കോഴിക്കോട്: ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായമില്ലാതെ പോലീസ് ഓഫീസർമാർക്ക് ഇനി കേസിലുൾപ്പെട്ടവരെ വിരലടയാളംനോക്കി പിടികൂടാം. രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട 1.25 കോടിപേരുടെ വിവരങ്ങളുമായി കേന്ദ്രസർക്കാരിന്റെ അഭിജ്ഞാൻ ആപ്പ് തയ്യാറാകുന്നു.

To advertise here,

ഇതോടെ മയക്കുമരുന്ന്, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളിൽ ഒളിവിൽപ്പോയവരെ തിരിച്ചറിയാൻ പോലീസുകാർക്ക് വിരലടയാള വിദഗ്ധരെ ആശ്രയിക്കേണ്ട.സംശയാസ്പദ സാഹചര്യത്തിൽ കാണുന്നവരുടെ ചരിത്രം തിരിച്ചറിയാനും സഹായിക്കും.

കേസിന്റെ എല്ലാ വിവരവും ആപ്പിലുണ്ടാകും. ആറുമാസത്തിനകം ആപ്പ് സജ്ജമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെ ഫിംഗർ പ്രിന്റ് ബ്യൂറോ ഡയറക്ടർമാർക്ക് നിർദേശം നൽകി.

ഡിസംബറോടെ സംസ്ഥാനത്ത് ഇത് പൂർണരൂപത്തിൽ നടപ്പാക്കാനാകുമെന്നാണ് കേരള പോലീസിന്റെ കണക്കുകൂട്ടൽ.

ഈവർഷം സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട രണ്ടുലക്ഷത്തോളം പേരുടെ പേരുവിവരങ്ങൾ ആപ്പിലേക്ക് ശേഖരിച്ചുകഴിഞ്ഞു. പകുതിയിലേറെപ്പേരും മോഷണത്തിന് പിടിയിലായവരാണ്.

മയക്കുമരുന്നുകാരെ തൂഫാനാക്കാം

ആപ്പുപയോഗിച്ചുള്ള പരിശോധനയിൽ മയക്കുമരുന്ന് കടത്തുകാരെ വേഗം തിരിച്ചറിയാൻ കഴിയും. ആപ്പുമായി ബന്ധിപ്പിച്ച കേന്ദ്ര ഡേറ്റാബേസിൽ മയക്കുമരുന്ന് കേസിൽപ്പെട്ട ഏകദേശം 9.91 ലക്ഷത്തിലധികംപേരുടെയും 3.65 ലക്ഷത്തിലധികം മനുഷ്യക്കടത്ത് കേസ് പ്രതികളുടെയും വിവരങ്ങളുമുണ്ട്. വിരലടയാള വിദഗ്ധരില്ലാതെ കുറ്റവാളികളെ തത്സമയം തിരിച്ചറിയാം.