പ്രഹരശേഷിയുടെ കാര്യത്തിൽ മുമ്പിലാണെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സർമാത്തിന്റെ യഥാർത്ഥ പ്രഹരപരിധി സംബന്ധിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.

അണുവായുധം കേന്ദ്രീകരിച്ച്, സൈനികശേഷി നവീകരിക്കുന്നതിന്റെ ഭാഗമായി റഷ്യ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. യുക്രൈൻ യുദ്ധം അവസാനിക്കാറായി എന്ന പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പുതിയ മിസൈൽ പരീക്ഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. 'സർമാത്' (Sarmat) എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈൽ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റതാണെന്ന് പുതിൻ വ്യക്തമാക്കി. അമേരിക്ക വരെ ആണവായുധങ്ങൾ എത്തിക്കാൻ ശേഷിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ മിസൈലാണിതെന്നാണ് അവകാശവാദം. പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള സമാനമായ ഏതൊരു മിസൈലിനേക്കാളും നാലിരട്ടിയിലധികം പ്രഹരശേഷി ഇതിനുണ്ടെന്നാണ് പുതിൻ പറയുന്നത്. മിസൈലുകൾ ഈ വർഷം അവസാനത്തോടെ സൈന്യത്തിന്റെ ഭാഗമാകുമെന്ന് പുതിൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച കാലപ്പഴക്കം ചെന്ന 'വോയേവോഡ' (Voyevoda) മിസൈലുകൾക്ക് പകരമായാണ് റഷ്യ പുതിയ മിസൈൽ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2018-ൽ പദ്ധതി ആരംഭിച്ചത് മുതൽ ഒട്ടേറെ പ്രതിസന്ധികളാണ് സർമാത് മിസൈൽ നേരിട്ടത്. 2023 ഫെബ്രുവരിയിലെ പരാജയപ്പെട്ട വിക്ഷേപണവും 2024-ൽ വിക്ഷേപണ തറയിലുണ്ടായ മാരകമായ സ്ഫോടനവും ഉൾപ്പെടെയുള്ള തിരിച്ചടികൾക്ക് ശേഷമാണ് ഇപ്പോൾ മിസൈൽ സൈന്യത്തിൽ ഉൾപ്പെടുത്താൻ സജ്ജമായിരിക്കുന്നത്. എന്താണ് സർമാത് മിസൈലുകളുടെ സവിശേഷത? എങ്ങനെയാണ് ഇത് റഷ്യ- അമേരിക്ക ബലാബലത്തെ സ്വാധീനിക്കുന്നത്?
എന്താണ് സർമാത്?
പാശ്ചാത്യ രാജ്യങ്ങൾ 'സാത്താൻ II' (Satan II) എന്ന് വിളിക്കുന്ന ആർ.എസ്-28 സർമത്, കരയിൽനിന്ന് വിക്ഷേപിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്. ആണവായുധങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ തക്ക രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പത്ത് ടണ്ണോളം ഭാരമുള്ള ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള സർമാത്, ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ആയുധങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ ത്രീ-സ്റ്റേജ് പ്രൊപ്പൽഷൻ സിസ്റ്റം മിസൈലിന് അതിവേഗവും കൃത്യതയും ഉറപ്പുനൽകുന്നു. ഇവയ്ക്ക് 35,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടെന്നും നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ ഏത് മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും ഭേദിക്കാൻ ഇതിന് കഴിയുമെന്നുമാണ് റഷ്യയുടെ അവകാശവാദം. എന്നാൽ, ഇതിന്റെ യഥാർത്ഥ പരമാവധി ദൂരപരിധി ഏകദേശം 18,000 കിലോമീറ്റർ മാത്രമാണെന്നാണ് പാശ്ചാത്യ നിരീക്ഷകരുടെ വിലയിരുത്തൽ.
