സാംസങിന്റെ പുതിയ ഗാലക്സി Z ഫ്ലിപ്പ് 8 സ്മാർട്ഫോൺ വിപണിയിലെത്തിയിരിക്കുന്നു. ബുധനാഴ്ച നടന്ന സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റിലാണ് പുതിയ ഡിവൈസ് അവതരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ വിലവർധനവുമായാണ് പുതിയ ഫോണിന്റെ വരവ്. ഡിസൈനിലും സോഫ്റ്റ്‌വെയറിലും ചില മാറ്റങ്ങളുമുണ്ട്.

To advertise here,

2025-ൽ പുറത്തിറങ്ങിയ ഗാലക്സി Z ഫ്ലിപ്പ് 7-ന്റെ ബേസ് മോഡലായ 12 ജി.ബി.+256 ജി.ബി. പതിപ്പിന് 1,09,999 രൂപയായിരുന്നു വില. എന്നാൽ ഇതേ പതിപ്പിന് Z ഫ്ലിപ്പ് 8-ൽ ഇപ്പോൾ 1,24,999 രൂപയാണ് വില. മുൻ പതിപ്പുകളേക്കാൾ ഭാരവും കനവും കുറവാണ് പുതിയ ഫോണിന്. 180 ഗ്രാം ഭാരമുള്ള Z ഫ്ലിപ്പ് 8 വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫ്ലിപ്പ് ഫോൺ ആണ്. അൺഫോൾഡ് ചെയ്താൽ ഫോണിന്റെ കനം 6.1 മില്ലിമീറ്റർ മാത്രമാണ്. Z ഫ്ലിപ്പ് 7-ന് 6.8 മില്ലിമീറ്റർ ആയിരുന്നു. വിപണിയിലെ പ്രധാന എതിരാളിയായ മോട്ടോറോള റേസർ അൾട്രയുടെ കനം 7.2 മി.മീ. ആണെന്നതും ശ്രദ്ധേയമാണ്.

ഫോൺ നിവർത്താതെ തന്നെ സുഗമമായി ഉപയോഗിക്കാം എന്നതാണ് Z ഫ്ലിപ്പ് 8-ന്റെ സവിശേഷത. അത്യാവശ്യമുള്ള ആപ്പുകൾ കവർ സ്ക്രീനിലേക്ക് മാറ്റുക ഇപ്പോൾ കൂടുതൽ എളുപ്പമാണ്. കവർ സ്ക്രീനിൽ മുകളിലേക്ക് സ്ക്രോൾ ചെയ്ത് ആഡ് ആപ്പ്സ് തിരഞ്ഞെടുത്താൽ ഫോണിലെ ഏത് ആപ്പും കവർ സ്ക്രീനിൽ ലഭിക്കും. കവർ സ്ക്രീനിൽ റീസന്റ് ആപ്പ്സ് ഷോർട്ട്കട്ടും ഇപ്പോൾ ലഭ്യമാണ്. ഫോണിന്റെ കൂടുതൽ ഫീച്ചറുകൾ താഴെ നൽകിയിരിക്കുന്നു.

1. ഡിസ്പ്ലേ

6.9 ഇഞ്ച് വലിപ്പമുള്ള FHD+ ഡൈനാമിക് അമോലെഡ് 2X പ്രധാന ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇതിൽ 1-120 Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, വെളിച്ചമുള്ളപ്പോഴും കാഴ്ചകൾ കൂടുതൽ വ്യക്തമാക്കുന്ന വിഷൻ ബൂസ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തുള്ള 4.1 ഇഞ്ച് സൂപ്പർ അമോലെഡ് കവർ ഡിസ്പ്ലേയ്ക്ക് 60/120 Hz റിഫ്രഷ് റേറ്റ് ലഭ്യമാണ്.

2. ക്യാമറ

റിയർ പ്രോവിഷ്വൽ എഞ്ചിൻ സപ്പോർട്ടുള്ള 50 MP വൈഡ്-ആംഗിൾ ക്യാമറ (2X ഒപ്റ്റിക്കൽ ക്വാളിറ്റി സൂം, OIS എന്നിവയോടെ), ഒപ്പം 12 MP അൾട്രാ-വൈഡ് ക്യാമറ എന്നിവയാണുള്ളത്. ഇവ സ്വാഭാവികമായ സ്കിൻ ടോണുകളും മികച്ച ഡീറ്റെയിലിംഗും നൽകുന്നു. 10 MP സെൽഫി ക്യാമറയാണുള്ളത്. സൂം റോക്കറുള്ള 'കാംകോർഡർ ഗ്രിപ്പ്' വീഡിയോ എടുക്കുമ്പോൾ ഫോൺ പിടിക്കാൻ കൂടുതൽ സൗകര്യം നൽകുന്നു. വീഡിയോ എടുക്കുമ്പോൾ ചലിച്ചുകൊണ്ടിരിക്കുന്ന ഒബ്ജക്റ്റിനുമേൽ ഫോക്കസ് ലോക്ക് ചെയ്യുന്നതിന് ക്യാമറയിലെ 'സൂപ്പർ സ്റ്റെഡി' ഫീച്ചറിൽ പുതിയതായി ഹൊറിസോണ്ടൽ ലോക്ക് ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലെക്സ് വിൻഡോയിലൂടെ മികച്ച മിറർ സെൽഫികൾ എടുക്കാൻ ഫ്ലിപ്പ്ഷോട്ട് ഫീച്ചറും സഹായിക്കുന്നു.

3. പ്രൊസസറും ബാറ്ററിയും

Exynos2600 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 12 GB റാമിനൊപ്പം 256 GB, 512 GB എന്നീ രണ്ട് ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ ലഭ്യമാണ്. 4,300 mAh ശേഷിയുള്ള ഡ്യുവൽ ബാറ്ററിയാണ് ഇതിലുള്ളത്. 25W അഡാപ്റ്റർ ഉപയോഗിച്ച് വെറും 30 മിനിറ്റിൽ 55% വരെ അതിവേഗം ചാർജ് ചെയ്യാം. കൂടാതെ 15W ഫാസ്റ്റ് വയർലെസ് ചാർജിംഗും വയർലെസ് പവർഷെയർ ഫീച്ചറുമുണ്ട്.

മറ്റു പ്രധാന സവിശേഷതകൾ:

ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള One UI 9 ആണ് ഫോണിലുള്ളത്. IP48 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഇതിനുണ്ട് (1.5 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് വരെ കേടുപാടുകൾ സംഭവിക്കില്ല). 5G, Wi-Fi 7, ബ്ലൂടൂത്ത് v5.4 എന്നിവ ഇത് സപ്പോർട്ട് ചെയ്യുന്നു. ഗ്രാഫൈറ്റ്, ക്രീം, പിങ്ക് എന്നീ നിറങ്ങൾക്ക് പുറമെ സാംസങ് വെബ്സൈറ്റിലൂടെ മാത്രം ലഭിക്കുന്ന മിന്റ് നിറത്തിലും ഫോൺ വാങ്ങാവുന്നതാണ്. ആമസോണിൽ നിന്നും മറ്റ് റീട്ടെയിൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.