അങ്കാറ: ആധുനിക യുദ്ധതന്ത്രങ്ങളിൽ ഇന്ന് ഒഴിച്ചുകൂടാനാകാത്തവയാണ് ആളില്ലാ യുദ്ധവിമാനങ്ങൾ. ഇന്ന് നിലവിൽ പ്രചാരത്തിലുള്ള ആളില്ലാ യുദ്ധവിമാനങ്ങളെല്ലാം വിദൂര നിയന്ത്രിത സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. എന്നുപറഞ്ഞാൽ ഒരു കമാൻഡ് സെന്ററിൽ നിന്നുള്ള പൈലറ്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ഇത്തരം ആളില്ലാ യുദ്ധവിമാനങ്ങൾ ( ഡ്രോണുകൾ) പ്രവർത്തിക്കുന്നത്. എന്നാൽ ഒരു പൈലറ്റിന്റെ നിയന്ത്രണങ്ങൾ വളരെ കുറച്ചുമാത്രം മതിയാകുന്ന സ്വയം തീരുമാനമെടുക്കാവുന്ന ആളില്ലാ യുദ്ധവിമാനങ്ങൾ വന്നാലോ?

To advertise here,

ഹോളിവുഡിലെ ഏറ്റവും മികച്ച സയൻസ് ഫിക്ഷൻ ആക്ഷൻ പരമ്പരകളിൽ ഒന്നായ ടെർമിനേറ്ററിൽ സ്‌കൈനെറ്റ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ഒരു ലോകത്തെ പറ്റി പരാമർശിക്കുന്നുണ്ട്. ഇതേപോലെയല്ലെങ്കിലും സ്വയം തീരുമാനമെടുക്കാനും വ്യോമയുദ്ധത്തിൽ ( ഡോഗ് ഫൈറ്റ്) സ്വയം തീരുമാനമെടുക്കാനും വിജയകരമായി അവ നടത്താനും സമീപമുള്ള ആളില്ലാ യുദ്ധവിമാനങ്ങളുമായി ചേർന്ന് അറ്റാക്ക് ഫോർമേഷനുകൾ നടത്താനും സാധിക്കുന്ന ഡ്രോൺ വികസിപ്പിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് തുർക്കി.

തുർക്കിയിലെ പ്രതിരോധ കമ്പനിയായ ബെയ്കർ (Baykar) വികസിപ്പിച്ച ആളില്ലാ യുദ്ധവിമാനമായ കിസിലെൽമ (Kizilelma)യാണ് അമ്പരപ്പിച്ചത്‌. രണ്ട് കിസിലെൽമ ജെറ്റുകൾ ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ സ്വയംനിയന്ത്രിത (Fully Autonomous) ഫോർമേഷൻ ഫ്‌ലൈറ്റ് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ, പൂർണ്ണമായും നിർമ്മിത ബുദ്ധി (Artificial Intelligence), ഓൺബോർഡ് സെൻസറുകൾ, തത്സമയ ഡാറ്റാ കൈമാറ്റം എന്നിവയെ മാത്രം ആശ്രയിച്ചാണ് ഈ വിമാനങ്ങൾ ആകാശത്ത് വിസ്മയം തീർത്തത്.

സബ്‌സോണിക് ( ശബ്ദത്തേക്കാൾ കുറഞ്ഞ വേഗതയിൽ ) വേഗതയിൽ വിമാനങ്ങൾ കൃത്യമായ അകലം പാലിച്ച് ഫ്‌ലൈറ്റ് ഫോർമേഷനുകൾ നടത്തുകയും തിരികെ ലാൻഡ് ചെയ്യുകയും ചെയ്തു എന്നത് തുർക്കിയുടെ പ്രതിരോധ സാങ്കേതിക വിദ്യയിലെ വലിയൊരു മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

നിരീക്ഷണത്തിനും ചെറിയ ആക്രമണങ്ങൾക്കും ഉപയോഗിക്കുന്ന സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ശത്രുക്കളുടെ വ്യോമമേഖലയിൽ പ്രവേശിക്കാനും വ്യോമയുദ്ധങ്ങളിൽ ഏർപ്പെടാനും ശേഷിയുള്ളവയാണ് കിസിലെൽമ എന്നാണ് ബെയ്കർ അവകാശപ്പെടുന്നത്. ഏകദേശം 6,000 കിലോഗ്രാം ഭാരമുള്ള ഈ വിമാനത്തിന് സ്റ്റെൽത്ത് ശേഷിയും ആയുധങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സംവിധാനവുമുണ്ട്. മാത്രമല്ല ചെറിയ റൺവേയുള്ള വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ഇവയ്ക്ക് സാധിക്കുമെന്നാണ് അവകാശവാദം.

അമേരിക്കയുടെ സ്‌കൈബോർഗ് (Skyborg), ചൈനയുടെ ലോയൽ വിങ്മാൻ (Loyal Wingman) തുടങ്ങിയ പദ്ധതികൾ പുരോഗമിക്കുന്നുണ്ടെങ്കിലും, രണ്ട് സ്വയംനിയന്ത്രിത യുദ്ധവിമാനങ്ങൾ ഇത്ര അടുത്ത് പറക്കുന്നത് പരസ്യമായി പ്രദർശിപ്പിക്കുന്ന ആദ്യ രാജ്യമാണ് തുർക്കി.

ഒരു സിംഗിൾ ടർബോഫാൻ എഞ്ചിൻ ഉപയോഗിക്കുന്ന ഈ വിമാനത്തിന് 1500 കിലോഗ്രാമോളം ആയുധങ്ങൾ വഹിക്കാനാകും. 500 നോട്ടിക്കൽ മൈൽ കോംബാറ്റ് റേഡിയസുള്ള ഈ വിമാനത്തിന് ദൃശ്യപരിധിക്ക് അപ്പുറമുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനുപയോഗിക്കുന്ന മിസൈലുകൾ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്. തുർക്കി വികസിപ്പിച്ച ഗോകദോഗൻ എന്ന ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകളാകും ഇവയിലുപയോഗിക്കുക. 200 കിലോമീറ്റർ അകലെവരെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഗോകദോഗൻ മിസൈലുകൾക്ക് സാധിക്കും.

നിലവിൽ ഈ ഡ്രോണുകൾ അതിന്റെ വിപുലമായ പരീക്ഷണ പറക്കലുകളുടെ ഘട്ടത്തിലാണ്. ഇതോടൊപ്പം, ദൃശ്യപരിധിക്ക് അപ്പുറമുള്ള (Beyond-visual-range) പോരാട്ടങ്ങളെങ്ങനെ നടത്തുമെന്നതും മനുഷ്യ പൈലറ്റുകളുടെ നിയന്ത്രണത്തിലുള്ള വിമാനങ്ങളും കിസിലെൽമ ഡ്രോണുകളും ചേർന്നുള്ള സംയുക്ത പറക്കലുകളും ഉൾപ്പെടെ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും പദ്ധതിയുണ്ട്. 2026-ഓടെ കിസിലെൽമയുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും അടുത്ത 12 മുതൽ 18 മാസങ്ങൾക്കുള്ളിൽ ഇത് തുർക്കി നാവികസേനയുടെയും വ്യോമസേനയുടെയും ഭാഗമാകുമെന്നുമാണ് റിപ്പോർട്ടുകൾ.