റാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, തങ്ങളുടെ ആയുധശേഖരത്തിലുള്ള ദീർഘദൂര മിസൈലുകൾ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എജിഎം-158 എന്ന കോഡ് നാമത്തിലുള്ള ജോയിന്റ് എയർ ടു സർഫസ് സ്റ്റാൻഡോഫ് മിസൈലുകളാണ് (എജിഎം-158 ജെ.എ.എസ്.എസ്.എം) യുഎസ് ഇറാനെതിരെ ഉപയോഗിക്കാനൊരുങ്ങുന്നത്. യുഎസ് ആയുധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന ഈ മിസൈലുകൾ ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്ന് തൊടുക്കാവുന്നവയാണ്. തുടർച്ചയായി യുഎസ് യുദ്ധവിമാനങ്ങൾ ഇറാന്റെ ആക്രമണത്തിന് വിധേയമാകുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് ആക്രമിക്കാനാകുന്ന സ്റ്റാൻഡ് ഓഫ് ആയുധങ്ങൾ യുഎസ് കളത്തിലിറക്കുന്നത്.

To advertise here,

ഏകദേശം 930 കിലോമീറ്റർ (500 നോട്ടിക്കൽ മൈൽ) ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഏകദേശം 15 ലക്ഷം ഡോളറാണ് ഒരു മിസൈലിന്റെ നിർമ്മാണ ചെലവ്. അതായത് നിലവിലെ വിനിമയനിരക്ക് വെച്ച് നോക്കിയാൽ ഏകദേശം 14 കോടിയോളം രൂപ വിലവരും ഇത്തരം ഒരു മിസൈലിന്. 450 കിലോയോളം ഭാരമുള്ള പോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ അത്യാധുനിക ഇൻഫ്രാറെഡ് സീക്കർ, ആന്റി-ജാം ജിപിഎസ് (Anti-jam GPS) സംവിധാനം എന്നിവ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി തകർക്കുന്നു. ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് നീങ്ങാൻ ശേഷിയുള്ള ഈ മിസൈലുകൾ, പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ അതീവ സുരക്ഷയുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രാപ്തമാണ്. സ്‌റ്റെൽത്ത് സവിശേഷതയുള്ളതിനാൽ കൂടുതൽ ആക്രമണത്തിന് ഇവയെ ഉപയോഗിക്കാനാണ് യുഎസ് തീരുമാനം. കൂടുതൽ മിസൈലുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോക്ഹീഡ് മാർട്ടിൻ ഇവയുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

ബി-52എച്ച് (B-52H), ബി-1ബി (B-1B), ബി-2 (B-2) എന്നീ ബോംബർ വിമാനങ്ങൾക്ക് പുറമെ എഫ്-15ഇ (F-15E), എഫ്-16 (F-16), എന്നീ യുദ്ധവിമാനങ്ങൾക്കും ഈ മിസൈൽ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്. ഇറാന്റെ ആക്രമണത്തിൽ തകർന്നത് കൂടുതലും എഫ്-15 ഇ യുദ്ധവിമാനങ്ങളാണ്. അത്യാധുനിക എഫ്-35 (F-35) വിമാനങ്ങളുമായി ഈ മിസൈലിനെ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

അമേരിക്കൻ വ്യോമസേന തങ്ങളുടെ പക്കലുള്ള എജിഎം-158 ജെ.എ.എസ്.എസ് മിസൈലുകളുടെ ഏകദേശം 82 ശതമാനവും ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്പ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായി ഈ മിസൈലുകൾ യുഎസ് ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുഎസിന് പുറമെ ഓസ്‌ട്രേലിയ, ഫിൻലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങൾ ഈ മിസൈൽ സ്വന്തമാക്കിയിട്ടുണ്ട്. ജർമനി, ജപ്പാൻ, നെതർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങൾ ഈ മിസൈൽ ഉടനെ സ്വന്തമാക്കും.