റഷ്യയുടെ ആണവായുധ നവീകരണ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ് സർമാത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ. 2010-ലാണ് റഷ്യ ആർ.എസ്-28 സർമാത് അത്യാധുനിക മിസൈൽ പദ്ധതിയുടെ തുടക്കം കുറിക്കുന്നത്. നിലവിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ, കാലപ്പഴക്കം ചെന്ന സോവിയറ്റ് നിർമ്മിത വോയേവോഡ മിസൈലുകൾക്ക് പകരമായി അതീവ പ്രഹരശേഷിയുള്ള പുതിയൊരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാൻ റഷ്യൻ ഫെഡറേഷൻ ഉത്തരവിട്ടു. 2011-ന്റെ തുടക്കത്തിൽ മക്കെയേവ് ഡിസൈൻ ബ്യൂറോ (Makeyev Design Bureau), എൻ.പി.ഒ മാഷ് (NPOMash) എന്നീ സ്ഥാപനങ്ങൾക്ക് നിർമ്മാണ കരാർ നൽകി. അതേവർഷം ജൂലൈയിൽ മിസൈലിന്റെ ഗവേഷണ വികസന പ്രവർത്തനങ്ങൾ റഷ്യ പൂർത്തിയാക്കി. 2015 അവസാനത്തോടെ മിസൈലിന്റെ ആദ്യ മാതൃക (Prototype) സജ്ജമായി.
2016 ഓഗസ്റ്റ് 10-ന് ഈ മിസൈലിന്റെ പ്രധാന എൻജിൻ വിജയകരമായി പരീക്ഷിച്ചു. അതേ വർഷം മിസൈലിന്റെ ആദ്യ ചിത്രം റഷ്യ ഔദ്യോഗികമായി പുറത്തുവിട്ടു. 2017 ഡിസംബറിൽ നടത്തിയ പരീക്ഷണത്തിൽ വിക്ഷേപണ സംവിധാനത്തിലെ ചില സാങ്കേതിക പിഴവുകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ, 2018 മാർച്ചിലും മെയ് മാസത്തിലും നടത്തിയ തുടർപരീക്ഷണങ്ങൾ വിജയകരമായിരുന്നു. 2018-നും 2020-നും ഇടയിൽ ഇത് പൂർണമായി പ്രവർത്തനസജ്ജമാകുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. പക്ഷേ, സാങ്കേതിക കാരണങ്ങളാലുണ്ടായ കാലതാമസം മൂലം മിസൈൽ പൂർണസജ്ജമാകുന്നത് വൈകി. 2024 സെപ്റ്റംബറിൽ നടത്തിയ ഒരു പരീക്ഷണം വലിയ സ്ഫോടനത്തിൽ കലാശിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ പഴയ വോയേവോഡ മിസൈലുകളെ പൂർണമായും ഒഴിവാക്കി അവയ്ക്ക് പകരമായി ആർ.എസ്-28 സർമാത്തിനെ വിന്യസിക്കാനാണ് റഷ്യൻ സൈന്യം ലക്ഷ്യമിടുന്നത്.
വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, സർമാത്തിന് 10 ടൺ വരെ ഭാരമുള്ള യുദ്ധായുധങ്ങൾ വഹിക്കാൻ ശേഷിയുണ്ട്. ഹെവി ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇതിന് ശബ്ദത്തേക്കാൾ 12 മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 35.3 മീറ്റർ നീളവും 3 മീറ്റർ വ്യാസവുമുള്ള ഈ മിസൈലിന്റെ ആകെ ഭാരം 208.1 ടണ്ണാണ്. റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, 10 വലിയ വാർഹെഡുകളോ അല്ലെങ്കിൽ 16 ചെറിയ വാർഹെഡുകളോ ഒരേസമയം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. സാധാരണ നിലയിൽ 18,000 കിലോമീറ്ററാണ് ദൂരപരിധി. പക്ഷേ, സബ് ഓർബിറ്റൽ, ഫ്രാക്ഷണൽ ഓർബിറ്റൽ ബോംബാർഡ്‌മെന്റ് സിസ്റ്റം (FOBS) പാതകൾ വഴി 35,000 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധി കൈവരിക്കാൻ മിസൈലിന് സാധിക്കുമെന്ന് റഷ്യ അവകാശപ്പെടുന്നു.
