
ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കപ്പെടുന്ന ഡൊമൈൻ നാമമായി ai.com മാറിയെന്നും. ക്രിപ്റ്റോ.കോം സിഇഒ ക്രിസ് മാർഷലെക് ഏഴ് കോടി ഡോളറിന് ഈ ഡൊമൈൻ വാങ്ങിയെന്നുമുള്ള വാർത്ത ദിവസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ നിറഞ്ഞിരുന്നു. മലേഷ്യൻ സംരംഭകനായ ആരിസാൻ ഇസ്മായിലിന്റെ പക്കൽ നിന്നാണ് മാർഷലെക് ഈ ഡൊമൈൻ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ ബൗൾ എൽഎക്സ് ടൂർണമെന്റിനിടെ അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ഈ ഡൊമെയ്ൻ വീണ്ടും ചർച്ചയായത്. ഏജന്റിക് എഐ"യിൽ (agentic AI) അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോമിനായാണ് ക്രിപ്റ്റോ.കോം ഇത് ഉപയോഗിക്കുന്നത്.
1993 ൽ തന്റെ പത്താംവയസിൽ അമ്മയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വെറും 300 രൂപയ്ക്കാണ് ഇസ്മായിൽ ഈ ഡൊമൈൻ വാങ്ങിയതെന്നായിരുന്നു കഥ. വേൾഡ് വൈഡ് വെബ് ഔദ്യോഗിക പബ്ലിക് ഡൊമെയ്നായി മാറി വെറും അഞ്ചു ദിവസത്തിനുശേഷം, 1993 മെയ് 4-നാണ് ഈ ഡൊമെയ്ൻ രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അക്കാലത്ത് മലേഷ്യയിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ വളരെ പിന്നിലായിരുന്നു. ഈ സമയം ഇസ്മായിൽ ഡൊമൈൻ വാങ്ങിയെന്നത് സംശയാസ്പദമാണെന്ന് ഇപ്പോൾ ചില റിപ്പോർട്ടുകൾ പറയുന്നു. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത് 2005 കാലഘട്ടത്തിലാണ്.
യഥാർത്ഥത്തിൽ 2021-ൽ SAW.com എന്ന ഡൊമെയ്ൻ ബ്രോക്കറേജ് സൈറ്റിൽ നിന്നാണ് ആർസ്യാൻ ഈ ഡൊമൈൻ വാങ്ങിയത്. ഈ തുക എത്രയാണെന്ന് വ്യക്തമല്ല. കുവൈത്തി സ്വദേശി തുനയൻ ഖാലിദ് അൽ-ഗാനിമിന്റെ ഉടമസ്ഥതയിലുള്ള ഡൊമെയ്ൻ നെയിം ഹോൾഡിങ് കമ്പനിയായ ഫ്യൂച്ചർ മീഡിയ ആർക്കിടെക്റ്റ്സ് ഐഎൻസി ആയിരുന്നു ഈ ഡൊമെയ്ന്റെ മുൻ ഉടമസ്ഥർ. 70 ദശലക്ഷം ഡോളറിന് ഈ ഡൊമെയ്ൻ മറിച്ച് വിറ്റത് ശ്രദ്ധേയമായ ഒരു ബിസിനസ് ഇടപാടാണെങ്കിലും, ഈ ഡൊമൈൻ ഭാവിയിൽ എഐ എത്രത്തോളം വളരുമെന്ന് മുൻകൂട്ടി കണ്ട് ഡൊമൈൻ വാങ്ങി സൂക്ഷിച്ച ഒരു അത്ഭുതബാലനായിരുന്നില്ല അർസ്യാൻ.
എന്നാൽ മാർഷലെക്ക് ഈ ഡൊമൈൻ ഏറ്റെടുത്തത് അതിന്‍റെ പ്രാധാന്യം മനസിലാക്കിക്കൊണ്ടുതന്നെയാണെന്ന് വ്യക്തം. തന്റെ കമ്പനിക്ക് ai.com പോലൊരു പ്രീമിയം ഡൊമൈൻ ലഭിക്കുകയെന്നത് വലിയ നേട്ടമാണെന്ന് മാർഷലെക്കിന് അറിയാമായിരുന്നു. ഒരു സാധാരണ കമ്പനിയായി തരംതാഴ്ത്തപ്പെടാതിരിക്കാനാണ് മാർഷലെക് വലിയ വിലകൊടുത്ത് ഡൊമൈൻ സ്വന്തമാക്കിയത്.
Content Highlights: The $70 Million Domain Mystery: Did a 10-Year-Old Really Buy ai.com for ₹300?
Published: 13 Feb 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented