ലണ്ടൻ: സ്ത്രീകളുടെയും കുട്ടികളുടെയും വ്യാജ അശ്ലീലചിത്രങ്ങൾ പടച്ചുവിടുന്നത് വർധിച്ച സാഹചര്യത്തിൽ ഇലോൺ മസ്‌കിന്റെ നിർമിത ബുദ്ധി (എഐ) ചാറ്റ്ബോട്ടായ ഗ്രോക് പ്രതിക്കൂട്ടിൽ. ഇക്കാര്യത്തിൽ അടിയന്തരനടപടി വേണമെന്ന് മസ്‌കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിനോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി ഡിജിറ്റൽ സുരക്ഷാചട്ടങ്ങൾ പ്രാബല്യത്തിലാക്കണമെന്ന് പോളണ്ടിലെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

To advertise here,

ഗ്രോക് അശ്ലീലചിത്രങ്ങൾ പടച്ചുവിടുന്നതിനെ യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇന്ത്യ, മലേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ അപലപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 72 മണിക്കൂറിനകം സമർപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഗ്രോക് പുറത്തിറക്കിയ, അതിവേഗം ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുതകുന്ന 'ഗ്രോക് ഇമാജിൻ' എന്ന സങ്കേതമാണ് പ്രശ്‌നക്കാരൻ. എഴുതിനൽകുന്ന നിർദേശപ്രകാരം (പ്രോംറ്റ്) ഉപയോക്താക്കളുടെ ആവശ്യാനുസരണം വീഡിയോകളും ചിത്രങ്ങളും പടച്ചുവിടാൻ അതിനുകഴിയും. അതുവഴി ലൈംഗികച്ചുവയുള്ളതും അശ്ലീലമായ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടു.

സന്നദ്ധസംഘടനയായ എഐ ഫൊറൻസിക്സ് ഡിസംബർ 25 മുതൽ ജനുവരി ഒന്നുവരെ ഗ്രോക് സൃഷ്ടിച്ച 20,000 ചിത്രങ്ങൾ വിശകലനം ചെയ്തിരുന്നു. അതിൽ രണ്ടുശതമാനം ചിത്രങ്ങളും 18 വയസ്സോ അതിൽ താഴെയോ ഉള്ള വ്യക്തികളുടേതാണെന്ന് കണ്ടെത്തി. അതേസമയം, ഇത്തരം നിയമവിരുദ്ധ ഉള്ളടക്കത്തിനെതിരേ നടപടി സ്വീകരിക്കുന്നുണ്ടെന്ന് എക്‌സ് അവകാശപ്പെട്ടു. അവ നീക്കംചെയ്യുമെന്നും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ സ്ഥിരമായി സസ്‌പെൻഡ് ചെയ്യുമെന്നും അറിയിച്ചു.