യസ്ഥാനം നിർണയിക്കൽ, യുദ്ധ സാഹചര്യങ്ങൾ പുനഃസൃഷ്ടിക്കൽ എന്നിവയ്ക്കായി യുഎസ് സെൻട്രൽ കമാൻഡ് ആന്ത്രോപിക്കിന്റെ ക്ലോഡ് എൈ ഉപയോഗിച്ചുവെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന് തൊട്ടുമുമ്പ് അമേരിക്കൻ യുദ്ധകാര്യ വകുപ്പും ആന്ത്രോപിക്കും തമ്മിൽ ഭിന്നതയിലാകുകയും ക്ലോഡ് ഉപയോഗിക്കുന്നത് നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെഡറൽ ഏജൻസികളോട് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ക്ലോഡ് പൂർണമായും ഒഴിവാക്കി ഇറാനിൽ ആക്രമണം നടത്താൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല എന്നാണ് പിന്നീട് വ്യക്തമായത്.

രഹസ്യ വിവരങ്ങളുടെ വിലയിരുത്തൽ, ലക്ഷ്യസ്ഥാനം നിർണയിക്കൽ എന്നിവകൊണ്ട് പ്രായോഗികമായി എന്താണ് അർഥമാക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. ക്ലോഡ് എഐ ആക്രമണ സ്ഥലങ്ങൾ അടയാളപ്പെടുത്തുകയോ നാശനഷ്ടങ്ങൾ കണക്കാക്കുകയോ ചെയ്യുന്നുണ്ടോ? ആരും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വവും ബാധ്യതയും ആര് ഏറ്റെടുക്കുമെന്ന ചോദ്യവും അവശേഷിക്കുന്നു.

വിമാന അപകട ദൃശ്യങ്ങൾ വിശകലനം ചെയ്യുക, സൈബർ ഭീഷണികൾ കണ്ടെത്തുക, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നയിക്കുക എന്നിവ പോലുള്ള കാര്യങ്ങൾക്ക് നിർമിതബുദ്ധി യുദ്ധത്തിൽ ഉപയോഗിക്കപ്പെടുന്നണ്ട്. കഴിഞ്ഞ നവംബറിൽ പെന്റഗണിനുവേണ്ടി ജോലികൾ ചെയ്യുന്ന ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയായ Palantir Technologies- യുമായി സഹകരിച്ച് ആന്ത്രോപിക് ക്ലോഡ് എന്ന എഐ മോഡലിനെ തീരുമാനങ്ങൾ എടുക്കുന്നതിലടക്കം സൈന്യത്തിന് പിന്തുണ നൽകാൻ കഴിയുന്ന എഐ സംവിധാനമാക്കി വികസിപ്പിച്ചിരുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ജനുവരിയിൽ ശബ്ദ നിയന്ത്രിത ഓട്ടോണമസ് ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ആന്ത്രോപിക് പെന്റഗണിന് സമർപ്പിച്ചിരുന്നു. മാരക പ്രഹരശേഷിയുള്ള ഡ്രോണുകൾ വികസിപ്പിക്കാനുള്ള ഈ പദ്ധതി പലകാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു.

തെറ്റുകൾ വരാൻ സാധ്യതയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത്തരം വിനാശകരമായ നീക്കങ്ങൾ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നടത്തുന്നത് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. എഐയുടെ ഏതെങ്കിലും തെറ്റായ വ്യാഖ്യാനം ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത നാശനഷ്ടങ്ങൾക്കാവും കാരണമാകുകയെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഗാസയിൽ ഹമാസുമായി ബന്ധമുളള സൈനിക ലക്ഷ്യങ്ങൾ തിരിച്ചറിയാൻ എഐ-ഡ്രൈവൺ ഡാറ്റാബേസ് ആയ Lavender ഉപയോഗിച്ചിരുന്നു. ഓരോ വ്യക്തികളെയും നിരീക്ഷിക്കുകയാണ് അത് ചെയ്തത്. സാമൂഹിക ബന്ധങ്ങളും ലൊക്കേഷൻ ഹിസ്റ്ററിയും പോലുള്ള വലിയ അളവിലുള്ള നിരീക്ഷണ ഡേറ്റ വിശകലനം ചെയ്ത് ഓരോ വ്യക്തിക്കും 1 മുതൽ 100 വരെ സ്‌കോർ നൽകി. ഒരു വ്യക്തിയുടെ സ്‌കോർ ഒരു നിശ്ചിത പരിധിക്ക് മുകളിലാകുമ്പോൾ Lavender അവരെ ഒരു സൈനിക ലക്ഷ്യമായി അടയാളപ്പെടുത്തി. Lavender 10 ശതമാനം തെറ്റുവരുത്തിയിരുന്നു എന്നാണ് ഇസ്രായേലി-പലസ്തീനിയൻ വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ട് ആരോപിക്കുന്നത്.

ജെനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 36 പുതിയ ആയുധ സംവിധാനങ്ങൾ വിന്യസിക്കുന്നതിന് മുമ്പ് പരീക്ഷിക്കണമെന്ന് നിർദേശിക്കുന്നുണ്ട്. എന്നാൽ ഒരു എഐ സംവിധാനം അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം ഒരു പുതിയ സംവിധാനമായി മാറുന്നു. ഇത് നിയമം അനുശാസിക്കുന്നതുപോലെ പരീക്ഷിക്കുന്നത് ഏതാണ്ട് അസാധ്യമാക്കുന്നു. ഈ സാങ്കേതികവിദ്യ ഇതിനകം യുദ്ധത്തിൽ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വ്യക്തതയുടെ അഭാവം വലിയ ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നതാണ്. ഒരു മനുഷ്യനെ കൊല്ലണോ വേണ്ടയോ എന്ന് ഒരു യന്ത്രം തീരുമാനിക്കുന്നതാണ് ഗൗരവമേറിയ പ്രശ്‌നം. അത് അനുവദിക്കണോ വേണ്ടയോ എന്ന് ലോകം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.