
സ്മാർട്ട്ഫോണുകളിൽ സംഗീതം ആസ്വദിക്കുന്ന ഇക്കാലത്തും, ഓഡിയോ പ്രേമികൾക്കായി പ്രീമിയം ഡിജിറ്റൽ മ്യൂസിക് പ്ലെയറുകളുടെ പുതിയ മൂന്ന് വാക്ക്മാൻ (Walkman) മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ് സോണി. NW-WM1ZM3, NW-WM1AM3, NW-ZX900 എന്നിവയാണ് പുറത്തിറങ്ങിയ പുതിയ മോഡലുകൾ.
ഇതിൽ ഏറ്റവും ശ്രദ്ധേയം NW-WM1ZM3 എന്ന ഫ്ലാഗ്ഷിപ്പ് മോഡലാണ്. ഇതിന്റെ ബോഡി പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത് പ്യുവർ ഓക്സിജൻ ഫ്രീ കോപ്പർ (OFC) ഉപയോഗിച്ചാണ്. അതിന് മുകളിൽ സ്വർണം പൂശിയിരിക്കുന്നു. ബോഡിയിലെ സ്ക്രൂകളിൽ പോലും ഗോൾഡ് കോട്ടിംഗും നൽകിയിട്ടുണ്ട്. അനാവശ്യ ശബ്ദ തടസ്സങ്ങൾ (noise interference) ഒഴിവാക്കാനും, കൂടുതൽ ഡെപ്തുള്ള ബാസ്സ് ലഭിക്കാനും ഈ കോപ്പർ ബോഡിയും സ്വർണ്ണ പൂശലും സഹായിക്കുമെന്നാണ് സോണി അവകാശപ്പെടുന്നത്.
ശബ്ദാനുഭവത്തിന് പ്രാധാന്യം
മൊബൈൽ ഫോണുകളിലെ സാധാരണ ഡിജിറ്റൽ ശബ്ദത്തിന് അപ്പുറം തികച്ചും ആനലോഗ് (Analog) രീതിയിലുള്ള മികച്ച സംഗീതാനുഭവം നൽകാനാണ് സോണി ശ്രമിച്ചിരിക്കുന്നത്.
-
DSD റീമാസ്റ്ററിംഗ്: സാധാരണ മ്യൂസിക് ഫയലുകളെ വരെ ഉയർന്ന നിലവാരമുള്ള 11.2MHz DSD സ്ട്രീമിലേക്ക് ഉയർത്തുന്ന DSD Remastering Engine മൂന്ന് മോഡലുകളിലുമുണ്ട്.
-
വൈഫൈ വഴി നേരിട്ട് സ്ട്രീം ചെയ്യുന്ന പാട്ടുകൾക്കും ഈ ഉയർന്ന ശബ്ദമിഴിവ് ലഭ്യമാക്കിയിട്ടുണ്ട്.
-
ഡിജിറ്റൽ, ആനലോഗ് സർക്യൂട്ടുകൾ തമ്മിലുള്ള ഇടപെടൽ തടയാൻ മൈൽഡ് കോപ്പർ ബ്ലോക്ക് ഷീൽഡിംഗും, മുൻനിര മോഡലുകളിൽ അനാവശ്യ നോയ്സ് കുറയ്ക്കാൻ ഹൈ-എൻഡ് കിംബർ കേബിൾ (Kimber Kable) വയറിംഗും ഉപയോഗിച്ചിരിക്കുന്നു.
നീണ്ടുനിൽക്കുന്ന ബാറ്ററിയും ഡിസ്പ്ലേയും
സംഗീതാസ്വാദനം തടസ്സപ്പെടാതിരിക്കാൻ മികച്ച ബാറ്ററി ലൈഫാണ് ഇവയിലുള്ളത്.
-
NW-ZX900: MP3 കേൾക്കുമ്പോൾ 40 മണിക്കൂറും വൈഫൈ സ്ട്രീമിംഗിൽ 35 മണിക്കൂറും പ്ലേബാക്ക് നൽകും.
-
WM1 മോഡലുകൾ: MP3-യിൽ 35 മണിക്കൂറും സ്ട്രീമിംഗിൽ 31 മണിക്കൂറും ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.
WM1 മോഡലുകളിൽ 5.5 ഇഞ്ചും ZX900-ൽ 5 ഇഞ്ചുമുള്ള ടച്ച് സ്ക്രീൻ ഡിസ്പ്ലേകളുണ്ട്.
മോഡലുകളും വിലയും
- NW-WM1ZM3 (ഫ്ലാഗ്ഷിപ്പ് മോഡൽ): സ്വർണ്ണം പൂശിയ പ്യുവർ കോപ്പർ ബോഡിയും ഗോൾഡ് കോട്ടിംഗുള്ള സ്ക്രൂകളും അടങ്ങിയ ഈ മോഡലിന് $5,899 ആണ് വില.
- NW-WM1AM3: അലുമിനിയം ഫ്രെയിമും സ്വർണ്ണം പൂശിയ കോപ്പർ പിൻഭാഗവുമുള്ള ഈ മോഡലിന് $2,999.99 ആണ് വില.
- NW-ZX900: ശ്രേണിയിലെ എൻട്രി-ലെവൽ ഹൈ-എൻഡ് മോഡലായ ഇതിന് $1,899.99 ആണ് വില.
സ്മാർട്ട്ഫോൺ യുഗത്തിൽ എന്ത് പ്രസക്തി?
സ്മാർട്ട്ഫോണുകൾ സൗജന്യമായോ കുറഞ്ഞ ചിലവിലോ പാട്ടുകൾ നൽകുന്ന കാലത്ത് ലക്ഷങ്ങൾ മുടക്കി ഒരു പ്രത്യേക മ്യൂസിക് പ്ലെയർ വാങ്ങാൻ ആരെങ്കിലും തയ്യാറാകുമോ എന്ന സംശയം സ്വാഭാവികമാണ്. എന്നാൽ സോണി ലക്ഷ്യമിടുന്നത് സാധാരണ കേൾവിക്കാരെയല്ല; ഉയർന്ന നിലവാരമുള്ള ഹെഡ്ഫോണുകൾ ഉപയോഗിച്ച് സംഗീതത്തിന്റെ തനിമ ചോരാതെ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആഡംബരപ്രിയരായ സംഗീതപ്രേമികളെയാണ്.
Content Highlights: Sony has introduced three new premium digital music players—NW-WM1ZM3, NW-WM1AM3, and NW-ZX900—featuring a pure oxygen-free copper body with gold plating, high-end audio technology, and long battery life targeted at audiophiles.
Published: 16 Oct 2026, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented