ജാപ്പനീസ് സെമികണ്ടക്ടർ ടെസ്റ്റ് എക്യുപ്‌മെന്റ് വിതരണക്കാരായ അഡ്വാന്റസ്റ്റ്‌സിനെതിരെ (Advantest) വൻ റാൻസംവെയർ ആക്രമണം. അടുത്തിടെ കമ്പനിതന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

To advertise here,

ഫെബ്രുവരി 15 ഞായറാഴ്ച തങ്ങളുടെ ഐ.ടി. സംവിധാനങ്ങളിൽ അസാധാരണ ആക്ടിവിറ്റി ശ്രദ്ധിക്കപ്പെട്ടുവെന്ന് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉടൻതന്നെ തങ്ങൾ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്നും ബാധിക്കപ്പെട്ട സിസ്റ്റങ്ങൾ മാറ്റിനിർത്തിയെന്നും കമ്പനി പറഞ്ഞു. പുറത്തുനിന്നുള്ള സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായവും കമ്പനി തേടി.

അനധികൃതമായി നുഴഞ്ഞുകയറിയവർ കമ്പനിയുടെ നെറ്റ്‌വർക്കിന്റെ ചില ഭാഗങ്ങളിൽ പ്രവേശിക്കുകയും റാൻസംവെയർ വിന്യസിക്കയും ചെയ്തതായാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നോ എത്രയാളുകളെ ഈ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ടെന്നോ അഡ്വാന്റസ്റ്റ്‌സിന് അറിയില്ല. അന്വേഷണത്തിലൂടെ മാത്രമേ അത് മനസ്സിലാവുകയുള്ളൂ എന്നും കണ്ടെത്തുന്നപക്ഷം അവരെ അറിയിക്കുമെന്നും മാർഗനിർദേശങ്ങൾ നൽകുമെന്നും കമ്പനി പറഞ്ഞു.

നിർമാണത്തിനിടെ സെമികണ്ടക്ടറുകളും ഇലക്ട്രോണിക് ഭാഗങ്ങളും അളക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ടെസ്റ്റ് എക്യുപ്‌മെന്റുകൾ രൂപകല്പന ചെയ്ത് നിർമിക്കുന്ന കമ്പനിയാണ് അഡ്വാന്റസ്റ്റ്. ടോക്കിയോ ആസ്ഥാനമായാണ് കമ്പനിയുടെ പ്രവർത്തനം. ആഗോളതലത്തിൽ 6500 ജീവനക്കാർ കമ്പനിക്കുണ്ട്.