സൂര്യന്റെ സ്ഥാനം ഗണിക്കാം, ആകാശത്ത് ഏതൊക്കെ സ്ഥാനത്ത് ഏതൊക്കെ നക്ഷത്രങ്ങളാണ് ഓരോ സമയത്തും കാണാന്‍ സാധിക്കുക എന്നത് വ്യക്തമാക്കും. ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിനെടുക്കുന്ന സമയം കൃത്യമായി പറയും. മാത്രമല്ല, സൗരദിനങ്ങള്‍ പോലും കൃത്യമായി ഗണിച്ചെടുക്കും. ഇതൊക്കെ ജ്യോതിശാസ്ത്ര ലബോറട്ടറിയിലെ പഠനങ്ങളാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരു വാച്ചിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇതൊരു സ്മാര്‍ട്ട് വാച്ചല്ല എന്നുകൂടി പറഞ്ഞാല്‍ വിശ്വസിക്കുമോ?
ലോകത്ത് ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായ മെക്കാനിക്കല്‍ വാച്ച് പുറത്തിറക്കിയത് സ്വിസ് കമ്പനിയായ വാഷറോണ് കാന്സ്റ്റന്റീന് ആണ്. ചൊവ്വാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വ്യാപാരമേളയിലാണ് 'സൊളാറിയ' എന്ന് പേരിട്ട വാച്ചിന്റെ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. 1521 വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ത്തൊരുക്കിയ അതിമനോഹരവും സങ്കീര്‍ണവുമായൊരു സാങ്കേതിക സൃഷ്ടിയാണ് ഈ വാച്ച്. ഇതിന്റെ വികസനത്തിന് വേണ്ടി കണ്ടെത്തിയ മാര്‍ഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടി 13 പേറ്റന്റുകളാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ ഏഴ് പേറ്റന്റുകളും ചൈമിങ് മെക്കാനിസവുമായി ബന്ധപ്പെട്ടതാണ് എന്നതാണ് പ്രത്യേകത.
ഭൂമധ്യരേഖയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യന്റെ സ്ഥാനം, ഉയരം, സഞ്ചാരപഥം, കോണ്‍ എന്നിവ ഗണിച്ചെടുക്കാന്‍ വാച്ച് സഹായിക്കും. ഇത് മാത്രമല്ല ഭൂമിയില്‍നിന്ന് കാണാനാകുന്ന 13 താരാഗണങ്ങളെ എപ്പോള്‍, എവിടെ കാണാമെന്ന് അറിയാനും വാച്ച് ഉപയോഗിക്കാം. ഇത്തരത്തിലൊരു വാച്ച് വികസിപ്പിക്കാന്‍ വാഷറോണ് കാന്സ്റ്റന്റീന് എട്ട് വര്‍ഷം പ്രയത്നിക്കേണ്ടി വന്നു. 18 കാരറ്റ് വൈറ്റ് ഗോള്‍ഡ് കൊണ്ടാണ് വാച്ചിന്റെ കെയ്സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രനീലം ഉള്‍പ്പെടെ 200-ഓളം രത്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1.8 ഇഞ്ച് വലിപ്പമുള്ള കെയ്സിനകത്താണ് ഇത്രയും സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. സാധാരണ വാച്ചുകളില്‍ ലഭിക്കുന്ന സമയം, കലണ്ടര്‍, സ്റ്റോപ്പ് വാച്ച്, ചൈമിങ് സംവിധാനങ്ങള്‍ക്ക് പുറമെ ജ്യോതിശാസ്ത്രപരമായ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന വാച്ചിന്റെ വില പക്ഷെ പുറത്തുവിട്ടിട്ടില്ല.
Content Highlights: Discover Vacheron Constantin`s most complex mechanical watch
Published: 02 Apr 2025, 02:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented