ആഗോളവിപണിയിലെ ആധിപത്യം നഷ്ടമായെങ്കിലും ചൈനീസ് വിപണിയിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശക്തമായ സ്ഥാനമുള്ള കമ്പനിയാണ് വാവേയ് (Huawei). ഫോൾഡബിൾ രംഗത്ത് സാംസങ്ങിനെ വെല്ലുവിളിക്കുന്ന കമ്പനി. ഇപ്പോഴിതാ ഒരു പുസ്തക മാതൃകയിൽ മടക്കാവുന്ന, വലിയ സ്ക്രീനുള്ള ഫോൾഡബിൾ സ്മാർട്ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ് വാവേയ്. പ്യൂറ എക്സ് മാക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ഫോൺ ഏപ്രിൽ 20-ന് ചൈനീസ് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാവേ പ്യൂറ 90, പ്യൂറ 90 പ്രോ മാക്സ് മോഡലുകളും ഒപ്പം പുറത്തിറക്കും.
അവതരണ പരിപാടിക്കു മുന്നോടിയായി ഫോണുകൾക്കുവേണ്ടിയുള്ള പ്രീ ബുക്കിങ് കമ്പനി ആരംഭിച്ചുകഴിഞ്ഞു. നിലവിലുള്ള ഫോൾഡബിൾ ഫോണുകളേക്കാളെല്ലാം വലിയ സ്ക്രീനായിരിക്കും ഇതിന്.
12GB+256GB, 12GB+512GB, 16GB+512GB കളക്ടേഴ്സ് എഡിഷൻ, 16GB+1TB കളക്ടേഴ്സ് എഡിഷൻ എന്നീ വേരിയന്റുകളിലാണ് വാവേയ് പ്യൂറ എക്സ് മാക്സ് എത്തുക. ഇന്റർസ്റ്റെല്ലർ ബ്ലൂ, ഒലീവ് ഗോൾഡ്, ഫാന്റം നൈറ്റ് ബ്ലാക്ക്, വൈബ്രന്റ് ഓറഞ്ച്, സീറോ ഡിഗ്രി വൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും.
ഫോണിന്റെ ഡിസൈനും കമ്പനി വെളിപ്പെടുത്തി. ഫോൺ മടക്കിയാലും തുറന്നാലും എങ്ങനെയുണ്ടാകുമെന്ന് വ്യക്തമായ ധാരണ നൽകുന്നതാണ് ഈ ചിത്രങ്ങൾ. ഫോൾഡബിളിന്റെ മടക്ക് നിവർത്തിയാൽ അതൊരു ടാബ്‌ലറ്റ് രൂപത്തിലേക്ക് മാറും. വീഡിയോ കാണാനും മൾട്ടിടാസ്കിങ് (multi-tasking) ജോലികൾ ചെയ്യാനും ഗെയിമിങ്ങിനുമെല്ലാം ഇത് ഉപയോഗപ്പെടുത്താം. രണ്ട് സ്ക്രീനുകളുണ്ട്; ഒന്ന് ഫോൾഡബിൾ സ്ക്രീൻ ഏകദേശം 7.69 ഇഞ്ച് വലിപ്പവും രണ്ടാമത്തേത് 5.5 ഇഞ്ച് വലിപ്പവുമുള്ളതാണ്.
ഒരു ഹൊറിസോണ്ടൽ മോഡ്യൂളിലാണ് റിയർ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് കൂടാതെ രണ്ട് സ്ക്രീനുകൾക്കൊപ്പവും പഞ്ച് ഹോൾ ക്യാമറകൾ നൽകിയിട്ടുണ്ട്. ഫോണിൽ കിരിൻ 9030 ചിപ്സെറ്റ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സാംസങ്ങിനും ആപ്പിളിനും ഒരു മുഴം മുൻപേ
ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനൊരുങ്ങുന്ന ആപ്പിളിനെ നേരിടാൻ, സാംസങ് വലിയ സ്ക്രീനുള്ള ഫോൾഡബിൾ ഫോൺ ജൂലൈയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ സാംസങ്ങിനും മുൻപേ വലിയ ഫോൾഡബിൾ സ്ക്രീനുമായി വിപണിയിലെത്തുകയാണ്. ഐഫോൺ കൂടി ഈ രംഗത്തെത്തുന്നതോടെ ചൈനീസ് സ്മാർട്ഫോൺ വിപണിയിൽ ശക്തമായ മത്സരത്തിന് വേദിയാകും.
Content Highlights: Huawei is set to dominate the foldable market with the launch of the Pura X Max on April 20, featuring a massive tablet-like screen and Kirin 9030 chipset to rival competitors like Samsung and Apple.
Published: 14 Apr 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented