ആപ്പിളിന്റെയും സാംസങ്ങിന്റെയും പാത പിന്തുടർന്ന് ഓപ്പൺ എഐയും സ്മാർട്ഫോൺ നിർമാണരംഗത്തേക്ക് ഇറങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോയാണ് തന്റെ ഗവേഷണക്കുറിപ്പിൽ ഇക്കാര്യം പറയുന്നത്. നിർമിത ബുദ്ധി (AI) ഏജന്റുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു സ്മാർട്ഫോൺ നിർമിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഓപ്പൺ എഐ എന്ന് അദ്ദേഹം പറയുന്നു. ആപ്പിളിന്റെയും ഗൂഗിൾ സ്മാർട്ഫോണുകളിലും സുപരിചിതമായ ആപ്ലിക്കേഷനുകൾക്ക് പകരമായിരിക്കും ഈ നിർമിത ബുദ്ധി (AI) ഏജന്റുകളെന്നും അദ്ദേഹം പറയുന്നു.
നേരത്തേതന്നെ ഇങ്ങനെ ഒരു സാധ്യത പ്രതീക്ഷിച്ചിരുന്നതാണ്. ആപ്പിളിന്റേതുൾപ്പെടെ വരാനിരിക്കുന്ന ഉല്പന്നങ്ങളുടെ സവിശേഷതകൾ മുൻകൂർ പ്രവചിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ മിങ് ചി കുവോയും ഈ പ്രവചനവുമായി രംഗത്തെത്തുന്നതോടെ ആ സാധ്യത കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്.
പൂർണമായും നിർമിത ബുദ്ധി (AI) ഏജന്റുകൾ അടിസ്ഥാനമാക്കിയുള്ള ഫോണായിരിക്കുമിതെന്ന് കുവോ പറയുന്നു. മൊബൈൽ ആപ്പുകൾക്ക് പകരമായിരിക്കും നിർമിത ബുദ്ധി (AI) ഏജന്റുകളുടെ സാന്നിധ്യം. വെവ്വേറെ ആപ്പുകൾക്ക് പകരം പല ജോലികൾ ചെയ്യാനാവുന്ന നിർമിത ബുദ്ധി (AI) ഏജന്റുകൾ ഓപ്പൺ എഐ സ്മാർട്ഫോണിലുണ്ടാവും. കാബ് ബുക്ക് ചെയ്യുക, ഷെഡ്യൂൾ കൈകാര്യം ചെയ്യുക, ഫയലുകൾ എഡിറ്റ് ചെയ്യുക, സന്ദേശങ്ങൾ അയക്കുക തുടങ്ങി പല ജോലികൾ കേവലം ശബ്ദനിർദേശത്തിലൂടെയോ ടൈപ്പ് ചെയ്തു നൽകുന്ന നിർദേശങ്ങളിലൂടെയോ ചെയ്യാൻ ഈ നിർമിത ബുദ്ധി (AI) ഏജന്റുകൾക്ക് സാധിക്കും. നിങ്ങളുടെ ഇടപെടലില്ലാതെ നിങ്ങൾക്ക് വേണ്ടി സ്വയം പ്രവർത്തിക്കുന്ന ഉപകരണമായിരിക്കും ഈ നിർമിത ബുദ്ധി (AI) അധിഷ്ഠിത സ്മാർട്ഫോൺ.
ക്വാൽകോമും മീഡിയാടെക്കുമായി സഹകരിച്ച് ഓപ്പൺ എഐ സ്മാർട്ഫോൺ ചിപ്പ് നിർമിക്കുമെന്നും ലക്സ്ഷെയർ നിർമാണപങ്കാളിയായിരിക്കുമെന്നും കുവോ പറയുന്നു. ഇതിനുപുറമെ, ആപ്പിളിന്റെ മുൻ ഡിസൈനറായ ജോണി ഐവിന്റെ വലിയ പിന്തുണയും ഓപ്പൺ എഐക്ക് ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്റ്റാർട്ടപ്പായ 'ലോ'-യെ 640 കോടി ഡോളറിന് ഓപ്പൺ എഐ സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഈ പുതിയ ഉല്പന്നത്തിൽ ജോണി ഐവ് സജീവമായി ഇടപെടുന്നുണ്ട്.
സ്മാർട്ഫോൺ രംഗത്തേക്കുള്ള വരവിന് പിന്നിലെന്ത്?
നിർമിത ബുദ്ധി രംഗത്തെ മുൻനിര സാന്നിധ്യമാണ് ഓപ്പൺ എഐ എന്നതിൽ സംശയമില്ല. ശക്തമായ നിർമിത ബുദ്ധി (AI) മോഡലുകൾ കമ്പനിക്ക് ഉണ്ടെങ്കിലും താഴെത്തട്ടിലുള്ള ഉപഭോക്താക്കളിലേക്ക് തങ്ങളുടെ സാങ്കേതികവിദ്യ നേരിട്ട് എത്തിക്കാനുള്ള ഒരിടം ഓപ്പൺ എഐക്കില്ല. അതിനായി പലപ്പോഴും തേഡ് പാർട്ടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടിവരുന്നു എന്നത് ഓപ്പൺ എഐ നേരിടുന്ന വെല്ലുവിളിയാണ്.
ആൻഡ്രോയിഡ് ഫോണുകളുടെ ആഗോളശൃംഖല ജെമിനി എഐക്ക് ഗുണം ചെയ്യുന്നത് പോലെ സ്മാർട്ഫോൺ രംഗത്തേക്ക് കടന്നുവരുന്നതോടെ ഓപ്പൺ എഐക്ക് ലഭിക്കും. ഉപയോക്താവിന്റെ ലൊക്കേഷൻ, ആക്റ്റിവിറ്റി, ആശയവിനിമയം എന്നിവയുൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ നിർമിത ബുദ്ധി (AI) ഏജന്റുകൾക്ക് കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവസരമൊരുക്കും.
അതേസമയം, സാംസങ്ങും ആപ്പിളും അതിനുള്ള ശ്രമങ്ങൾ നടത്തുന്നില്ല എന്നല്ല, ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലുമെല്ലാം നിർമിത ബുദ്ധി (AI) ഏജന്റുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ കമ്പനികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights: OpenAI is reportedly developing a groundbreaking smartphone centered around AI agents that could replace traditional apps, collaborating with legendary designer Jony Ive and chipmakers like Qualcomm.
Published: 28 Apr 2026, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented