ഒടുവില്‍ നത്തിങ്ങ് ഫോണ്‍ 3 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ 3 ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തീര്‍ച്ചയായും നത്തിങ്ങിന്റെ സുപ്രധാന വിപണികളിലൊന്നായ ഇന്ത്യയിലും ഫോണ്‍ എത്തും.

To advertise here,

നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡല്‍ സ്മാര്‍ട്‌ഫോണ്‍ ആണ് ഫോണ്‍ 3. ഇതിന്റെ ബേസ് മോഡലിന് 79999 രൂപയാണ് ഇന്ത്യയില്‍ വില. ടോപ്പ് വേരിയന്റിനാകട്ടെ 89999 രൂപ വില വരും. എങ്കിലും ബാങ്കുകളില്‍ നിന്നുള്ള ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി 62999 രൂപ വരെ വില കുറയ്ക്കാന്‍ സാധിക്കും. ജൂലായ് 15 മുതലാണ് ഫോണിന്റെ വില്‍പന ആരംഭിക്കുക. 

ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍4 ചിപ്പ്‌സെറ്റ് ശക്തിപകരുന്ന ഫോണില്‍ 6.67 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ബേസ്  വേരിയന്റിന് 12ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ടോപ്പ് വേരിയന്റിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ടാവും. 

ഫോണ്‍ 2 ല്‍ നിന്ന് വ്യത്യസ്തമായ പരിഷ്‌കരിച്ച ക്യാമറ സംവിധാനമാണ് ഫോണ്‍ 3 ല്‍. മൂന്ന് ക്യാമറകളാണ് പുതിയ ഫോണില്‍ നല്‍കിയിരിക്കുന്നത്. എല്ലാം 50 മെഗാപിക്‌സലിന്റേത് തന്നെ. ക്യാമറകളിലൊന്നില്‍ 3എക്‌സ് ഒപ്റ്റിക്കല്‍ സൂമുള്ള പെരിസ്‌കോപ്പ് ലെന്‍സാണ് നല്‍കിയിരിക്കുന്നത്. ഒപ്പം അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. 

5500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.  65 വാട്ട് ചാര്‍ജിങ് സൗകര്യവുണ്ട്. 12 വാട്ട് വയര്‍ലെസ് ചാര്‍ജിങ് ഫീച്ചറും ഇതിലുണ്ട്. ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന നത്തിങ് ഒഎസ് 3.5 സോഫ്റ്റ് വെയര്‍ ചില എഐ ഫീച്ചറുകളും ലഭ്യമാണ്. ഐപി 68 സര്‍ട്ടിഫിക്കേഷനുള്ള വാട്ടര്‍ ഡസ്റ്റ് പ്രൊട്ടക്ഷന്‍ സംവിധാനമാണിതില്‍. 

ഡിസൈനിലെ മാറ്റം

നത്തിങ് ഫോണ്‍ 3യിലെ പ്രകടമായ മാറ്റം അതിന്റെ ഡിസൈനാണ്. നത്തിങ്ങ് ഫോണുകളില്‍ സാധാരണമായിരുന്ന ഗ്ലിഫ് ഇന്റര്‍ഫെയ്‌സ് എന്ന പ്രകാശ സംവിധാനം പുതിയ ഫോണില്‍ ഒഴിവാക്കി. പകരം ഗ്ലിഫ് മാട്രിക്‌സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.  ഫോണിന്റെ ബാക്ക് പാനലില്‍ മുകളില്‍ വലത് വശത്തായി നല്‍കിയിരിക്കുന്ന വൃത്താകൃതിയുള്ള ഭാഗമാണിത്. 489 മൈക്രോ എല്‍ഇഡികള്‍ കൊണ്ടുള്ള ഒരു പിക്‌സല്‍ സ്‌ക്രീന്‍ ആണിത്. ഒരു ഫണ്‍ എലമെന്റ് എന്ന രീതിയില്‍ ഇത് ഉപയോഗപ്പെടുത്താം. ഈ സ്‌ക്രീനില്‍ വിവിധ ഗ്ലിഫ് ടോയ്കള്‍ പ്രദര്‍ശിപ്പിക്കാം. പഴയ നോക്കിയ 1100 പോലുള്ള ഫോണുകളില്‍ ഉണ്ടായിരുന്ന വാള്‍പേപ്പര്‍ ചിത്രങ്ങള്‍ക്ക് സമാനമാണിത്.  ഗ്ലിഫ് മാട്രിക്‌സിലെ ഗ്ലിഫ് ടോയ്കള്‍ മാറ്റുന്നതിന് വൃത്താകൃതിയിലുള്ള ബട്ടനും ഫോണില്‍ നല്‍കിയിട്ടുണ്ട്. 

പുതിയരീതിയിലാണ് റിയര്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ ഫോണുകളില്‍ ക്യാമറകളെ ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കുന്നതിന് പ്രത്യേകം മോഡ്യൂളോ ക്രമമോ ഇല്ലാതെയാണ് നത്തിങ് ഫോണ്‍ 3യില്‍ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് നത്തിങ് ഫോണ്‍ 3 യുടെ വില്‍പന. ജൂലായ് 15 ന് വില്‍പന ആരംഭിക്കും. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് നത്തിങ് ഇയര്‍ ഹെഡ്‌ഫോണും അധിക വാറണ്ടിയും സൗജന്യമായി ലഭിക്കും.