തിശക്തമായ ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി റിയല്‍മി. ബുധനാഴ്ച ചൈനയില്‍ നടന്ന 828 ഫാന്‍ ഫെസ്റ്റിവലിലാണ് കമ്പനി ഏറ്റവും പുതിയ രണ്ട് കണ്‍സപ്റ്റ് ഫോണുകള്‍ അവതരിപ്പിച്ചത്. അതിലൊന്ന് 15000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന ആശയമാണ്. ഈ ഫോണില്‍ 50 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈമും മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവുന്ന റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവും ഉണ്ടാകും. ഗെയിമര്‍മാര്‍ക്ക് വേണ്ടി ഫോണിന്റെ താപനില ഉയരുന്നത് നിയന്ത്രിക്കുന്നതിനുള്ള ഫാന്‍ ഘടിപ്പിച്ച ചില്‍ ഫാന്‍ ഫോണ്‍ ആണ് റിയല്‍മി അവതരിപ്പിച്ച രണ്ടാമത്തെ കണ്‍സപ്റ്റ് ഫോണ്‍. 

To advertise here,

15000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ ഒറ്റ ചാര്‍ജില്‍ 25 സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി കാണാമെന്ന് റിയല്‍മി വൈസ് പ്രസിഡന്റ് ചേസ് ഷു പറയുന്നു. തുടര്‍ച്ചയായി 18 മണിക്കൂര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യാനും 30 മണിക്കൂര്‍ നേരം ഗെയിം കളിക്കാനും  സാധിക്കും. എന്നാല്‍ സാധാരണ ഉപയോഗം മാത്രമാണെങ്കില്‍ അഞ്ച് ദിവസം ഫോണില്‍ ചാര്‍ജ് നില്‍ക്കും. സ്റ്റാന്റ്‌ബൈ മോഡില്‍ മൂന്ന് മാസം വരെയും ഫോണ്‍ ഓണ്‍ ആയി കിടക്കും. 

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 6.0 ആയിരിക്കും ഇതിലെന്നാണ് സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നല്‍കുന്ന സൂചന. മീഡിയാ ടെക് ഡൈമെന്‍സിറ്റി 7300 പ്രൊസറില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ടാവും. വിര്‍ച്വല്‍ സ്റ്റോറേജ് സംവിധാനം വഴി 12 ജിബി സ്‌റ്റോറേജ് കൂടി ഉപയോഗിച്ച് റാം വര്‍ധിപ്പിക്കാനുമാവും. 

പികെപി110 എന്നാണ് ഫോണിന്റെ മോഡല്‍ നമ്പര്‍. ഫോണിന് 6.7 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കുമെന്നും സൂചനയുണ്ട്. ടീസര്‍ ചിത്രങ്ങളില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഫോണിനുള്ളതെന്ന് കാണാം.

അതേസമയം 'ബില്‍റ്റി എസി' ഉള്ള ഫോണ്‍ എന്നാണ് റിയല്‍മി ചില്‍ ഫോണ്‍ വിശേഷിപ്പിക്കപ്പെടുന്നത്. ലാപ്‌ടോപ്പുകള്‍ക്ക് സമാനമായാണ് ഇതില്‍ ഫാന്‍ ഘടിപ്പിച്ചിരിക്കുന്നത്. ചൂട് കാറ്റ് പുറത്ത് പോവാന്‍ ചെറിയൊരു വെന്റ് ഗ്രില്ലും ഫോണിന്റെ ഇടത് ഭാഗത്ത് ഫ്രെയിമില്‍ കൊടുത്തിട്ടുണ്ട്. ഗെയിമിങ്ങിനിടെ ഫോണ്‍ ചൂടാവുമ്പോള്‍ അത് തണുപ്പിക്കാന്‍ ഈ ഫാന്‍ സഹായകമാവും.