പ്രഹരപരിധിയെച്ചൊല്ലി തർക്കം
പ്രഹരശേഷിയുടെ കാര്യത്തിൽ മുമ്പിലാണെന്ന് റഷ്യ അവകാശപ്പെടുമ്പോഴും സർമാത്തിന്റെ യഥാർത്ഥ പ്രഹരപരിധി സംബന്ധിച്ച് വിഭിന്നമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. മിസൈലിന് 35,000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ടെന്ന് പുതിൻ അവകാശപ്പെടുന്നു. ഇത് ലോകത്തിലെ ഏറ്റവും കരുത്തുറ്റ മിസൈലാണെന്നാണ് റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളോട് പുതിൻ പറഞ്ഞത്. ഉപഭ്രമണപഥത്തിലൂടെ (suborbital) സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈലിന് പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള സമാന ആയുധങ്ങളേക്കാൾ നാലിരട്ടിയിലധികം കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പാശ്ചാത്യ പ്രതിരോധ വിദഗ്ധർ ഇത് അംഗീകരിക്കുന്നില്ല. മിസൈലിന്റെ പ്രഹരപരിധി 18,000 കിലോമീറ്ററിന് അടുത്തായിരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
മിസൈലിന് സബ് ഓർബിറ്റൽ സഞ്ചാരത്തിന് ശേഷിയുണ്ടെന്നാണ് റഷ്യയുടെ മറ്റൊരു പ്രധാന അവകാശവാദം. പുതിൻ അവകാശപ്പെടുന്ന പ്രഹരപരിധി പ്രകാരം, ഈ മിസൈലിന് ഭൂമിയെ ഏകദേശം ഒരു വട്ടം ചുറ്റാൻ സാധിക്കും. അതായത് കണക്കുകൾ പ്രകാരം, ലോകത്തെ ഏത് ലക്ഷ്യസ്ഥാനത്തെയും തകർക്കാൻ ഈ മിസൈലിന് ശേഷിയുണ്ടെന്നാണ് ഇത് അർത്ഥമാക്കുന്നത്. എന്നാൽ, പാശ്ചാത്യ സുരക്ഷാ നിരീക്ഷകർ ഈ അവകാശവാദങ്ങളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. പുതിന്റെ അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന് അവർ വിലയിരുത്തുന്നു. 2024 ഏപ്രിലിൽ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) പുറത്തുവിട്ട റിപ്പോർട്ടിലും പാശ്ചാത്യ വിദഗ്ധരുടെ ഈ കണക്കുകളെയാണ് ശരിവെക്കുന്നത്.
എന്നാൽ, റഷ്യയും പാശ്ചാത്യ രാജ്യങ്ങളും നൽകുന്ന പ്രഹരപരിധികളിൽ വലിയ വ്യത്യാസമുണ്ടെങ്കിലും ഇവ രണ്ടും അമേരിക്കയിലെ ഏതൊരു നഗരത്തെയും ലക്ഷ്യംവെക്കാൻ പര്യാപ്തമാണ് എന്നതാണ് വസ്തുത. നിലവിൽ മോസ്കോയിൽ നിന്ന് ന്യൂയോർക്കിലേക്ക് 7,500 കിലോമീറ്ററും അരിസോണയിലെ ഫീനിക്സിലേക്ക് 9,700 കിലോമീറ്ററുമാണ് ദൂരം. അതിനാൽ തന്നെ ഏത് കണക്കെടുത്താലും റഷ്യൻ മണ്ണിൽനിന്ന് തൊടുക്കുന്ന ഈ മിസൈലിന് അമേരിക്കയിലെ ഏത് മുക്കിലും മൂലയിലും ഭീഷണി ഉയർത്താൻ സാധിക്കും. മാത്രമല്ല, നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ എല്ലാ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും ഭേദിക്കാൻ ഇതിന് കഴിയുമെന്നും പുതിൻ അവകാശപ്പെടുന്നു.
എന്തുകൊണ്ട് സർമാത് പ്രാധാന്യമർഹിക്കുന്നു ?
ആണവായുധ ശേഖരം നവീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ നാറ്റോ (NATO) അംഗരാജ്യങ്ങൾക്കിടയിൽ ചർച്ചകൾ സജീവമായ കാലഘട്ടത്തിലാണ് പുതിയൊരു ബാലിസ്റ്റിക് മിസൈൽ റഷ്യ വികസിപ്പിക്കുന്നത്. ഇതാവട്ടെ തന്ത്രപരവും പ്രതീകാത്മകവുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ മിസൈൽ പ്രതിരോധ കവചത്തിനുള്ള മറുപടിയായാണ് പുതിൻ ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്. ശീതയുദ്ധകാലത്തെ യുഎസ്-സോവിയറ്റ് മിസൈൽ പ്രതിരോധ കരാറിൽനിന്ന് 2001-ൽ പിന്മാറിയതിന് പിന്നാലെയാണ് അമേരിക്ക പുതിയ മിസൈൽ ഷീൽഡ് വികസിപ്പിച്ചത്. വികസനഘട്ടത്തിലുള്ള 'ഗോൾഡൻ ഡോം' (Golden Dome) മിസൈൽ പ്രതിരോധ പദ്ധതിയിൽ അമേരിക്ക വലിയ തോതിൽ പണം ചെലവാക്കുന്നുണ്ട്.
ഇത്തരമൊരു ശക്തമായ പ്രതിരോധ കവചം നിലവിൽ വരുന്നത് റഷ്യൻ സൈനിക നേതൃത്വത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. കരുത്തുറ്റ പ്രതിരോധ സംവിധാനമുള്ളപ്പോൾ, അമേരിക്ക റഷ്യയ്ക്കെതിരെ ആദ്യം ആക്രമണം നടത്താൻ തുനിഞ്ഞേക്കാമെന്ന് അവർ ഭയപ്പെടുന്നു. അത്തരമൊരു ആക്രമണത്തിലൂടെ റഷ്യയുടെ ആണവായുധ ശേഖരം നശിപ്പിക്കാനും റഷ്യയുടെ തിരിച്ചടികളെ പ്രതിരോധ കവചം ഉപയോഗിച്ച് തകർക്കാനും അമേരിക്കയ്ക്ക് സാധിച്ചേക്കും. ഈ സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക ശേഷിക്ക് തുല്യമായോ അല്ലെങ്കിൽ അതിനേക്കാൾ മുന്നിലോ നിൽക്കുന്ന ഒരു ആണവ വൻശക്തിയാണ് തങ്ങളെന്ന് ആർ.എസ്-28ലൂടെ റഷ്യ ഒരിക്കൽ കൂടി അടിവരയിടുന്നു.
സാങ്കേതിക വശങ്ങൾ പലതും രഹസ്യമായി സൂക്ഷിക്കപ്പെട്ടിരിക്കുകയാണെങ്കിലും ദ്രവഇന്ധനം (Liquid propellant) ഉപയോഗിക്കുന്ന ഈ മിസൈലിൽ 10 മുതൽ 16 വരെ എം.ഐ.ആർ.വി-കൾ (ഒരേസമയം വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുക്കാവുന്ന വാർഹെഡുകൾ) ഇതിൽ ഘടിപ്പിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. മാത്രമല്ല, ഈ മിസൈലുകളിൽ ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ കൂടി ഘടിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഇതോടെ നിലവിലുള്ള ഏതൊരു മിസൈൽ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കാൻ ഇതിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, മിസൈൽ പൂർണമായി പ്രവർത്തനസജ്ജമാകുന്നതോടെ റഷ്യ അവകാശപ്പെടുന്ന അത്രയും കരുത്ത് ഇതിനുണ്ടോ എന്നാണ് അമേരിക്കയും പാശ്ചാത്യലോകവും ഉറ്റുനോക്കുന്നത്.
Content Highlights: Russia has successfully tested its next-generation, nuclear-capable RS-28 Sarmat intercontinental ballistic missile, liquid-fueled and capable of carrying up to 16 warheads, signaling a massive upgrade to its strategic deterrent amid ongoing tensions with the West.
Published: 15 May 2026, 04:00 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented