
പോക്കറ്റിലൊതുങ്ങുന്ന പുതിയ കോംപാക്ട് ഗെയിം കൺട്രോളറായ എക്സ്ബോക്സ് നാനോ (Xbox Nano) അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. എക്സ്ബോക്സ് കൺസോളുകൾ, പിസികൾ, മൊബൈൽ ഉപകരണങ്ങൾ, തിരഞ്ഞെടുത്ത സ്മാർട്ട് ടിവികൾ എന്നിവയുമായി കണക്ട് ചെയ്യാവുന്ന രീതിയിലാണ് പുതിയ കൺട്രോളർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവംബർ 4-ന് വിപണിയിലെത്തുന്ന കൺട്രോളറിന്റെ പ്രീ-ഓർഡർ തിരഞ്ഞെടുത്ത വിപണികളിൽ ആരംഭിച്ചിട്ടുണ്ട്.
കുട്ടികൾക്കുൾപ്പെടെ കയ്യിൽ ഒതുങ്ങും വിധമാണ് എക്സ്ബോക്സ് നാനോയെ കമ്പനി അവതരിപ്പിക്കുന്നത്. ഏകദേശം അഞ്ച് ഇഞ്ച് നീളവും 100 ഗ്രാമിൽ താഴെ ഭാരവുമുള്ള കൺട്രോളറിന് മിക്ക സ്മാർട്ട്ഫോണുകളേക്കാളും വലുപ്പവും ഭാരവും കുറവാണ്.
സാധാരണ എക്സ്ബോക്സ് വയർലെസ് കൺട്രോളറിലേതിന് സമാനമായ 18 സ്റ്റാൻഡേർഡ് ഗെയിമിങ് ഇൻപുട്ടുകളാണ് നാനോയിലുള്ളത്. എന്നാൽ, ഇരുവശങ്ങളിലും പുറത്തേക്ക് തള്ളിനിൽക്കുന്ന ഗ്രിപ്പുകളില്ലാത്ത ബാർ ആകൃതിയിലുള്ള രൂപകൽപ്പനയാണ് ഇതിന്റെ പ്രത്യേകത. റീചാർജ് ചെയ്യാവുന്ന ബാറ്ററിയും പ്രോഗ്രാം ചെയ്യാവുന്ന ആക്ഷൻ ബട്ടണും കൺട്രോളറിലുണ്ട്. സ്ക്രീൻഷോട്ടുകൾ എടുക്കാനും ഗെയിംപ്ലേ ദൃശ്യങ്ങൾ പകർത്താനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഈ ബട്ടൺ ക്രമീകരിക്കാം.
എക്സ്ബോക്സ് സീരീസ് എസ്/എക്സ്, എക്സ്ബോക്സ് വൺ കൺസോളുകളുമായി കമ്പനിയുടെ പ്രത്യേക വയർലെസ് പ്രോട്ടോക്കോൾ വഴിയാണ് കൺട്രോളർ ബന്ധിപ്പിക്കാനാവുക. വിൻഡോസ് 10, വിൻഡോസ് 11 പിസികൾ, ടാബ്ലെറ്റുകൾ, ഐഒഎസ്, ആൻഡ്രോയിഡ് ഉപകരണങ്ങൾ, അനുയോജ്യമായ സ്മാർട്ട് ടിവികൾ എന്നിവയുമായി ബ്ലൂടൂത്ത് വഴിയും കണക്ട് ചെയ്യാം. ചാർജിങ്ങിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടുണ്ടെങ്കിലും ചാർജിങ് കേബിൾ ബോക്സിൽ ഉൾപ്പെടുത്തിയിട്ടില്ല.
എക്സ്ബോക്സ് നാനോ കൺട്രോളറിന്റെ വിലയും ലഭ്യതയും
അമേരിക്കയിൽ 49.99 ഡോളറാണ് എക്സ്ബോക്സ് നാനോയുടെ വില. ഏകദേശം 4,750 രൂപയാണിത്. സാധാരണ എക്സ്ബോക്സ് വയർലെസ് കൺട്രോളറിന് 64.99 ഡോളറാണ് വില.
നവംബർ നാല് മുതൽ അമേരിക്ക, യുകെ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, ചൈന തുടങ്ങിയ തിരഞ്ഞെടുത്ത വിപണികളിൽ വിൽപ്പന ആരംഭിക്കും. തുടർന്ന് കൂടുതൽ വിപണികളിലേക്കും എത്തിക്കും. ഔദ്യോഗിക എക്സ്ബോക്സ് സ്റ്റോർ വഴി കൺട്രോളർ മുൻകൂട്ടി ബുക്ക് ചെയ്യാം.
Content Highlights: Microsoft’s new Xbox Nano controller features a pocket-sized design, 18 standard gameplay inputs, Bluetooth connectivity, and a rechargeable battery. The controller launches on November 4, with US pricing starting at $49.99.
Published: 18 Oct 2026, 12:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented